കയര്‍മേഖലയിലെ പ്രതിസന്ധി; എ ഐ ടി യു സി പ്രതിഷേധ കൂട്ടായ്മ നാളെ

Web Desk
Posted on November 13, 2018, 10:22 pm
ആലപ്പുഴ: കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കയര്‍തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) നാളെ രാവിലെ 10 മണിമുതല്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി പി വി സത്യനേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കയര്‍ വ്യവസായത്തെ സംരക്ഷിച്ച് തൊഴില്‍ ഇല്ലായ്മ പരിഹരിക്കുക, കയര്‍പിരി തൊഴിലാളികള്‍ക്ക് 600 രൂപ കൂലി തീരുമാനിക്കുക, ചെറുകിട കയര്‍ഫാക്ടറി മേഖലയെ സംരക്ഷിക്കുക, തൊണ്ടു സംഭരണം ശക്തിപ്പെടുത്തുക, തൊണ്ടു നിയന്ത്രണ നിയമം കൊണ്ടുവരിക, തൊണ്ടിന്റേയും ചകിരിയുടേയും ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുക, കയറിന്റേയും ഉല്‍പ്പന്നങ്ങളുടേയും ഗുണനിലവാരം ഉറപ്പ് വരുത്തുക, ഏകപക്ഷീയമായി നിഷേധിച്ച കയര്‍ തൊഴിലാളി ക്ഷേമ പെന്‍ഷന്‍ പുനസ്ഥാപിക്കുക, പെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിക്കുക, ജീവനക്കാര്‍ക്ക് പുതിയ ശമ്പള പരിഷ്‌ക്കരണം നടത്തുക, പ്രൈമറി, മാറ്റ്‌സ് ആന്റ് മാറ്റിംഗ്‌സ്, ചെറുകിട സഹകരണ സംഘങ്ങളെ സംരക്ഷിക്കുക, ചെറുകിട സംഘങ്ങള്‍ക്ക് എം ഡി എ നല്‍കുക, കയര്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കുക, എല്ലാ വിഭാഗം തൊഴിലാളികളേയും ഇ എസ് ഐ സ്‌കീമില്‍ ഉള്‍പ്പെടുത്തുക, കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ജനാധിപത്യപരമായി പ്രവര്‍ത്തിപ്പിക്കുക, കയര്‍ തൊഴിലാളികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്.
എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എ അബ്ബാസ് അധ്യക്ഷത വഹിക്കും.
സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു, സി ദിവാകരന്‍ എം എല്‍ എ, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍, ടി എം രാധാകൃഷ്ണന്‍നായര്‍, അഡ്വ. എസ് വേണുഗോപാലന്‍ നായര്‍, അഡ്വ. പി വസന്തം, ആര്‍ സജിലാല്‍, എം ഡി പവിത്രന്‍ എന്നിവര്‍ സംസാരിക്കും. മനോജ് ബി ഇടമന നന്ദി പറയും. വാര്‍ത്താസമ്മേളനത്തില്‍ എഐടിയുസി നേതാവ് അഡ്വ. എന്‍ പി കമലാധരനും പങ്കെടുത്തു.