മലയാളികളുടെ ഹൃദയരാഗമായി മാറിയ “അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം” എന്ന ഗാനം ഒരുക്കി നമ്മെ വിസ്മയിപ്പിച്ച അനശ്വര സംഗീതജ്ഞൻ ജോബ് മാസ്റ്ററുടെ മകനും ശ്രദ്ധേയനായ സംഗീത സംവിധായകനുമായ അജയ് ജോസഫ് സിനിമാ സംഗീത രംഗത്തേക്ക്. അജയ് ജോസഫ് സിനിമയ്ക്ക് വേണ്ടി ആദ്യമായി ഒരുക്കിയ ‘കൽക്കണ്ടം’ എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ റെക്കോർഡിംഗ് കഴിഞ്ഞു. ഗാനങ്ങളുടെ റിലീസ് ഉടനെ നടക്കും.
ഫുൾമാർക്ക് സിനിമയുടെ ബാനറിൽ നവാഗതനായ പ്രദീപ് നാരായണൻ (വ്യത്യസ്തമായ ജീവിതാനുഭവങ്ങളുളള മനുഷ്യരെക്കുറിച്ചുള്ള ശ്രദ്ധേയ ഡോക്യുമെൻററി ‘വേറിട്ട കാഴ്ച’കളുടെ സഹസംവിധായകൻ) സംവിധാനം ചെയ്യുന്ന ‘കൽക്കണ്ടത്തിലെ’ പ്രമുഖ ഗാനരചയിതാവ് റഫീക്ക് അഹമ്മദ് എഴുതിയ “ആലിൻകൊമ്പിൽ കുടമണി കെട്ടിയ നാടോടിക്കാറ്റേ” എന്ന ഗാനം ആലപിച്ചത് പ്രശസ്ത ഗായകനും മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ നജീം അർഷാദാണ്. പത്രപ്രവർത്തകനും നവാഗത ഗാനരചയിതാവുമായ ഷംസുദ്ദീൻ കുട്ടോത്ത് എഴുതിയ “പായുന്നു മേഘം മേലേ ഓർമ്മകൾ പോലെ” എന്ന ഗാനം ആലപിച്ചത് പ്രശസ്ത ഗായകൻ അഭിജിത്ത് കൊല്ലവുമാണ്. ഈ ഗാനങ്ങളാണ് അജയ് ജോസഫ് ‘കൽക്കണ്ടത്തി‘നു വേണ്ടി ഒരുക്കിയത്. ഇതോടെ അജയ് ജോസഫ് മലയാള സിനിമാ സംഗീത സംവിധാന രംഗത്തേക്ക് ചുവട് വെയ്ക്കുകയാണ്.
പ്രശസ്തനായ സംഗീത സംവിധായകൻറെ മകനായിട്ടും സിനിമയിലേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നത് ആ മേഖലയിലേക്ക് ഇതുവരെ വഴി തുറന്നുകിട്ടാതിരുന്നതുകൊണ്ടാണെന്ന് അജയ് ജോസഫ് പറയുന്നു. ഇപ്പോൾ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ആദ്യമായി സിനിമയിൽ സംഗീത സംവിധാനം നിർവ്വഹിക്കാൻ അവസരം നൽകിയത്. അതിൽ ഒത്തിരി സന്തോഷമുണ്ട്. അജയ് പറഞ്ഞു. ‘നൂറ് കണക്കിന് സംഗീത ആൽബങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച എനിക്ക് ആദ്യമായി സിനിമയിൽ സംഗീതം ഒരുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. സിനിമയ്ക്ക് വേണ്ടി മനോഹരങ്ങളായ രണ്ട് ഗാനങ്ങൾ ഒരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എൻറെ ഡാഡി ഒരുക്കിയ “അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം” അത്തരമൊരു ഗാനമാണ് എൻറെ സ്വപ്നം. അജയ് ജോസഫ് പറഞ്ഞു. ചിത്രീകരണം പൂർത്തിയായ കൽക്കണ്ടത്തിലെ ഗാനങ്ങൾ ഉടനെ റിലീസ് ചെയ്യും.
രാജാമണി, രമേഷ് പിഷാരടി, നോബി, ഉല്ലാസ് പന്തളം, ടോഷ് ക്രിസ്റ്റി, സുന്ദർ പാണ്ഡ്യൻ, ഗൗരവ് മേനോൻ, മാസ്റ്റർ ആദിഷ് പ്രവീൺ, മിനോൺ, അശോക് കുമാർ, സൈമൺ പാവറട്ടി, സുരഭി ലക്ഷ്മി, സ്നേഹാ ശ്രീകുമാർ, അക്ഷര കിഷോർ തുടങ്ങിയവരാണ് അഭിനേതാക്കൾ. ബാനർ- ഫുൾമാർക്ക് സിനിമ, സംവിധാനം — പ്രദീപ് നാരായണൻ, കഥ- ആൻസൺ ആൻറണി, ഷാനു സമദ്, തിരക്കഥ/ സംഭാഷണം — ഷാനു സമദ്, ഛായാഗ്രഹണം — കനകരാജ്, ഗാനരചന — റഫീക്ക് അഹമ്മദ്, ഷംസുദ്ദീൻ കുട്ടോത്ത്, സംഗീതം- അജയ് ജോസഫ്, കലാസംവിധാനം — ഷെബീറലി, വസ്ത്രാലങ്കാരം — രാധാകൃഷ്ണൻ മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ — ഷാജി പട്ടിക്കര, എഡിറ്റിംഗ് — വി ടി ശ്രീജിത്ത്, സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, മേക്കപ്പ് — മണികണ്ഠൻ മരത്താക്കര.
ENGLISH SUMMARY:Ajay Joseph, son of immortal musician Job Master, enters the film music industry
You may also like this video