സിഎഎയെ അനുകൂലിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും ആരുടേയും പൗരത്വം ഇല്ലാതാക്കുകയില്ലെന്നും സംസ്ഥാനത്ത് സിഎഎയ്ക്കെതിരെ പ്രമേയം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ പറഞ്ഞു. എൻസിപി കൺവൻഷനിൽ സംസാരിക്കവെയാണ് സിഎഎയെ പിന്തുണച്ച് അജിത് പവാർ രംഗത്തെത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ തെറ്റിദ്ധാരണയുളവാക്കുന്നതാണ്, സിഎഎയ്ക്കെതിരെ നിയമസഭയയിൽ പ്രമേയം കൊണ്ടുവരേണ്ട ആവശ്യം നിലവിൽ ഇല്ലെന്നും പവാർ കൂട്ടിച്ചേർത്തു.
സിഎഎയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും പവാർ പറഞ്ഞു. ബിഹാറിൽ എൻആർസി, എൻപിആർ, സിഎഎ എന്നിവയ്ക്കെതിരെ പ്രമേയം പാസാക്കിയതിനെയും പവാർ കുറ്റപ്പെടുത്തി. അതേസമയം മറ്റ് എട്ട് സംസ്ഥാനങ്ങളെപ്പോലെതന്നെ മഹാരാഷ്ട്രയിലും സിഎഎ നടപ്പാക്കുകയില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ ഡിസംബറിൽ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സാമൂഹിക ഐക്യം തകർക്കുമെന്ന് പവാർ വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് എൻസിപിയുടെ മറ്റൊരു നേതാവ് അതിനെ അനുകൂലിക്കുന്നതെന്നാണ് ശ്രദ്ധേയം.
സംസ്ഥാന മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കും സിഎഎയ്ക്കെതിരെ കഴിഞ്ഞമാസം പ്രസ്താവന നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ ഇത് നടപ്പാക്കില്ലെന്നായിരുന്നു നബാബിന്റെയും പ്രതികരണം. നിയമസഭാ സാമാജികനായ കോൺഗ്രസ് നേതാക്കളുൾപ്പെടെ സിഎഎയെ പ്രതികൂലിച്ച് സംസാരിക്കുമ്പോഴാണ് ഉപമുഖ്യമന്ത്രിതന്നെ പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉപമുഖ്യമന്ത്രിയ്ക്ക് സമാനമായി കേന്ദ്ര നയങ്ങളെ അനുകൂലിച്ചാണ് സംസാരിച്ചത്. പൗരത്വ ഭേദഗതി നിയമം ആരുടേയും പൗരത്വം ഇല്ലാതാക്കുകയില്ലെന്നായിരുന്നു പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രസ്താവിച്ചത്. എന്നാൽ ഇത് സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും താക്കറെ മുമ്പ് പറഞ്ഞിരുന്നതായും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.