കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ നടത്തിപ്പുകാരാവുന്നു: അഡ്വ. ആര്‍ സജിലാല്‍

Web Desk
Posted on September 04, 2018, 9:22 pm

കൊല്ലം: മനുഷ്യാവകാശ പ്രവര്‍ത്തകരെ രാജ്യത്തെമ്പാടും വേട്ടയാടുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ എഐവൈഎഫ് കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ അവകാശ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാപ്രസിഡന്റ് എസ് വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി സംസ്ഥാനപ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുത്ത കേന്ദ്രഭരണാധികാരികള്‍ പൗരന്റെ അവകാശങ്ങള്‍ തകര്‍ത്തെറിയുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് സജിലാല്‍ പറഞ്ഞു. എഴുത്തുകാരെയും ചിന്തകരെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും നിരന്തരം വേട്ടയാടുകയാണ്. അധികാരിവര്‍ഗ്ഗത്തിനെതിരെ അഭിപ്രായം പറഞ്ഞാല്‍ അവരെ ഇല്ലായ്മ ചെയ്യുക എന്ന ഫാസിസ്റ്റ് സമീപനമാണ് സംഘപരിവാര്‍ നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവരികയാണ്. എഐവൈഎഫ് വര്‍ഗീയഫാസിസ്റ്റ് സമീപനത്തിനെതിരെ നിരന്തരമായ പ്രഭോക്ഷത്തിന്റെ പാതയിലാണെന്നും സജിലാല്‍ അഭിപ്രായപ്പെട്ടു. ജില്ലാസെക്രട്ടറി ജഗത്ജീവന്‍ലാലി, സംസ്ഥാന സമിതിയംഗം അജ്മീന്‍ എം കരുവ, നിസാം കൊട്ടിലില്‍, രാജേഷ് ചിറ്റൂര്‍, ആര്‍ ശരവണന്‍, അനീഷ് ദേവരാജ്, സജിത, അനില തേവലക്കര എന്നിവര്‍ സംസാരിച്ചു.