തുല്യ നീതിയില്ല; അക്കീരമണ്‍ ബിഡിജെഎസ് വിട്ടു

Web Desk
Posted on March 27, 2019, 2:35 pm

ആലപ്പുഴ: യോഗക്ഷേമ സഭ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടും ബിഡിജെഎസും തമ്മിലുള്ള ഭിന്നത രൂക്ഷമായി. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് അക്കീരമണ്‍ ബിഡിജെഎസ് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചതായി വൈസ് പ്രസിഡന്‍റ് കൂടിയായ അദ്ദേഹം തിരുവല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അക്കീരമണ്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിഡിജെഎസ്സില്‍ മുന്നോക്കക്കാര്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും രണ്ടുതരം നീതിയാണ് ബിഡിജെഎസ്സിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ബിഡിജെഎസ്സില്‍ തുല്യ നീതിയില്ലെന്നാണ് അക്കീരമണിന്‍റെ വിമര്‍ശനം. യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. ഏതാനും മാസങ്ങളായി ബിഡിജെഎസ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അക്കീരമണ്‍.