Web Desk

July 07, 2021, 4:49 pm

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ സംസ്കാരം നടത്താൻ പോയ AIYF — CPI പ്രവർത്തകർക്ക്‌ പിഴയിട്ട്‌ പോലീസ്‌: പ്രതിഷേധം

Janayugom Online

കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ പോയ സന്നദ്ധപ്രവർത്തകർക്കെതിരെ കേസ്.സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ആർ ബിജുവിനെതിരിനാണ് ഉദയംപേരൂർ പോലീസ് കേസെടുത്തത്. ആർ ബിജു അടക്കം നാല് സന്നദ്ധപ്രവർത്തക്കാരായിരുന്നു മൃതദേഹവുമായി പോയ വാഹനത്തിൽ ഉണ്ടായിരുന്നത്.കോവിഡ് ബാധിച്ച മരിച്ചയാളുടെ സംസ്ക്കാരം നടത്താൻ പോകുകയാണെന്ന് പറഞ്ഞിട്ടും ഏറെ നേരം കഴിഞ്ഞിട്ടാണ് ഇവരെ വിട്ടയച്ചത്. തൃപ്പൂണിത്തറ കോടതിയിൽ നിന്നും അറിയിപ്പ് വന്നപ്പോഴാണ് കേസെടുത്ത വിവരം പുറത്തറിയുന്നത്.അതെ സമയം,കോവിഡ് പ്രോട്ടോകോളിൻ്റെ പേരുപറഞ്ഞ് ഏറെ നേരം വഴിയിൽ തടയുകയും സി പി ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ ബിജുവിനെതിരായി കേസെടുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എഐവൈ എഫ് കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

കോവിഡ് ബാധിച്ചുമരണമടഞ്ഞയാളെ സംസ്ക്കരിക്കുന്നതിനു പോയ എഐവൈഎഫ് ‑സി പി ഐ നേതാക്കളെ കോവിഡ് പ്രോട്ടോകോളിൻ്റെ പേരുപറഞ്ഞ് ഏറെ നേരം വഴിയിൽ തടയുകയും സി പി ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ ബിജുവിനെതിരായി കേസെടുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ലോക് ഡൗൺ സമയത്ത് ഉദയംപേരൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്തരത്തിൽ സംഭവം ഉണ്ടായത്. വൈക്കം മറവൻതുരുത്തിലെ വൃദ്ധ ദമ്പതികൾ കോവിഡ് ബാധിച്ചു മരണമടയുകയുണ്ടായി അവർ രണ്ടുപേരും കോവിഡ് ബാധിച്ചു മരിക്കുന്നത് മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു. ഒരു കുടുംബത്തിലെ രണ്ടു പേർ അടുത്തടുത്ത സമയങ്ങളിലായി മരണപെട്ടാൽ അതും ആരും ഭയത്തോടെ കാണുന്ന കോവിഡ് ബാധിച്ച മരണ മായാൽ ആ കുടുംബത്തിലുള്ളവരുടെയും പ്രദേശവാസികളുടെയും ഭയവും ആശങ്കയും ഉറ്റവരുടെ ദു:ഖവും എന്തായിരിക്കുമെന്ന് ഇപ്പോൾ ഏതൊരാൾക്കും ഊഹിക്കാവുന്നതാണല്ലോ. ഈ സാഹചര്യത്തിലാണ് എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റിയിലെ സഖാക്കൾ സധൈര്യം ആ മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നതിനായി മുന്നോട്ടു വന്നത്. അന്ന് തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിലാണ് സംസ്ക്കരിക്കാൻ ഇടം ലഭിച്ചത്.

മൃതദേഹം സംസ്ക്കരിക്കുന്നതിനായി സി പി ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റംഗം സ: ആർ ബിജുവും മണ്ഡലത്തിലെ എ ഐ വൈ എഫ് ഭാരവാഹികളുമായി തൃപ്പൂണിത്തുറ വൈദ്യുത ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കിടെ ഉദയംപേരൂർ എന്ന സ്ഥലത്തു വച്ച് സ്ഥലം സി ഐ വാഹനം കൈ കാണിച്ചു നിർത്തിച്ചു. സത്യവാങ്ങ്മൂലം കാണിക്കുകയും കോവിഡ് പോസിറ്റിവായി മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കാൻ പോകുകയാണെന്നും പറഞ്ഞെങ്കിലും സിഐ അത് കൂട്ടാക്കിയില്ല. നിങ്ങളുടെ പേരിൽ കേസെടുക്കുമെന്ന് പറയുകയും യാത്ര തടസ്സപ്പെടുത്തുകയുമാണ് പോലീസ് ചെയ്തത്.പിന്നീട് വൈക്കം തൃപ്പൂണിത്തറ എം എൽ എ മാർ ഇടപ്പെട്ടാണ് സംസ്ക്കാരത്തിനു പോകാൻ തൃപ്പൂണിത്തറ സിഐ അനുവദിച്ചത്. എന്നാൽ അതിനു ശേഷം കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും അറിയിപ്പ് വന്നപ്പോഴാണ് മനസിലാകുന്നത് ആർ ബിജുവിൻ്റെ പേരിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൻ്റെ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു എന്നത് .2000 രൂപ പിഴയായി ഇന്ന് കോടതിയിൽ അടക്കുകയും ചെയ്തു.

ഈ മഹാമാരിയുടെ കാലത്ത് മനുഷ്യർ ഒറ്റക്കെട്ടായി നിന്നു ചെറുത്തതിനാലാണ് വലിയ അപകടങ്ങൾ ഒഴിവാക്കി കോവിഡിൻ്റെ വ്യാപനത്തെ ഇത്രയെങ്കിലും തടയാനായത്. അതിന് വേണ്ടി അഭിനന്ദനാർഹമായ പ്രവർത്തനം നടത്തിയവരാണ് കേരളത്തിലെ പോലീസ് സേനാംഗങ്ങൾ എന്നതിൽ ഞങ്ങൾക്ക് തർക്കമില്ല. മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന തത്വം ഇവിടെ പാലിക്കപെടുമ്പോഴും ഉദയംപേരൂർ സി ഐ യെ പോലുള്ളവർ പോലീസ് സേനയിലെ പുഴുക്കുത്തുകളായി മാറുകയാണ്. മനുഷ്യൻ ജീവവായുവിനു വേണ്ടി കേഴുമ്പോഴും അധികാര ഭ്രമം ബാധിച്ച ഇത്തരക്കാരെ നിലക്ക് നിർത്താൻ മേലധികാരികൾ ശ്രദ്ധ ചെലുത്തണംമെന്നും ഉദയംപേരൂർ സി ഐ ആയിരുന്ന ജോസഫ് ലീയോൺ നെതിരെ സത്വര നടപടികൾ സ്വീകരിക്കണമെന്നും എ ഐ വൈ എഫ് കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്നു.

eng­lish summary;AIYF-CPI activists fined by police for bury­ing covid victims
you may also like this video;