Janayugom Online
Dead Body

അജ്മലിന്‍റെ ദുരൂഹമരണം:  അന്വേഷണം  ക്രൈംബ്രാഞ്ചിന് വിട്ടു

Web Desk
Posted on July 06, 2018, 5:18 pm

കോഴിക്കോട്: പേരാമ്പ്ര പാറക്കടവ് സ്വദേശി അജ്മലിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ്  അന്വേഷണം ക്രൈം ബ്രാഞ്ചിന്  വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2017 നവംബര്‍ 17 നാണ് ബസ് ഡ്രൈവറായ അജ്മലിനെ കിഴിഞ്ഞാണ്യം ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹത്തില്‍ ഉണ്ടായിരുന്ന മുറിവുകളുടെയും സംശയകരമായ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ അജ്മലിന്‍റേത് കൊലപാതകമാണന്ന് ബന്ധുക്കളും നാട്ടുകാരും  പരാതിപ്പെട്ടിരുന്നു.  എന്നാല്‍ തെളിവുകളില്ലെന്നു കാണിച്ച് പേരാമ്പ്ര പൊലീസ് കേസ് അന്വേഷണം  പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മുങ്ങിമരണമെന്ന് സ്ഥാപിക്കാനായിരുന്നു തുടക്കത്തില്‍ തന്നെ പൊലീസ് ശ്രമിച്ചിരുന്നത്.  തുടര്‍ന്ന്  പുനരന്വേഷണം ആവശ്യപ്പെട്ട് അജ്മലിന്‍റെ മാതാവ് ഹൈക്കോടതിയില്‍  റിട്ട്ഹര്‍ജി ഫയല്‍ ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.  ഒരു രാഷ്ട്രീയ പാര്‍ട്ടിയിലോ സംഘടനകളിലോ അംഗമല്ലാത്ത വ്യക്തിയായിരുന്നു അജ്മല്‍ എന്നും ബസ്സിലെ ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍  വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  പിതാവ് അമ്മദ്, മാതാവ് റംല, കുഞ്ഞഹമ്മദ്, ജാഫര്‍ കുനിയോട്, ജലീല്‍ സഖാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.