ഇന്ധനവില വർദ്ധനവിനെതിരെ പൊതുനിരത്തുകളിൽ ആൾക്കൂട്ടവും ആരവങ്ങളും ഒഴിവാക്കി എഐവൈഎഫിന്റെ വേറിട്ട സമരരൂപം. കൊറോണ വ്യാപന പശ്ചാത്തലത്തിൽ തെരുവുകളിലെ ഒത്തുകൂടൽ ഒഴിവാക്കുന്നതിനായി ഓരോ വ്യക്തിയും വീടുകളിലും ഓഫീസുകളിലുമിരുന്ന് ഫേസ്‌ബുക്കിൽ തത്സമയ (ലൈവ്) മെത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള ആയിരക്കണക്കിനാളുകൾ പ്രതിഷേധത്തിൽ പങ്കാളികളായി. കൊറോണക്കെതിരെ സംസ്ഥാനമാകെ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിലാണ് എഐവൈഎഫ് സാമൂഹിക മാധ്യമത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി വേറിട്ട പ്രതിഷേധ മാർഗ്ഗം സ്വീകരിച്ചത്.
ഇന്ന് വൈകിട്ട് നാലുമണിക്കാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത്. പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം എംഎൻ സ്മാരകത്തിൽ വച്ച് ഫേസ്‌ബുക്ക് ലൈവിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവ്വഹിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ സഹായിക്കേണ്ട കേന്ദ്ര സർക്കാർ, ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിച്ച് പകൽക്കൊള്ള നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തെ ന്യായീകരിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പരാമർശങ്ങൾ യാഥാർത്ഥ്യബോധമില്ലാത്തതും കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. നിയന്ത്രണങ്ങളുടേയും ജാഗ്രതയുടേയും കാലഘട്ടത്തിൽ കേന്ദ്രസർക്കാരിനെ ഇന്ധന വിലവർദ്ധനവിനെതിരായ പ്രതിഷേധം അറിയിക്കുവാൻ വേറിട്ട സമരവുമായി എഐവൈഎഫ് രംഗത്തെത്തിയത് അഭിനന്ദനാർഹമാണെന്നും കാനം പറഞ്ഞു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില എക്കാലത്തേയും കുറഞ്ഞ നിരക്കിൽ തുടരുമ്പോഴാണ് പെട്രോൾ, ഡീസൽ എക്സൈസ് തീരുവ മൂന്ന് രൂപ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചതെന്ന് കാനം അഭിപ്രായപ്പെട്ടു.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മയിൽ, സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, ജോയിന്റ് സെക്രട്ടറി അരുൺ കെ എസ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ എസ് ആനന്ദകുമാർ, എഐഎസ്എഫ് ദേശീയ സെക്രട്ടറി ശുഭേഷ് സുധാകർ എന്നിവർ പങ്കെടുത്തു. ജനജീവിതം ദുസ്സഹമാക്കുന്ന വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ഫേസ്ബുക്ക് ലൈവ് പ്രതിഷേധ പരിപാടി നാളെ വൈകിട്ട് നാല് വരെ തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.