രാഷ്ട്രീയ പ്രഖ്യാപനത്തിലെ ധിക്കാരഭാവം

കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് ഒരു ദിവസത്തെ യോഗത്തിന് ശേഷം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് പുതിയ മുദ്രാവാക്യം മുന്നോട്ടുവച്ചിരിക്കുകയാണ്. അജയ്യ ഭാരതം, അചഞ്ചല ബിജെപി എന്ന് തര്‍ജമ ചെയ്യാവുന്ന ‘അജയ് ഭാരത്, അടല്‍ ബിജെപി’ എന്നതാണ് പ്രസ്തുത മുദ്രാവാക്യം. ‘അടല്‍’ എന്ന വാക്കിന്റെ അര്‍ഥം തിരയുമ്പോള്‍ ‘അചഞ്ചല’ എന്ന സാമാന്യമായ വാക്കുമാത്രമല്ല ലഭിക്കുന്നത്. ധിക്കാരപൂര്‍വം, ശാഠ്യം, വഴങ്ങാത്തത്, ദൃഢമായത് എന്നിങ്ങനെയെല്ലാമുള്ള വാക്കുകള്‍ അര്‍ഥമായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബിജെപി മുന്നോട്ടുവച്ചിരിക്കുന്ന മുദ്രാവാക്യം എല്ലാംകൊണ്ടും അര്‍ഥവത്താണ്.
അജയ്യഭാരതമെന്ന ആദ്യഭാഗമെടുത്താലും അടല്‍ ബിജെപിയെന്ന രണ്ടാം ഭാഗമെടുത്താലും അത് വ്യക്തമാകും. ഇപ്പോഴത്തെ ഭരണത്തില്‍ അഞ്ചുവര്‍ഷം തികയ്ക്കാന്‍ പോകുകയാണ് ബിജെപി. എവിടെയാണ് ഭാരതം അജയ്യമായിരിക്കുന്നത്, എവിടെയാണ് ബിജെപി അചഞ്ചലമായിരിക്കുന്നത് എന്നതിനെ കുറിച്ച് പരിശോധിക്കുമ്പോള്‍ അത് കേവലം കെട്ടുകഥയാണെന്ന് ബോധ്യപ്പെടും. അധികാരത്തിലെത്തുമ്പോള്‍ കൂടെയുണ്ടായിരുന്ന ചില ഘടകകക്ഷികള്‍ മാത്രമല്ല ബിജെപിയിലെ ഉന്നത നേതാക്കള്‍ വരെ പുറത്തിറങ്ങി രൂക്ഷമായി മോഡിയേയും അമിത്ഷായേയും വിമര്‍ശിക്കുന്നത് ഇപ്പോഴും തുടരുകയാണ്. പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന വിഭാഗങ്ങളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അതുകഴിഞ്ഞ് അധികാരത്തിലെത്തിയ ശേഷവും വിവിധ മുദ്രാവാക്യങ്ങള്‍ അവര്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി മുന്നോട്ടുവച്ചതിന് ശേഷം 2013 ഒക്ടോബറില്‍ ‘പുതിയ പ്രതീക്ഷ പുതിയ ചിന്തകള്‍’ എന്നായിരുന്നു നരേന്ദ്രമോഡി മുന്നോട്ടുവച്ച മുദ്രാവാക്യം. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അത് ‘ഇതാണ് സമയം മോഡി സര്‍ക്കാര്‍’, അധികാരത്തിലെത്തിയ ശേഷം ‘അച്ഛാ ദിന് ആഗയാ’ എന്നൊക്കെയായി അതിനെ മാറ്റിയെങ്കിലും കണക്കെടുപ്പില്‍ സമ്പൂര്‍ണ പരാജയത്തിന്റെ ബാക്കിപത്രം മാത്രമാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അവശേഷിപ്പിക്കുന്നത്.
ജനദുരിതം മലകയറുന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ മുദ്രാവാക്യം അവര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. നയവൈകല്യങ്ങളിലെ ജനവിരുദ്ധത മാത്രമല്ല സ്വഭാവത്തിലുള്ള ഫാസിസ്റ്റ് സമീപനങ്ങളും ധിക്കാരപൂര്‍വമായ ശരീര – വാചക നിലപാടുകള്‍ കൊണ്ടും കേന്ദ്രഭരണാധികാരികളും അതിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയും നാളിതുവരെയുള്ള രാജ്യ ചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്നുണ്ട്. നല്ലതെന്ന് പറയാവുന്നതെന്താണ് ഈ സര്‍ക്കാരില്‍ നിന്നുണ്ടായതെന്ന ചോദ്യത്തിന് ഒരുത്തരം പോലും നല്കാന് അവര്‍ക്കാകുന്നില്ല. നല്കിയ വാഗ്ദാനങ്ങളില്‍ ഫലപ്രാപ്തിയിലെത്തിയത് ഏതൊക്കെയെന്ന ചോദ്യത്തിനും ഉത്തരമില്ല. ധിക്കാര സമീപനങ്ങളും ഭീഷണിയും വാചാടോപവും കൊണ്ടും അനുചരവൃന്ദത്തെയും ആജ്ഞാനുവര്‍ത്തികളായ കോര്‍പ്പറേറ്റ് മാധ്യമങ്ങളെ ഉപയോഗിച്ചുമുള്ള വ്യാജ പ്രചരണങ്ങളിലൂടെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിട്ടത്. എണ്ണിപ്പറയാന്‍ എത്രയോ നീതികേടുകളും ജനവിരുദ്ധമായ നടപടികളും അതില്‍ പ്രതിസന്ധിയിലായ ജനവിഭാഗങ്ങളും രാജ്യത്തുണ്ട്. അവയെ കുറിച്ച്, എന്തിന് ഏറ്റവും ഒടുവിലുണ്ടായ ഇന്ധന വിലക്കയറ്റവും രൂപയുടെ മൂല്യശോഷണവും പോലുള്ള വിഷയങ്ങളില്‍ പോലും മഹാമൗനം പാലിച്ചാണ് അജയ്യ ഭാരതം അചഞ്ചല ബിജെപി എന്ന മുദ്രാവാക്യം അവര്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ പിന്നീടുള്ള അരനൂറ്റാണ്ടുകാലം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാനാകില്ലെന്നായിരുന്നു യോഗത്തില്‍ അമിത്ഷായുടെ പ്രഖ്യാപനം. മുദ്രാവാക്യത്തില്‍ മാത്രമല്ല ആ പ്രഖ്യാപനത്തില്‍ പോലും അപകടം മണക്കുന്നുണ്ട്.
അധികാരം തലയ്ക്കുപിടിച്ച ഒരാളുടെ വാക്കുകളല്ല അത്. ശരീരം മുഴുവന്‍ അധികാരമാണെന്ന് ധരിക്കുന്ന ധിക്കാരിയുടെ വാക്കുകളാണത്. ഭരണം പരാജയത്തിന്റെ നെല്ലിപ്പടി കണ്ടിരിക്കുന്നുവെന്ന് അകത്തും പുറത്തുനിന്നുമുള്ളവരുടെ വിമര്‍ശനങ്ങള്‍ വക വയ്ക്കുന്നില്ല ധിക്കാരം ആ വാക്കുകളില്‍ ഒളിഞ്ഞിരിപ്പുണ്ട്. രാജ്യത്തെ ജനങ്ങളോട് പ്രതിബദ്ധതയുള്ളൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ശരീരഘടനയല്ല ഇപ്പോഴത്തെ യോഗത്തിലൂടെയും പ്രഖ്യാപനത്തിലൂടെയും ബിജെപി കാഴ്ച വച്ചിരിക്കുന്നത്. അതിന് ചരിത്രത്തില്‍ ഫാസിസത്തിന്റെയും ഏകാധിപതികളുടെയും രൂപഭാവങ്ങളോടാണ് സമാനതയുള്ളത്. നരേന്ദ്രമോഡിയും അമിത്ഷായും ചേര്‍ന്ന ദ്വയം മാത്രമാണ് ബിജെപിയെന്നും തങ്ങളുടെ വലയത്തിനകത്തു നില്ക്കാത്തവര് അകത്തുള്ളവരായാലും പുറത്തുള്ളവരായാലും കാഴ്ചക്കാര്‍ മാത്രമാണെന്നുമുള്ള ഓര്‍മപ്പെടുത്തലും അതില്‍ നിറയുന്നുണ്ട്. ഇപ്പോഴത്തെ മുദ്രാവാക്യം മോഡി – അമിത് ഷാ ദ്വയങ്ങളുടെ അന്തപ്പുരങ്ങളിലുള്ള സ്തുതിപാഠകരുടെ കണ്ടെത്തലാണെന്നും പാര്‍ട്ടിയിലെയോ മന്ത്രിസഭയിലെയോ സഹപ്രവര്‍ത്തകര്‍ക്ക് ഒരു പങ്കുമില്ലെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
ധിക്കാരത്തിന്റെയും പ്രതികാരവാഞ്ഛയുടെയും ആള്‍രൂപമായ അമിത്ഷാ അധ്യക്ഷപദവിയില്‍ ഇരിക്കുന്നതുകൊണ്ടുതന്നെ അവര്‍ പരസ്യമായി രംഗത്തെത്തിയെന്നുവരില്ല. എങ്കിലും ബിജെപി എക്സിക്യൂട്ടീവും അതിന്റെ പ്രഖ്യാപനവും അധികാരഗര്വിനെയല്ല സ്വേച്ഛാധിപത്യത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. എല്ലാ സ്വേച്ഛാധിപതികള്‍ക്കും സംഭവിച്ചതുതന്നെയാവും അവര്‍ക്കും സംഭവിക്കാന്‍ പോകുന്നതെന്നത് കാലത്തിന്റെ സാമാന്യനീതിയായിരിക്കുകയും ചെയ്യും.