എ ഐ വൈ എഫ് 60-ാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം

Web Desk
Posted on December 14, 2018, 8:01 pm

തിരുവനന്തപുരം: സമാനതകളില്ലാത്ത പോരാട്ടങ്ങളിലൂടെ ജനമനസുകളില്‍ ഇടം നേടിയ ഇന്ത്യന്‍ സംഘടിത യുവജന പ്രസ്ഥാനം അറുപതാണ്ട് ആഘോഷിക്കുന്നു. എഐവൈഎഫ് 60 മത് വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
നമ്മള്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും എന്നാല്‍ ഇന്ന് ബിജെപി നടത്തുന്ന സമരങ്ങള്‍ അപഹാസ്യമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കാനം ചൂണ്ടിക്കാട്ടി. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുകയാണ് ബിജെപി. ആത്മഹത്യയെപ്പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് അവര്‍.
അനാവശ്യസമരങ്ങള്‍ നടക്കുമ്പോള്‍ ജനകീയ സമരങ്ങളെയും അതേ കാഴ്ച്ചപ്പാടോടെയാകും പൊതുസമൂഹം നോക്കികാണുക. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വിചിത്രമാണ്. ഏറ്റവുമധികം കാലം രാജ്യത്ത് അധികാരത്തിലിരുന്ന ഒരു പാര്‍ട്ടി ഭരണഘടനയെയോ, നിയമവാഴ്ച്ചയെയോ, സ്ത്രീപുരുഷ സമത്വത്തെയോ അംഗീകരിക്കുന്നോ എന്ന് ചോദിച്ചാല്‍ തങ്ങള്‍ വിശ്വാസത്തിനൊപ്പമാണ് എന്ന മറുപടിയാണവര്‍ പറയുന്നത്. അതേസമയം യഥാര്‍ത്ഥ ഇടതുപക്ഷ സമീപനമാണ് എല്‍ഡിഎഫ് ഈ വിഷയത്തില്‍ സ്വീകരിച്ചതെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
തീക്ഷ്ണമായ സമര പോരാട്ടങ്ങളിലൂടെ മുന്നോട്ട് വന്നതാണ് നമ്മുടെ പ്രസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. വൈദേശിക ആധിപത്യത്തിനും കോളനിവാഴ്ച്ചക്കുമെതിരെ രാജ്യത്തെ കാമ്പസുകളെ ദേശീയപ്രസ്ഥാനത്തോട് ആകര്‍ഷിച്ച് നിര്‍ത്തിയ ഏക വിദ്യാര്‍ഥി സംഘടന എഐഎസ്എഫ് ആയിരുന്നു. ഏറ്റവും വലിയവിദ്യാര്‍ഥി സമരങ്ങള്‍ നടന്ന കാലഘട്ടം 1930കളാണ്. 30കളിലും 40കളിലും ദേശീയ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച് കലാലയങ്ങള്‍ വിട്ട് വിദ്യാര്‍ഥി സമൂഹം പ്രക്ഷോഭത്തിനിറങ്ങി. എന്നാല്‍ സ്വാതന്ത്ര്യാനന്തരം അധികാരമേറ്റ ബൂര്‍ഷ്വ ഭരണകൂടം പ്രചരിപ്പിക്കാന്‍ ശ്രമിച്ച തത്വശാസ്ത്രം ചെറുപ്പക്കാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നാണ്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു യുവജന പ്രസ്ഥാനത്തിന്റെ ആവശ്യം ചെറുപ്പക്കാരായ നേതാക്കള്‍ക്ക് ബോധ്യപ്പെട്ടതിന്റെ ഫലമായാണ് 1959ല്‍ എഐവൈഎഫ് രൂപം കൊണ്ടത് എന്ന് കാനം ചൂണ്ടിക്കാട്ടി.
എഐവൈഎഫ് ആറു പതിറ്റാണ്ട് നടത്തിയ പോരാട്ടങ്ങള്‍ രാജ്യത്ത് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജാതിമത ചിന്തകള്‍ക്ക് അതീതമായ നവസമൂഹം കെട്ടിപ്പടുക്കുവാന്‍ പുതിയ തലമുറ മുന്നോട്ട് വരണം. അതിന്റെ മുന്‍ നിരയില്‍ എഐവൈഎഫ് ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തൊഴില്‍ അല്ലെങ്കില്‍ തൊഴില്‍ ഇല്ലായ്മ വേതനം, 18 വയസ് വോട്ടവകാശം തുടങ്ങിയവ എഐവൈഎഫിന്റെ ആദ്യകാല മുദ്രാവാക്യങ്ങള്‍ ആയിരുന്നെന്ന് ചടങ്ങില്‍ സംസാരിച്ച സിപിഐ ദേശീയ എക്‌സീക്യൂട്ടീവംഗം പന്ന്യന്‍ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളം കണ്ട ഏറ്റവും വലിയ സമരങ്ങള്‍ എഐവൈഎഫിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
എഐവൈഎഫ് പിന്നിട്ട 60 വര്‍ഷങ്ങള്‍ അതിശക്തമായ പോരാട്ടങ്ങളുടെ കാലമായിരുന്നുവെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. ഇനിയുള്ള പോരാട്ടം വളരെ ക്ലേശകരമാണ്. ആ പോരാട്ടം ഏറ്റെടുക്കാന്‍ ജനങ്ങളെയും ചെറുപ്പക്കാരെയും സജ്ജമാക്കാനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിജയം വരിക്കാനും നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍ അധ്യക്ഷനായിരുന്നു. ആദ്യകാല നേതാക്കളായ രാജാജി മാത്യു തോമസ്, ജോസ് ബേബി, കെ രാജന്‍, ദേശീയ ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍, അരുണ്‍ കെ എസ്, എ എസ് ആനന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തമിഴ്‌നാട്ടിലെ തെരുവുകളില്‍ സംഘപരിവാര്‍ ഭീകരതക്കെതിരെ പാട്ടുകള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത കോവനും സംഘവും കലാപരിപാടികള്‍ അവതരിപ്പിച്ചു.

എ ഐ വൈ എഫ് 60-ാം വാർഷികാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം

Kanam Rajen­dran #IKanam­Ra­jen­dran AIYF Ker­ala #AIYFഎ ഐ വൈ എഫ് 60-ാം വാർഷികാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കുന്നു…http://janayugomonline.com/aiyf-programme-inaugrate-kanam/

Janayu­gom Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಡಿಸೆಂಬರ್ 14, 2018