ഐശ്വര്യ ശ്രീജിത്ത്

കോഴിക്കോട്

May 19, 2021, 7:43 pm

ആകാശവാണിയുടെ മധുരസ്വരങ്ങൾ പൊരുതുന്നു; അതിജീവനത്തിനായി

Janayugom Online

ഗൃഹാതുര സ്മരണകൾ നിറയുന്ന ആകാശവാണിയുടെ മധുര സ്വരങ്ങൾ അതിജീവനത്തിനായി പൊരുതുന്നു. പഴമയുടെയും പ്രൗഢിയുടെയും കോഴിക്കോടൻ ഓർമ്മകളിൽ എന്നും നിറഞ്ഞുനിന്ന ആകാശവാണിയുടെ ശബ്ദത്തിന് മരണ മണി മുഴങ്ങുമ്പോൾ എഴുപത്തിയൊന്നാം പിറന്നാൾ നിർണ്ണായക ദിനം കൂടിയാവുകയാണ്.
ട്രാൻസ്മിഷൻ സംവിധാനത്തിലുള്ള റേഡിയോ സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള നീക്കം സജീവമാകുന്നതോടെ കോഴിക്കോട് ആകാശവാണിയുടെ എ. എം ( ആംപ്ലിറ്റിയുഡ് മോഡുലേറ്റഡ്) വിഭാഗം ഇനി ഓർമ്മയായേക്കും. ട്രാൻസ്മിറ്ററുകളുടെ പഴക്കം പരിഗണിച്ചാണ് ഓരോ സ്റ്റേഷനുകളും അടച്ചുപൂട്ടുന്നത്. നിലവിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ട്രാൻസ്മിറ്ററിന്റെ വാൽവുകളുടെ കാലാവധി കഴിയാറായി. മാറ്റിവെക്കാൻ വാൽവുകൾ ഇന്ത്യയിൽ കിട്ടാനുമില്ല. മീഡിയം വേവ് സ്റ്റേഷനുകൾ അധികം ഊർജ്ജം ഉപയോഗിക്കുന്നതിനാൽ വൈദ്യുതി ബില്ലും ലക്ഷങ്ങളാണ്. ആദ്യം പുട്ടുന്ന നിലയങ്ങളുടെ പട്ടികയിൽ കോയമ്പത്തൂരിനും പുതുച്ചേരിക്കും താഴെയാണ് കോഴിക്കോടിന്റെ സ്ഥാനമെങ്കിലും അടുത്തവർഷത്തോടെ അടച്ചുപൂട്ടാൻ ആണ് സാധ്യത.
കേന്ദ്ര ‑സംസ്ഥാന സർക്കാറുകളുടെ വികസന പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ആകാശവാണി പ്രധാന പങ്കാണ് വഹിക്കുന്നത്. ലക്ഷദീപ്കാർക്കും കോഴിക്കോട് എ എം നിലയം ആശ്രയമായിരുന്നു. ആലപ്പുഴയിലെ ആകാശവാണി നിലയം അടയ്ക്കാൻ പെട്ടെന്ന് ഒരു ദിവസമാണ് ഉത്തരവ് വന്നത്. പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നിർത്തി വെച്ചിരിക്കുന്നത്. ആലപ്പുഴയിൽ ബദൽ സംവിധാനമായി 5 കിലോവാട്ടിന്റെ എഫ് എം പ്രക്ഷേപണം ഉണ്ട്. എന്നാൽ കോഴിക്കോട് ബദൽ മാർഗങ്ങൾ ഇല്ലാത്തതിനാൽ പരിപാടികളുടെ സംപ്രേക്ഷണം നിലക്കാനാണ് സാധ്യത.
ലോകമെങ്ങും ഡിജിറ്റൽ റേഡിയോ സംരക്ഷണം തരംഗമാകുന്ന ഈ കാലത്ത് എ എം ട്രാൻസ്മിറ്ററുകളുടെ പകരം ഡിജിറ്റൽ റേഡിയോ മോൺഡിയൽ (ഡി. ആർ. എം)സംവിധാനം ഒരുക്കിയാൽ എ എം സ്റ്റേഷൻ നിലനിർത്താൻ കഴിയും. തമിഴ്‌നാട്ടിലും കർണാടകയിലും ഗോവയിലും രാജസ്ഥാനിലും ഈ സംവിധാനത്തിൽ ആകാശവാണി നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇതുവരെ ഡിജിറ്റൽ റേഡിയോ സംവിധാനം കൊണ്ടുവന്നിട്ടില്ല. ലോകത്തെങ്ങും ഡിജിറ്റൽ റേഡിയോ സംരക്ഷണം തരംഗമാകുന്ന ഈ കാലത്ത് കോഴിക്കോടിന്റെ നിലയവും ഡിജിറ്റലിന്റെ ലോകത്തേക്ക് മാറണമെന്നാണ് ഉദ്യോഗസ്ഥരുടേയും ശ്രോതാക്കളുടെയും ഒരുപോലെയുള്ള ആവശ്യം.