Web Desk

ആലുവ

July 19, 2021, 7:32 pm

ഇബ്രാഹിം ബാദുഷയെ അനുസ്മരിക്കാതെ കാർട്ടൂൺ അക്കാദമി; പ്രതിഷേധവുമായി എഐവൈഎഫ്

Janayugom Online

തോട്ടുമുഖത്ത് കേരള കാർട്ടൂൺ അക്കാദമി സംഘടിപ്പിച്ച ശില്പശാലയിൽ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയെ അനുസ്മരിക്കാത്തത്തിൽ എഐവൈഎഫ് ആലുവ മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കേന്ദ്ര ഫണ്ട്‌ ഉപയോഗിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. പരിപാടി എഐവൈഎഫ് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. ആലുവയുടെ കലാമുഖമായ കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷയെ അവഗണിച്ചു കൊണ്ട് സംഘടിപ്പിച്ച കാർട്ടൂൺ അക്കാദമി പരിപാടി മനുഷ്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടദ്ദേഹം പറഞ്ഞു. 

കേരളത്തിലെ കാർട്ടൂണിസ്റ്റുകളുടെ സ്വതന്ത്ര കൂട്ടായ്മയായ കാർട്ടൂൺ അക്കാദമി കേരള സർക്കാരിന്റെ കീഴിലുള്ള അക്കാദമി ആണെന്ന് വരുത്തിതീർക്കുന്ന നടപടികൾ നിഗൂഢമാണ്. പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്തത് അപലപനീയമാണ്. ബാദുഷ മറ്റൊരു സംഘടന രൂപീകരിച്ചു എന്ന കാർട്ടൂൺ അക്കാദമി വാദം വസ്തുത വിരുദ്ധമാണ്. മരണപ്പെട്ട ഒരു കലാകാരനെതിരെ നടത്തുന്ന കുപ്രചരണങ്ങൾ കാർട്ടൂൺ അക്കാദമി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പരിപാടിയിൽ എഐവൈഎഫ് മണ്ഡലം സെക്രട്ടറി ജോബി മാത്യു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം ടി എൻ സോമൻ, അബ്ദുൽ കരീം, സുധീഷ്, പി എം ഹിജാസ്, ഡെൻസൺ, ജെറി, സുകുമാരൻ, അഡ്വ. ഇസ്മായിൽ പൂഴിത്തുറ, ഷിഹാബ്, ആൽവിൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry : aiyf protest against ignor­ing ebrahim bad­sha by car­toon academy

You may also like this video :