കൊച്ചി: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് സമൂഹം മനസിലാക്കിയതിനേക്കാള്‍ അര്ത്ഥതലങ്ങളാണുള്ളതെന്ന് അമേരിക്കയിലെ മിനിസോട്ട സര്‍വകലാശാലയിലെ ഗവേഷകനും എഴുത്തുകാരനുമായ അജയ് സക്കറിയ പറഞ്ഞു. ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ അര്‍ത്ഥതലങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണെന്നും കൊച്ചിയില്‍ ബിനാലെ ഫൗണ്ടേഷന് സംഘടിപ്പിച്ച ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.
അണ്‍കണ്ടീഷണല്‍ ഇക്വാളിറ്റി; ഗാന്ധിസ് റിലീജ്യന്‍ ഓഫ് റെസിസ്റ്റന്‍സ് എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് അജയ് സക്കറിയ.
സ്ത്രീക്കും പുരുഷനും സമത്വം വേണമെന്നാണ് ഗാന്ധിജി വാദിച്ചിരുന്നതെന്ന് അജയ് ചൂണ്ടിക്കാട്ടി. എന്നാല്‍ വളരെ പുരുഷാധിപത്യപരമായ രീതിയിലാണ് അത് അദ്ദേഹം നടപ്പാക്കിയത്. ഫലത്തില്‍ അത് സ്ത്രീയ്ക്കും പുരുഷനുമിടയില്‍ വ്യത്യാസങ്ങള്‍ വരുത്തി.
സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാന്‍ ഹരിജന്‍ എന്ന നാമധേയവും ഗാന്ധിജി കൊണ്ടു വന്നു. പക്ഷേ കൂടുതല്‍ തീവ്രസ്വഭാവത്തോടു കൂടി ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കഴിവ് ഈ ജനതയ്ക്കില്ലാതാക്കി. ഇന്ന് സമത്വത്തിന്റെ കാര്യം പറയുമ്പോള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ഒന്നും അവശേഷിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ ചിന്താഗതിയില്‍ വിശ്വസിക്കുന്നയാളെന്ന് സ്വയം പരിചയപ്പെടുത്തിയ അദ്ദേഹം ഗാന്ധിജിയുടെ മതത്തിനോടുള്ള കാഴ്ചപ്പാടില്‍ സംശയം പുലര്‍ന്നുവെന്ന് വ്യക്തമാക്കി. ഇന്ന് കാണുന്ന ഹിന്ദുത്വത്തിന്റെ അടിസ്ഥാനം പാകിയത് ഗാന്ധിജിയുടെ മത കാഴ്ചപ്പാടുകളാണെന്ന് അജയ് സക്കറിയ വാദിച്ചു. ഗാന്ധിജി സ്ഥാപിച്ച പല ആശ്രമങ്ങളും ഇന്ന് നടത്തുന്നത് ഉയര്‍ന്ന ജാതി ചിന്ത പുലര്‍ത്തുന്ന വ്യക്തികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാദൃശ്യത്തെയാണ് നാം പലപ്പോഴും സമത്വമായി തെറ്റിദ്ധരിക്കുന്നത്. സാദൃശ്യത്തില്‍ പോലും വ്യത്യാസങ്ങളുണ്ടെന്ന് നാം പലപ്പോഴും മറന്ന് പോകുന്നു. ഉദാഹരണത്തിന് മനുഷ്യാവകാശം മനുഷ്യന് മാത്രമുള്ളതാണ്. മൃഗാവകാശമുണ്ട്. പക്ഷെ അതൊരിക്കലും മനുഷ്യാവകാശത്തിന് തുല്യമാകില്ലെന്ന് മനസിലാക്കണം. സാദൃശ്യമില്ലാത്തവയ്ക്കും സമത്വം വേണമെന്നാണ് ഗാന്ധിജി ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍ തന്നെ വ്യതിയാനങ്ങളുള്ളതിനെക്കൂടി സാദൃശ്യമെന്ന സങ്കല്പത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. പക്ഷെ അത് ഫലത്തില്‍ അസാദൃശ്യമായി മാറുകയേ ഉള്ളൂവെന്നും അജയ് സക്കറിയ പറഞ്ഞു.
കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.