March 21, 2023 Tuesday

Related news

March 15, 2023
March 14, 2023
March 9, 2023
March 2, 2023
March 1, 2023
February 16, 2023
February 12, 2023
February 7, 2023
February 6, 2023
January 14, 2023

മോഡി ഭരണത്തില്‍ തൊഴില്‍ നിയമങ്ങളും തൊഴില്‍ സുരക്ഷിതത്വവും നഷ്ടപ്പെടുന്നു: രാമകൃഷ്ണ പണ്ട

Janayugom Webdesk
കാസര്‍കോട്
March 1, 2020 8:05 pm

നരേന്ദ്ര മോഡി ഭരണത്തില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി രാജ്യത്തെ തൊഴിലാളികള്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴില്‍ നിയമങ്ങളും അവകാശങ്ങളുമെല്ലാം ഇല്ലാതാക്കുകയാണെന്ന് എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പണ്ട പറഞ്ഞു. എഐടിയുസി ശതാബ്ദി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് നടത്തിയ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രധാനമന്ത്രി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. സാധാരണക്കാരന് വേണ്ടിയല്ല. 1920 ല്‍ രൂപം കൊണ്ട എഐടിയുസി രാജ്യത്തെ തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ട് തൊഴിലാളികള്‍ക്ക് അനുകൂലമായി നേടിയെടുത്ത  തൊഴില്‍ നിയമങ്ങളെല്ലാം സര്‍ക്കാരിന്റെ യഥാര്‍ത്ഥ യജമാനന്മാരായ ആര്‍ എസ് എസും കോര്‍പ്പറേറ്റുകളും ആവശ്യപ്പെടുന്ന രീതിയില്‍ മാറ്റിയെഴുത്തപ്പെടുകയാണ്. 1926 ല്‍ നിലവില്‍ വന്ന ട്രേഡ് യൂണിയന്‍ ആക്ടിനെ പോലും മോഡി സര്‍ക്കാര്‍ നോക്കുകുത്തിയാക്കുകയാണ്.

ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കി അധികരത്തിലെത്തിയ മോഡി ഭരണത്തില്‍ ഇന്ന് രാജ്യത്തിന്റെ അവസ്ഥയെന്താണെന്ന് അദ്ദേഹം ചോദിച്ചു. തൊഴിലാളികളും കൃഷിക്കാരനും സാധാരണക്കാരനും ഉള്‍പ്പെടെ എല്ലാവരും അപകടത്തിലാണ്.  2014 ല്‍ അധികാരത്തില്‍ വരാന്‍ തൊഴിലും പാര്‍പ്പിടവും കര്‍ഷക സംരക്ഷണവും സാമ്പത്തിക ഭദ്രതയും പറഞ്ഞ് വോട്ട് തേടിയെങ്കിലും 2019 ലെ തിരഞ്ഞെടുപ്പില്‍ ഇതൊന്നും പറയാതെ പുല്‍വാമയും പാകിസ്ഥാനും പറഞ്ഞ് വോട്ട് പിടിച്ചു. രാജ്യത്ത് ദിവസംതോറും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് സ്വാതന്ത്ര്യത്തിന്  ശേഷം തൊഴിലില്ലായ്മ ഏറ്റവും കൂടിയ അവസ്ഥയിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. നോട്ട് നിരോധനവും ജി എസ്ടിയും രാജ്യത്തെ സാമ്പത്തികമായി പിന്നോട്ട് അടിപ്പിച്ചു. എല്ലാരംഗത്തും തൊഴിലാല്ലായ്മ രൂക്ഷമായി. വ്യവസായ മേഖലയില്‍ മാത്രമല്ല, ഐടി, നിര്‍മ്മാണ മേഖലകളിലും അവസ്ഥ ഇതുതന്നെയാണ്. കാര്‍ഷിക മേഖല തകര്‍ന്നു. കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില നല്‍കുന്നില്ല. കര്‍ഷക ആത്മഹത്യകളും പെരുകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തു. ഒന്നിനും സബ്‌സിഡി കൊടുക്കേണ്ട എന്നതാണ് സര്‍ക്കാര്‍ നിലപാട്.

ഗ്രാമീണ വികസനത്തിനും വിദ്യാഭ്യാസത്തിനും കുടിവെള്ള വിതരണത്തിനും ഭവന നിര്‍മ്മാണത്തിനും ഫണ്ട് നല്‍കേണ്ടെന്ന നിലപാടാണ്. തൊഴിലുറപ്പ് പദ്ധതി വരെ വെട്ടിചുരുക്കുന്നു. രാജ്യത്തെ സമ്പത്ത് ഇപ്പോള്‍ ചിലവഴിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ഈ പണം അടിസ്ഥാന വികസനത്തിനും  സാധാരണക്കാരുടെ പുരോഗതിക്കും ഉപയോഗിക്കണമെന്നാണ് എഐടിസിയുടെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.  രാജ്യത്തെ ഭരണ പരാജയം മറയ്ക്കാനും തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ തൊഴിലാളികളുടെ ഐക്യ നിര വളര്‍ന്നു വരുന്നത് തകര്‍ക്കാനുമായി വര്‍ഗീയ കാര്‍ഡിറക്കിയും കലാപങ്ങളുണ്ടാക്കി കളിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പോരാട്ടങ്ങള്‍ തൊഴിലാളി സമൂഹം മുന്നിട്ടിറങ്ങണമെന്നും രാമകൃഷ്ണ പണ്ട പറഞ്ഞു.  എഐടിയുസി സംസ്ഥാന പ്രസിഡണ്ട് ജെ ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി പി മുരളി, ബി വി രാജന്‍,  കെ എസ് കുര്യാക്കോസ്, സി ജാനു, എ അമ്പൂഞ്ഞി,  വി രാജന്‍,  പി വിജയകുമാര്‍, ബി സുകുമാരന്‍, എം എസ് വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.  ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.  ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ  പി എ നായര്‍, പി എന്‍ ആര്‍ അമ്മണ്ണായ, എം സജ്ഞീവഷെട്ടി, എം ചാത്തുക്കുട്ടി നായര്‍, ആര്‍ ജി കുറുപ്പ്, എസ് പി എ ഹമീദ്, എം സി ബാലകൃഷ്ണന്‍ എന്നിവരെ പൊന്നാട അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.

ENGLISH SUMMARY: AITUC nation­al secr­tary about Modi govt

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.