November 29, 2023 Wednesday

ആകാശ ദീപങ്ങൾ സാക്ഷി

Janayugom Webdesk
July 23, 2023 7:45 am

രിച്ചവർക്ക്, കുറച്ചു സമയത്തേയ്ക്ക് കൂടി സമീപത്ത് നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര രസമായിരിക്കുമല്ലേ? ഭ്രാന്തമായ ചില ചിന്തകളിൽ പലപ്പോഴും ഞാനത് സങ്കല്പിച്ചു കൂട്ടിയിട്ടുണ്ട്. പ്രിയമുള്ളവരെയൊക്കെവിട്ടുള്ള ആ യാത്രയിൽ നമ്മളോട് ചേർന്നു നിൽക്കുന്നവർ എങ്ങനെയാവും അതുൾക്കൊള്ളുകയെന്ന് ഇടയ്ക്കൊക്കെ ചിന്തിക്കണം. ബന്ധങ്ങളുടെ അതീന്ദ്രിയ തലങ്ങളറിയാൻ മരണത്തിനോളം മറ്റൊന്നിനുമാവില്ല. പ്രിയപ്പെട്ടൊരാളുടെ ഓർക്കാപ്പുറത്തുള്ള വേർപാട് എന്നും മുറിവുണങ്ങാത്ത വേദനയാണ്. മരണം നമ്മുടെ പ്രിയപ്പെട്ടവരെ നമ്മിൽ നിന്നും പറിച്ചെടുക്കുമ്പോൾ, ഏത് പ്രായത്തിലായാലും ജീവിതത്തിനു മുന്നിൽ പകച്ചു നിന്നു പോവും. ആ ചിന്തപോലും നമ്മളെ തളർത്തും. ഒരിയ്ക്കലെങ്കിലും അതനുഭവിച്ചവർക്ക് മാത്രമേ ആ പതർച്ച അറിയാനാവൂ. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഞങ്ങളുടെ ഗേറ്റിനു മുന്നിൽ വന്നു നിന്ന ഒരാംബുലൻസ് ഉൾക്കൊള്ളാനാവാതെ, അത് വെളുത്ത മാരുതി വാനാണെന്നും അതിൽ നിന്നും എന്റെ അമ്മ ഇപ്പോൾ ഇറങ്ങിവരുമെന്നും കരുതി നിന്ന ഒരു കൗമാരക്കാരിയുണ്ട് മായാത്ത ഓർമ്മകളിൽ.
വർഷങ്ങൾക്ക് മുമ്പാണ്. അവർ രണ്ടു പേരും അടുത്ത സുഹൃത്തുക്കളാണ്. കാമുകിക്ക് ശ്വാസകോശാർബുദം സ്ഥിരീകരിച്ചപ്പോൾ അറിയിക്കാൻ വിളിച്ചതായിരുന്നു വിദേശത്തായിരുന്ന അയാളെ ഞാൻ. അയാളുടെ കോളർ ടോണിന് മുന്നിൽ ഒരു നിമിഷം എന്റെ മനസ്സൊന്ന് പതറി. 

ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യതീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം… 

എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമായിരുന്നിട്ട് കൂടി, പ്ലീസ് ഈ ടോൺ ഒന്നു മാറ്റൂ എന്ന് പറയാതിരിക്കാനായില്ല. കുട്ടിക്കാലത്ത് ഗൗളി ചിലയ്ക്കുന്നതിനനുസരിച്ച് കാര്യങ്ങൾ സ്ഥിരീകരിച്ചിരുന്ന അമ്മൂമ്മ പലപ്പോഴും എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട്. അന്ധവിശ്വാസിയല്ലാഞ്ഞിട്ടു കൂടി യുക്തിക്ക് നിരക്കാത്ത ചില കാര്യങ്ങൾ എനിക്കും ശീലമായിപ്പോയി. അകലങ്ങളിലിരുന്ന് “എനിക്കവളെ കാണണം. ഞാനവൾക്കൊരു മിഞ്ചി വാങ്ങി വച്ചിട്ടുണ്ട്. അത് അവളെ അണിയിക്കണം. അവൾ എന്റെയും കൂടിയാണെന്ന് പറഞ്ഞ്” അയാൾ പൊട്ടിക്കരഞ്ഞപ്പോൾ, “കൃഷ്ണൻ എന്റേതല്ല, എന്റേതുകൂടിയാണെന്ന് ചിന്തിക്കുന്ന, ഡോ. അയ്യപ്പപണിക്കരുടെ ‘ജന്മ പരിണാമ’ത്തിലെ രാധയെയാണ് ഓർമ്മ വന്നത്. അയാൾക്കറിയാം തന്റെ പരിമിതികൾ. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഒരന്ത്യചുംബനം നൽകാൻ പോലുമയാൾക്കാവില്ല. എന്തിന് ഒന്നു കാണാനാവുമോന്ന് കൂടി അറിയില്ല. എങ്കിലും ഇത്തരം സന്ദർഭങ്ങളിൽ വിവേകം വികാരത്തെ പിന്തള്ളും.
അയാളുടെ കോളർ ടോൺ അപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. എവിടെയോ ഒരു നോവ്. രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, സിദ്ദിഖ്, നെപ്പോളിയൻ, വസുന്ധരാ ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 2001 ൽ പുറത്തിറങ്ങിയ ‘രാവണപ്രഭു’ എന്ന ചിത്രത്തിലെ മനസിൽ ഒരു നൊമ്പരമായി പടരുന്ന ഗാനം. ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിന്റെ മാസ്മരിക തൂലികയിൽ വിരിഞ്ഞ അക്ഷരങ്ങൾ. അക്ഷരങ്ങൾ അഗ്നി നാളങ്ങളായി അകമെരിയുമ്പോൾ ഭാനുമതിയുടെ (രേവതി) സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച് എത്രയോ തവണ ഞാൻ ആ രംഗം മനസിൽ സങ്കല്പിച്ചിട്ടുണ്ട്. ഭ്രാന്തമായ അത്തരം ചിന്തകളിൽ ഇല്ലാത്തൊരു കാമുകനെ സങ്കല്പിച്ച് ഞാനവനോട് ചോദിക്കും:
ഞാൻ മരിച്ചാൽ നീയെന്ത് ചെയ്യും?

“പിന്നെന്ത് ജീവിതം എനിക്ക്. ഭ്രാന്തായിപ്പോവുമെനിക്ക്. ഞാൻ കാണാൻ കൂടിവരില്ല” എന്ന് പറഞ്ഞവൻ വിർച്വൽ ലോകത്ത് എന്നോടൊപ്പം കരയും.
ജീവിതവും മരണവുമൊക്കെ ചിത്രീകരിച്ചിട്ടുള്ള എത്രയോ ഗാനരംഗങ്ങളുണ്ട്. എങ്കിലും ഇത്തരം ഭ്രാന്തമായ ചിന്തകളിൽ ആദ്യം മനസ്സിലോടിയെത്തുന്നത് മംഗലശേരി നീലകണ്ഠനും ഭാനുമതിയുമാണ്. കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന നീലകണ്ഠനെ നേർവഴിക്ക് നയിച്ച ഭാനുമതി ഇനിയില്ല എന്ന സത്യം തിരിച്ചറിയുന്ന നീലകണ്ഠൻ പടവുകളിറങ്ങി വന്ന് കസേരയിലേക്ക് വീഴുന്ന രംഗം രണ്ട് പതിറ്റാണ്ടിനു ശേഷവും ഒളിമങ്ങാതുണ്ട് ഓർമ്മയിൽ. നീലകണ്ഠന്റെ മനസിൽ വർത്തമാന കാലത്തിനൊപ്പം ഓർമ്മച്ചിത്രങ്ങൾ തെളിയുന്നു. വിടപറയുന്ന പ്രിയ സഖിയുടെ മൗന നൊമ്പരങ്ങൾ ആ മുഖഭാവത്തിലൂടെ നമുക്ക് വായിക്കാം. ഒരാളുടെ മരണം ജീവിച്ചിരിക്കുന്ന പ്രിയമുള്ളവരിൽ സൃഷ്ടിക്കുന്ന ശൂന്യത എത്ര അർത്ഥവത്തായാണ് ഒരു ഗാനരംഗത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.
ദാമ്പത്യം തുടക്കത്തിൽ ഒരു ചില്ലുപാത്രം പോലെയാണെങ്കിൽ പഴകും തോറും വീഞ്ഞു പോലെയാണ്. ഊഷ്മളമായി നിലനിന്നു പോവുന്ന അത്തരം ബന്ധങ്ങളിൽ ഒരാളുടെ വേർപാട് താങ്ങാവുന്നതിനപ്പുറമാണ് പങ്കാളികൾക്ക്. വാർധക്യത്തിലും കെടാത്ത പ്രണയം ഇതിലും മനോഹരമായി എങ്ങനെ വർണിക്കാനാവും. 

ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ
പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ
തുടുവിരലിന്‍ തുമ്പാല്‍ നിന്‍
തിരുനെറ്റിയിലെന്നെ നീ
തിരുനെറ്റിയിലെന്നെ നീ
സിന്ദൂരരേണുവായണിഞ്ഞിരുന്നൂ…”

നെറ്റിത്തടത്തിലെ സിന്ദൂരം സുമംഗലിമാരുടെ സൗഭാഗ്യമാണെന്ന് കേട്ടു വളർന്നിട്ടും അധികാരമുദ്രകളോടെന്നും എതിർപ്പായിരുന്നു. എങ്കിലും ഈ ഗാനത്തിലെ ഏറ്റവും ഹൃദയസ്പർശിയായ വരി ഏതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയമില്ലാതെ ഞാൻ പറയും;
‘തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ
സിന്ദൂരരേണുവായണിഞ്ഞിരുന്നൂ…’
അക്ഷരങ്ങൾക്കുമുന്നിൽ ഈണവും ശബ്ദവും ചിത്രീകരണവും തോറ്റുപോവുന്ന ഗിരീഷ് മാജിക്. കണ്ണടച്ചിരുന്ന് കേട്ടു നോക്കൂ. വരികൾ മാത്രമേ മനസിലേക്കാഴ്ന്നിറങ്ങും. അറിയാതെ കണ്ണുകൾ നിറയുന്നില്ലേ?
ഒരു പാട്ടിലൂടെ ജീവിതവും മരണവും വരച്ചുകാട്ടുകയാണ് ഗിരീഷ് പുത്തഞ്ചേരി. പ്രിയസഖിയെ നഷ്ടമായ നീലകണ്ഠനായും അമ്മയെ നഷ്ടപ്പെട്ട കാർത്തികേയനായും മോഹൻലാൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഗാനരംഗത്ത്. മനുഷ്യ ബന്ധങ്ങൾക്ക് ഒരതീന്ദ്രിയ തലമുണ്ട്. ആ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുകയാണ് കവി. ഓരോ വരിയും മനസിനെ ആഴത്തിൽ കുത്തി നോവിക്കുന്നു. പ്രണയവും ജീവിതവും മരണവും ഇതിലും തീവ്രമായി ഏതാനും വരികളിൽ എങ്ങനെ വരച്ചിടാനാവും!
പ്രിയ സഖിയുടെ നഷ്ടപ്പെടൽ സൃഷ്ടിച്ച ശൂന്യതക്ക് മുന്നിൽ തകർന്നു പോയ മംഗലശേരി നീല കണ്ഠന്റെ ഹൃദയ വേദനയും, പണം കൊണ്ട് എന്തും നേടാമെന്നു വിശ്വസിച്ചിരുന്ന കാർത്തികേയന്റെ നിസഹായതയും ഇന്നും മനസിൽ ഒരു വിങ്ങലാണ്. വരികൾക്കിണങ്ങുന്ന ചിത്രീകരണവും വരികളിലെ ശോകം മനസ്സിൽ ആഴ്ന്നിറങ്ങുന്ന രീതിയിലുള്ള സുരേഷ് പീ റ്റേഴ്സിന്റെ ഈണവും കൂടിയായപ്പോൾ ഗാനം ഒരു നോവായി ആസ്വാദക ഹൃദയങ്ങളിൽ പെയ്തിറങ്ങി. 

മനസ്സിൽ നീയെപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്റെ വൽക്കലം പുതച്ചിരുന്നൂ
തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും
ഒരു രുദ്രതാളമായ് ചേർന്നിരുന്നു
താണ്ഡവമാടും മനസ്സിലെയിരുളിൽ
ഓർമ്മകളെഴുതും തരള നിലാവേ… 

സ്നേഹിച്ചും, പ്രണയിച്ചും, ജീവിതം പകുത്തു നൽകിയവർ. അവരിലൊരാൾ പൊലിഞ്ഞു പോകുമ്പോൾ തീക്ഷ്ണമായ ആ ഓർമ്മകൾ ഇതിലും ശക്തമായി എങ്ങനെ വരച്ചിടാനാവും. ചിലപ്പോൾ ചാറ്റൽ മഴ പോലെ, ചിലപ്പോൾ പേമാരി പോലെ, മൃദുവായോ കഠിനമായോ തലോടി മരണം ഒരാളെ സ്വന്തമാക്കുമ്പോൾ അത് കൊടും നോവാകുന്നു. മരണത്തേക്കാൾ വലിയ നോവാണ് ഒറ്റപ്പെടൽ. മരണത്തേക്കാൾ ഭയാനകം. ‘അഴലിന്റെ ആഴങ്ങളിൽ സൈനു (സംവൃത )മാഞ്ഞു പോയപ്പോൾ
നോവിന്റെ തീരങ്ങളിൽ ഒറ്റപ്പെട്ടു പോയ…
‘അയാളും ഞാനും തമ്മിലെ’ ഡോ. രവി തരകനും (പൃഥ്വിരാജ്) മംഗലശേരി നീലകണ്ഠനും, ഏകാന്തതയായിരുന്നു നൂർ തട്ടിതകർത്ത തന്നിലെ അഹന്തയെന്ന് ജയിലിലേക്ക് മടങ്ങും വഴി കണ്ടെത്തിയ കെ ആർ മീരയുടെ ‘ഏകാന്തതയുടെ നൂർ വർഷങ്ങ’ളിലെ സത്യനുമൊക്കെ മരണത്തേക്കാൾ ഭയാനകമായ ഈ ഒറ്റപ്പെടൽ അനുഭവിക്കാൻ വിധിക്കപ്പെട്ടവരല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.