Saturday
16 Nov 2019

അക്ഷരസമക്ഷം

By: Web Desk | Sunday 9 June 2019 7:46 AM IST


അനീസ ഇഖ്ബാല്‍

തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിലുമുള്ളവര്‍ കാണാറുള്ളതാണ് ഒരു കാലന്‍ കുടയുമായി, മുണ്ടും മടക്കിക്കുത്തി, റോഡരികുപറ്റി നടന്നു പോകുന്ന എഴുപതുകള്‍ പിന്നിട്ട ഒരാളെ. സ്റ്റാറ്റിയൂവില്‍ നിന്ന് ബേക്കറിജംഗ്ഷന്‍, വഴുതക്കാട്, ഇടപ്പഴിഞ്ഞി എന്നീ സ്ഥലങ്ങള്‍ വഴി നിത്യവും വൈകുന്നേരം ആറിനും ഏഴിനും ഇടയ്ക്ക് പാങ്ങോട് മിലിറ്ററി സ്റ്റേഷനടുത്തുള്ള ‘പ്രദീപ്തി’യിലേക്ക് നടക്കാറുള്ള ഇദ്ദേഹം വഴിയിലെ തേയിലക്കടക്കാരനോടും മുറുക്കാന്‍ക്കടക്കാരനോടും പഴക്കടക്കാരനോടുമെല്ലാം ലോഹ്യംപറയും, പത്രവാര്‍ത്തകള്‍ ചര്‍ച്ച ചെയ്യും. രസകരമായ കാര്യം, ഇദ്ദേഹം ആരായിരുന്നുവെന്നോ ആരാണെന്നോ ഇവര്‍ക്കാര്‍ക്കും അറിയില്ല. അത്തരം സ്വന്തം കാര്യങ്ങള്‍ ഇദ്ദേഹം അവരോട് പറയാറുമില്ല. ഏതെങ്കിലും ദിനപത്രത്തിലോ ചാനലിലോ കാണാനിടയാകുമ്പോഴാണ് പലരും അറിയുക കാലന്‍ കുടയുമായി, മുണ്ട് മടക്കിക്കുത്തി നടന്നുപോകുന്ന ആള്‍ ജി എന്‍ പണിക്കരാണെന്ന്.
മലയാളത്തിലും ഇംഗ്ലീഷിലുമായി അറുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകാരനും ചിറ്റൂര്‍ (പാലക്കാട്), തലശ്ശേരി, എറണാകുളം, തിരുവനമ്പുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് സാഹിത്യം ഇരുപത് വര്‍ഷം (1967-87) പഠിപ്പിച്ച, ഇപ്പോഴും പാരലല്‍കോളേജില്‍ ഇംഗ്ലീഷ് എം എ/ബി എ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകനും, സംസ്ഥാന സാംസ്‌കാരിക കാര്യം പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, കേരള ഗവര്‍ണ്ണറുടെ പി ആര്‍ ഒ, നാഷണല്‍ ബുക് ട്രസ്റ്റിന്റെ ‘മാസ്റ്റര്‍ പീസസ് ഓഫ് ഇന്ത്യന്‍ ലിറ്ററേച്ചറി’ല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള പ്രൊഫ. ജി എന്‍ പണിക്കര്‍ തന്റെ എഴുത്തു ജീവിതത്തെപ്പറ്റി സംസാരിച്ചു തുടങ്ങി….

GNPanikar

അധ്യാപനം
തുറന്നു പറയട്ടെ, അദ്ധ്യാപകനെന്ന പദവിയോടാണ് എനിക്ക് വൈകാരികമായ കൂടുതലടുപ്പം. എണ്‍പതുകഴിഞ്ഞ ഞാന്‍ ഇന്നും പഠിപ്പിക്കാന്‍ പോകുന്നു. കുട്ടികളുമായുള്ള ഇടപെടല്‍, അടുപ്പം എന്റെ മനസ്സിനേയും ശരീരത്തെയും ഊര്‍ജ്ജപ്പെടുത്തുന്നു. 1957-ല്‍ ബിഎ പരീക്ഷ എഴുതി ജയിച്ചപ്പോള്‍ വെങ്ങാനൂര്‍ ജംഗ്ഷനില്‍ സ്വന്തമായൊരു ട്യൂട്ടോറിയല്‍-ജനത ട്യൂട്ടോറിയല്‍- ഒരു വര്‍ഷം നടത്തിയവനാണ് ഞാന്‍. എസ്എസ്എല്‍സിക്കു തോറ്റ രണ്ടു ബാച്ച് കുട്ടികളെ ഞാന്‍ പല വിഷയങ്ങളും പഠിപ്പിച്ചു. അമ്മ പ്രൈമറി സ്‌കൂള്‍ ടീച്ചറായിരുന്നതുകൊണ്ടാണോ അദ്ധ്യാപകവൃത്തിയോട് എനിക്ക് ഇത്രയേറെ ആഭിമുഖ്യം എന്നറിയില്ല.
1967-ല്‍ പാലക്കാട് ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന ഞാന്‍ അവിടെ ചിറ്റൂരിലുള്ള ഗവ: കോളേജില്‍ ഇംഗ്ലീഷ് ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചത് വാര്‍ത്തയായ അവസരം. ഗസറ്റഡ് പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ഞാന്‍ നോണ്‍ഗസറ്റഡ് പോസ്റ്റില്‍ ജോലിക്കു പോയതില്‍ വീട്ടുകാര്‍ക്ക് രോഷവും നാട്ടുകാര്‍ക്ക് പുച്ഛവും തോന്നിയ അവസരം. പക്ഷേ, എനിക്ക് ആഹ്ലാദം നല്കിയ ഒരനുഭവലും ആയിടെയുണ്ടായി. യാദൃച്ഛികമായി പാലക്കാട് ടൗണില്‍ വച്ച് എന്നെ കണ്ട ഉറൂബ് (അദ്ദേഹത്തോടൊപ്പം ഇടശ്ശേരിയും ഉണ്ടായിരുന്നു) എന്റെ കൈ പിടിച്ചുകുലുക്കി തുറന്ന ചിരിയോടെ പറഞ്ഞു:
”പണിക്കര്‍ ചെയ്തത് നന്നായി. ഫയലുകള്‍ക്കു പകരം ജീവനുള്ള കുട്ടികളെയാണല്ലോ അദ്ധ്യാപകനെന്ന നിലയില്‍ പണിക്കര്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരുക. നന്നായി. വളരെ നന്നായി. എന്റെ അഭിനന്ദനങ്ങള്‍.”
ആധുനികമലയാളസാഹിത്യത്തിലെ ഗിരിശിഖരമായ, എല്ലാവരെയും സുന്ദരികളും സുന്ദരന്മാരുമായി കണ്ട ഉറൂബിന്റെ സ്‌നേഹധന്യമായ വാക്കുകള്‍ ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു.

രാഷ്ട്രീയപ്രവര്‍ത്തനം

പ്രൈമറി സ്‌കൂളദ്ധ്യാപികയായ അമ്മയ്ക്കു നെടുമങ്ങാടിനടുത്തുള്ള ആനാട്ടേക്ക് സ്ഥലം മാറ്റമായപ്പോള്‍ ഞാന്‍ പാറശ്ശാല ഇവാന്‍സ് ഹൈസ്‌കൂളില്‍ ഫോര്‍ത്തു ഫോമില്‍ പഠിക്കയായിരുന്നു. ആനാട്ട് താമസിച്ച ഏഴെട്ടുവര്‍ഷം എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറിയ എനിക്ക് പതിനെട്ടുവയസു തികഞ്ഞപ്പോള്‍ പാര്‍ട്ടി അംഗത്വം കിട്ടി; മെബര്‍ഷിപ്പ് കാര്‍ഡും. പക്ഷേ, ഇരുപതു വയസ്സായപ്പോള്‍ ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും മെമ്പര്‍ഷിപ്പ് കാര്‍ഡ് എന്റെ സ്വന്തം നാട്ടിലെ, വിഴിഞ്ഞത്തിനടുത്തുള്ള മുക്കോലയിലെ ലോക്കല്‍കമ്മറ്റിയെ ഏല്പിക്കുകയും ചെയ്തു. പിന്നീട് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഞാന്‍ അംഗമായിട്ടില്ല. ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ: എന്നെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലേക്കും സാഹിത്യരചനയിലേക്കും പ്രസംഗവേദിയിലേക്കും ഒക്കെ കൈപിടിച്ചു കൊണ്ടു പോയത് ആനാട്ടെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കെ പി കുഞ്ഞുകൃഷ്ണപിള്ളയാണ്. അദ്ദേഹം അന്തരിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ മനസ്സില്‍ കണ്ട് ഒരു ചെറുകഥ എഴുതി; സി അച്ചുതമേനോന്റെ പ്രശംസ നേടിയ ‘മനുഷ്യപുത്രന്‍’ എന്ന ചെറുകഥ.

എഴുത്ത് ജീവിതം

എന്റേതായി ആദ്യം അച്ചടിച്ചു വന്നത് രണ്ടു വിമര്‍ശനങ്ങളാണ് – 1952-54 കാലത്ത്. എം ജി കോളേജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എഴുതിയ ‘കവിതയുടെ കൂമ്പടഞ്ഞില്ല’ എന്ന സാഹിത്യ ലേഖനം അവിടത്തെ മലയാളം അദ്ധ്യാപകനായ വെണ്‍കുളം പരമേശ്വരന്‍ സാര്‍ ‘നടരാജന്‍, ഇന്റര്‍മീഡിയറ്റ് രണ്ടാം വര്‍ഷം’ എന്ന പേരില്‍ കോളജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു.
തിരുകൊച്ചി അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി പട്ടം താണുപിള്ള സ്ഥാനമൊഴിഞ്ഞ കാലം. രാജപ്രമുഖന്‍ അസംബ്ലി പിരിച്ചുവിടാതിരുന്നപ്പോള്‍ കമ്യൂണിസ്റ്റു കാഴ്ചപ്പാടില്‍ എഴുതിയ ‘ജനാധിപത്യം പുലരണമെങ്കില്‍’ എന്ന ലേഖനമാണ് ആദ്യമായി അച്ചടിച്ചുവന്ന രാഷ്ട്രീയവിമര്‍ശന ലേഖനം. ബലരാമപുരം ജി രാമന്‍പിള്ളയുടെ ‘നവശക്തി’ വാരികയിലാണ് പ്രസിദ്ധീകരിച്ചത്. ‘വെങ്ങാനൂര്‍ ജി എന്‍ പണിക്കര്‍, ആനാട്’ എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
ആദ്യ ചെറുകഥ അച്ചടിച്ചുവന്നത് കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘നവയുഗം ആഴ്ചപ്പതിപ്പി’ലാണ് – 1955 ഏപ്രിലില്‍. ‘ദൈവം ചിരിക്കുന്നു’ എന്ന കഥ. അതോടൊപ്പം ഞാന്‍ പേര് വച്ചത് ‘വെങ്ങാനൂര്‍ ജി എന്‍ പണിക്കര്‍, ആനാട്,’ എന്നുതന്നെയാണ്. പക്ഷേ ആഴ്ചപ്പതിപ്പിന്റെ ചുമതലയുള്ള മണ്ണാലത്തു ശ്രീധരന്‍ എന്റെ പേരിലെ ‘വെങ്ങാനൂരും ആനാടും’ വെട്ടിക്കളഞ്ഞ് ‘ജി എന്‍ പണിക്കര്‍’ എന്നുമാത്രം നല്കി. അതോടുകൂടി ഞാനും ‘ജി എന്‍ പണിക്കര്‍’ എന്നുമാത്രം വച്ചുതുടങ്ങി.

GNPanikar

സാഹിത്യവിമര്‍ശനം

1950 കളുടെ ഒടുവില്‍ തന്നെ ഞാന്‍ പുസ്തകാഭിപ്രായങ്ങള്‍ എഴുതിത്തുടങ്ങി. 1960-ല്‍ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ദിനപ്രഭ’ എന്ന ദിനപത്രത്തില്‍ പുസ്തകാഭിപ്രായങ്ങള്‍ എഴുതി. വിമര്‍ശകനായ കെ സുരേന്ദ്രന്‍ നോവല്‍ രചനയിലേക്ക് തിരിഞ്ഞ ഘട്ടം. അദ്ദേഹത്തിന്റെ ആദ്യനോവലായ ‘താജ’ത്തെപ്പറ്റി ‘ദിനപ്രഭ’യില്‍ ഞാന്‍ ദീര്‍ഘമായെഴുതിയതും ഇന്നു ഓര്‍മ്മയിലുണ്ട്. സത്യം പറഞ്ഞാല്‍, അന്ന് പുസ്തകാഭിപ്രായങ്ങള്‍ എഴുതിത്തുടങ്ങിയതിന് പ്രേരണയായത് പുതിയ പുസ്തകങ്ങളുടെ കോപ്പി ‘ഫ്രീ’ ആയി കിട്ടുമല്ലോ എന്ന ചിന്തയാണ്.
1967-ല്‍ കോളേജദ്ധ്യാപകനായപ്പോള്‍ വിമര്‍ശനത്തില്‍ കൂടുതല്‍ താല്‍പര്യമുണ്ടായി. ഒരു കവിതയെകുറിച്ചോ ലേഖനത്തെക്കുറിച്ചോ നാടകത്തെ കുറിച്ചോ ക്ലാസ്സെടുക്കുമ്പോള്‍ തികച്ചും സൃഷ്ടിപരമായ സാഹിത്യവിമര്‍ശനമാണ് അദ്ധ്യാപകന്‍ നടത്തുന്നത്. ചിറ്റൂര്‍ കോളേജില്‍ ലഭ്യമായ വാരാദ്യവും സമ്മര്‍വെക്കേഷനുകളുമെല്ലാം പൂര്‍ണ്ണമായും ഉപയോഗിച്ചാണ് ദസ്തയേവ്‌സ്‌കിയുടെ കൃതികള്‍ മുഴുവനും സശ്രദ്ധം വായിക്കാനും കുറിച്ചെടുക്കാനും കഴിഞ്ഞത്. അങ്ങനെ 1971-ല്‍ ‘ദസ്‌കയേവ്‌സ്‌കി’ എന്ന എന്റെ വിമര്‍ശനഗ്രന്ഥം പുറത്തുവന്നു.
ഖസാക്കും ബന്‍ഗര്‍വാടിയും
ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചവയാണ് 1978-ല്‍ എഴുതിയ ‘ഖസാക്കിന്റെ ഇതിഹാസവും ബന്‍ഗര്‍വാടിയും’ എന്ന ലേഖനവും 2001-ല്‍ എഴുതിയ ‘പാവം ദസ്‌കയേവ്‌സ്‌കി’ എന്ന ലേഖനവും.
ഒ വി വിജയന്റെ 1969-ല്‍ വന്ന ‘ഖസാക്കിന്റെ ഇതിഹാസം’ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നോവല്‍ തന്നെ. ഏറെ ശ്രദ്ധിച്ചെഴുതിയതും. അതേസമയം 1954-ല്‍ ആദ്യമായി മറാത്തിയില്‍ പ്രസിദ്ധീകൃതമാവുകയും 1958-ല്‍ ‘ദ വില്ലേജ് ഹേസ് നൊവാള്‍സ്’ എന്ന പേരില്‍ ഇംഗ്ലീഷില്‍ വരികയും ചെയ്ത മറാത്തി നോവലിലെ (നോവലിസ്റ്റ് വെങ്കടേശ് മാട്ഗുഫ്ക്കര്‍) പല രംഗങ്ങളും അതേപടിയായോ അല്പസ്വല്പവ്യത്യാസങ്ങളോടുകൂടിയോ ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഞാന്‍ എഴുതിയ ലേഖനം ഏറെ വിവാദങ്ങള്‍ക്കിട നല്‍കി. പ്രൊഫ. എം കൃഷ്ണന്‍ നായര്‍ ഉള്‍പ്പെടെ വിജയന്റെ പല ആരാധകരുടെയും രൂക്ഷമായ വിമര്‍ശനത്തിന് ഞാന്‍ ഇരയായി. വിജയന്‍ ദീര്‍ഘമായ രണ്ടു കത്തുകള്‍ എനിക്ക് ദല്‍ഹിയില്‍ നിന്ന് എഴുതിയത് ഇന്നും എന്റെ കൈവശമുണ്ട്. വിജയന്‍ മറാത്തി നോവലോ അതിന്റെ ഇംഗ്ലീഷ് തര്‍ജ്ജമയോ ‘ഖസാക്കി’ന്റെ രചനയ്ക്ക് മുന്‍പ് കണ്ടിട്ടില്ലെന്നു പറഞ്ഞത് ഞാന്‍ വിശ്വസിക്കാന്‍ തയ്യാറാണ്. അതേ സമയം ബന്‍ഗര്‍വാടി’യിലും ‘ഖസാക്കിലും’ കാണുന്ന സാദൃശ്യങ്ങള്‍ തികച്ചും യാദൃച്ഛികമാണോ? എന്തോ, എനിക്ക് ഉറപ്പുവരുന്നില്ല.
സാഹിത്യമോഷണത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുതിയ കാലത്തും ഉണ്ടാകുന്നുണ്ട്. എകെപിസിടിഎയുടെ സുവനീറില്‍ ആ സംഘടനയിലെ അംഗമായ ദീപാനിശാന്തിന്റെ അച്ചടിച്ചു വന്ന ഒരു കവിത കലേഷിന്റെ വകയാണെന്ന ആരോപണം ശക്തമായിരുന്നല്ലോ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലേഷ് എഴുതിയ കവിതയിലെ കുറെ വരികള്‍ ദീപാനിശാന്തിന്റെ കവിതയിലുണ്ടെന്നാണ് ആരോപണവും തെളിവും. തന്റെ ഒരു സുഹൃത്താണ് ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞാണ് ആദ്യം അവര്‍ ആരോപണത്തെ നേരിട്ടത്. അതായത്, അവരറിയാതെ മറ്റൊരാളിന്റെ കവിത അവരുടെ പേരില്‍ സുഹൃത്ത് പ്രസിദ്ധീകരിച്ചു എന്നാണ്. പിന്നീടവര്‍ കുറ്റം ഏതാണ്ട് സമ്മതിച്ചതായും വാര്‍ത്ത കണ്ടു. ഏറ്റവും ഒടുവില്‍ വായിച്ച വാര്‍ത്ത ദീപാനിശാന്ത് സ്‌കൂള്‍ കലോത്സവത്തില്‍ ലേഖനങ്ങളുടെ ജഡ്ജിയായി ആലപ്പുഴ എത്തിയെന്നും അതിന്നെരിരായി പ്രതിഷേധം ഉണ്ടായെന്നുമാണ്. ഇതിനെപ്പറ്റിയൊക്കെ എന്തുപറയാന്‍, സഹതപിക്കുകയല്ലാതെ.
പുതിയ എഴുത്ത്, പുതിയ വിമര്‍ശനം
തികച്ചും നിഷ്പക്ഷമായ, ഒരു സാഹിത്യകൃതിയെ ഒരു സര്‍ഗ്ഗസൃഷ്ടിയെന്ന നിലയില്‍ കണ്ട് നടത്തുന്ന, വിമര്‍ശനങ്ങള്‍ ഇന്ന് കുറവാണ്. സാഹിത്യബാഹ്യമായ പല പരിഗണനകളും നമ്മുടെ വിമര്‍ശകരെ ഏറെ സ്വാധീനിക്കുന്നപോലുണ്ട്. തന്റെ പാര്‍ട്ടിക്കാരന്‍, തന്റെ ദേശക്കാരന്‍, തന്റെ ജാതിക്കാരന്‍…ഇങ്ങനെ പോകുന്നു ചില വിമര്‍ശകരുടെ മുന്‍ഗണനയും പ്രശംസയും. ഇതിനും പുറമെ മൂന്നും നാലും എഴുത്തുകാര്‍ ചേര്‍ന്ന ‘സംഘ’ങ്ങളുമുണ്ട്. സാഹിത്യവിമര്‍ശനമെന്നാല്‍ ‘പരസ്പരസഹായ’മാണെന്നു വിശ്വസിക്കുന്നവര്‍. ‘വിശ്വാസ്യത നഷ്ടപ്പെട്ട സാഹിത്യവിമര്‍ശന’ത്തിലെ പല ലേഖനങ്ങളും ഞാന്‍ ഇപ്പോള്‍ പറഞ്ഞ രീതികളെ തുറന്നുകാട്ടി വിമര്‍ശിക്കുന്നുണ്ട്. ‘ഹൈടെക്ക് പബ്ലിസിറ്റി’ എന്ന തന്ത്രം പുസ്തകത്തിന് നിരവധി പതിപ്പുകളുണ്ടായി എന്ന വ്യാജപ്രചാരണം നമ്മുടെ പല പ്രസാധകരും ഉപയോഗിക്കുന്നുണ്ട്.
പുതിയ നോവലുകള്‍
2000-ല്‍ വന്ന ‘ഒരാള്‍ തികച്ചും വിശേഷമായി’ എന്ന നോവല്‍ത്രയത്തിനുശേഷം പുതിയ നോവലുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. എഴുതിത്തുടങ്ങി മുടങ്ങിക്കിടക്കുന്നതും എഴുതാന്‍ ഉദ്ദേശിക്കുന്നതുമായ നോവലുകളുണ്ട്. ഇതെല്ലാം എന്ന് മുഴുമിപ്പിക്കാനും എഴുതാനും കഴിയും എന്നറിഞ്ഞുകൂടാ.
എഴുത്ത് ഇപ്പോഴും സജീവമായുണ്ട്. ചെറുകഥാരചനയേ നിറുത്തിയുള്ളൂ. ഒന്ന് രണ്ട് മാസികകളില്‍ – ‘കിളിപ്പാട്ട്’, ‘ജീവരാഗം’ – പ്രതിമാസ പംക്തി സ്ഥിരമായി എഴുതുന്നു. രാഷ്ട്രീയവും സാഹിത്യവുമെല്ലാം വിമര്‍ശനവിധേയമാക്കുന്ന പംക്തികള്‍. ഇപ്പോള്‍ മുടങ്ങാതെ നടക്കുന്ന സര്‍ഗ്ഗസൃഷ്ടി ഇംഗ്ലീഷ് കവിതയെഴുത്താണ്. മാസത്തിലൊരു പുതിയ ഇംഗ്ലീഷ് കവിത എഴുതും. നാലാം ഞായറാഴ്ചതോറും കൂടുന്ന ‘എം റ്റൈ റൈറ്റേഴ്‌സ് ഫോറ’ത്തില്‍ (M-TIE- മലയാളം തമിഴ് ഇന്ത്യനിംഗ്ലീഷ് എഴുത്തുകാരുടെ ഫോറം) വായിക്കാന്‍ പുതിയ ഓരോ ഇംഗ്ലീഷ് കവിത. മൂന്ന് ഇംഗ്ലീഷ് കവിതാസമാഹാരങ്ങള്‍ ഇതിനകം വന്നിട്ടുണ്ട്. A small & nn…. on the cross എന്നൊരു സമാഹാരം ഇറക്കാനുള്ള ശ്രമത്തിലാണ് ഞാനിപ്പോള്‍.

GNPanikar