Web Desk

ഗുവാഹത്തി

March 24, 2021, 10:59 pm

ആർഎസ്എസിൽ ചേർന്നാൽ സ്വതന്ത്രനാക്കാമെന്ന് വാഗ്ദാനം ലഭിച്ചു: അഖില്‍ ഗൊഗോയ്

Janayugom Online

എൻഐഎ കസ്റ്റഡിയില്‍ ക്രൂരമായ പീഡനമേറ്റതായും ആർഎസ്എസിൽ ചേർന്നാൽ സ്വതന്ത്രനാക്കാമെന്ന് വാഗ്ദാനം ലഭിച്ചതായും കർഷക നേതാവ് അഖില്‍ ഗൊഗോയ്. ജയിലില്‍ നിന്ന് അയച്ച കത്തിലാണ് എന്‍ഐഎ കസ്റ്റഡിയില്‍വച്ച് നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് ഗൊഗോയ് വ്യക്തമാക്കിയത്. സിഎഎ വിരുദ്ധ സമരത്തിന്റെ പേരിലാണ് കര്‍ഷക നേതാവായ ഇദ്ദേഹത്തെ എൻഐഎ തടവിലാക്കിയിട്ടുള്ളത്. 

അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ സംഘടനയായ റൈജോര്‍ ദൾ പുറത്തുവിട്ട കത്തിലാണ് വെളിപ്പെടുത്തലുകൾ. ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തത്. ആർഎസ്എസിൽ ചേരുന്നത് തനിക്ക് അപമാനമാണെന്ന് പറഞ്ഞതോടെ ബിജെപിയില്‍ ചേരാനായിരുന്നു നിര്‍ദ്ദേശം. നിയമസഭയിലെ ഒഴിഞ്ഞ സീറ്റിലേക്ക് മത്സരിക്കാമെന്നും മന്ത്രിയാകാമെന്നും അവർ പറഞ്ഞു. 

അസമിലെ ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കാൻ ആവശ്യപ്പെട്ട സംഘം, അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നു.
പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധത്തില്‍ പങ്കുണ്ടെന്നാരോപിച്ച് 2019 ഡിസംബറിലാണ് എന്‍ഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ലോക്കപ്പിൽ ഒരു വൃത്തികെട്ട പുതപ്പ് മാത്രമാണ് തനിക്ക് നല്‍കിയത്. 34 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തറയില്‍ കിടക്കേണ്ടതായി വന്നുവെന്നും ഗൊഗോയ് പറയുന്നു. കോടതി അനുമതിയില്ലാതെ 2019 ഡിസംബര്‍ 18ന് തന്നെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായും കത്തിൽ പറയുന്നു. 

Eng­lish Sum­ma­ry : Akhil Gogoi on RSS and custody

You may also like this video :