അഖില ഭാരതീയ ഹിന്ദു മഹാസഭ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ശ്രീവാസ്തവ വെടിയേറ്റു മരിച്ചു. രാവിലെ പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ ലഖ്നൗവിലെ ഹസ്രത്ഗഞ്ച് ഛട്ടാര്‍ മന്‍സിലിനു സമീപമാണ് സംഭവം. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് കൂടി വെടിയേറ്റു. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേരാണ് നിറയൊഴിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഗോരഖ്പൂര്‍ ജില്ല സ്വദേശിയായ രഞ്ജിത് ശ്രീവാസ്തവ രഞ്ജിത് യാദവ്, രഞ്ജിത് ബച്ചന് എന്നീ പേരുകളിലും അറിയിപ്പെടുന്നു. വെടിയേറ്റ രഞ്ജിത് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റയാളെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയുടെ (കെജിഎംയു) ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രഞ്ജിത് ശ്രീവാസ്തവയുടെ സ്വര്‍ണ മാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ അക്രമികള്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും മോഷണമാണ് ലക്ഷ്യമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അക്രമി സംഘം ശ്രമിച്ചതാകാമെന്നും പൊലീസ് പറയുന്നു.
ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് രണ്ടാം തവണയാണ് ഒരു ഹിന്ദു നേതാവ് കൊല്ലപ്പെടുന്നത്. ഹിന്ദു സമാജ് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി കഴിഞ്ഞ ഒക്ടോബറില്‍ ലഖ്നൗവിലെ ഓഫിസില്‍ കൊല്ലപ്പെട്ടിരുന്നു.
English Summary: Akhila Bharat Hindu Mahasabha chief shot dead
YOU MAY ALSO LIKE THIS VIDEO