എഐടിയുസി ദേശീയ സമ്മേളനം ആലപ്പുഴയില്‍

Web Desk
Posted on July 10, 2019, 5:12 pm

ആലപ്പുഴ: എഐടിയുസി 42-ാം ദേശീയസമ്മേളനം 2020 ഏപ്രില്‍ 2,3,4,5 തീയതികളില്‍ ആലപ്പുഴയില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1920 ഒക്ടോബര്‍ 31 ന് രൂപം കൊണ്ട രാജ്യത്തെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനമായ എഐടിയുസിയുടെ നൂറാം വാര്‍ഷികം ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. ദേശിയ സമ്മേളനത്തിന്റെ ഭാഗമായി ഡല്‍ഹി, ജാര്‍ഖണ്ഡ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ദേശിയ സെമിനാറുകളും സംഘടിപ്പിക്കും.

ദേശിയ സമ്മേളനത്തിന്റെ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപീകരണയോഗം ആഗസ്റ്റ് 13ന് ആലപ്പുഴ ടി വി തോമസ് സ്മാരക ടൗണ്‍ഹാളില്‍ നടക്കും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ ബഡ്ജറ്റിനെതിരെ 15, 16, 17 തിയതികളില്‍ എ ഐടി യുസി യുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഈ മാസം ഡല്‍ഹിയില്‍ ചേരുന്ന 10 കേന്ദ്രട്രേഡ് യൂണിയന്‍ സംഘടനകളുടെ യോഗം യോജിച്ച സമരത്തിന് തീരുമാനമെടുക്കും. രാജ്യത്തെ സമ്പൂര്‍ണ്ണമായി സ്വകാര്യ വല്‍ക്കരിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. റെയില്‍വേ, പ്രതിരോധം, ബി എസ്എന്‍ല്‍ തുടങ്ങിയ മേഖലകളിലെല്ലാം ഓഹരി വില്‍പ്പനയും അടച്ചു പൂട്ടലുമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി കേരളത്തില്‍ സമ്പൂര്‍ണ്ണമായി എല്ലാ മേഖലകളിലും നടപ്പിലാക്കുക, 20,000 രൂപയായി മിനിമം വേജസ് ഉയര്‍ത്തുക, കരാര്‍, കാഷ്വല്‍, താല്‍ക്കാലികതൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഇ എസ് ഐ, പി എഫ്, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍, പ്രസവാവധി, വേതനം തുടങ്ങി എല്ലാ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും എല്ലാ തൊഴിലാളികള്‍ക്കും നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ക്യാമ്പയിനും പ്രക്ഷോഭങ്ങളും എഐടിയുസി നടത്തും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന എ ഐടിയുസി യുടെ ശതാബ്ദി ആഘോഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. 12,13 തിയതികളില്‍ പത്തനംതിട്ടയില്‍വെച്ച് നടക്കുന്ന എ ഐടിയുസി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയോഗം തുടര്‍ന്നുള്ള പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, സംസ്ഥാനസെക്രട്ടറി ആര്‍ പ്രസാദ്, ജില്ലാ സെക്രട്ടറി അഡ്വ വി മോഹന്‍ദാസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി പി മധു എന്നിവര്‍ പങ്കെടുത്തു.