October 2, 2022 Sunday

അക്കിത്തം മാനവികതയുടെ മഹാപ്രകാശം

ഇ എം സതീശൻ
October 16, 2020 6:00 am

സാഹിത്യത്തിലെ പൊന്നാനി കളരിയിൽ നിന്ന് ഭാരതത്തോളം വളർന്ന മഹാകവിയാണ് അക്കിത്തം. ഇന്ത്യയിൽ ഒരു എഴുത്തുകാരന് ലഭിക്കാവുന്ന എല്ലാ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിവന്നു. ഏറ്റവും അവസാനം ജ്ഞാനപീഠ പുരസ്കാരം വരെ അദ്ദേഹത്തിന് ലഭിച്ചു. ജ്ഞാനപീഠത്തിന് തന്നെക്കാളും അർഹരായ എത്രയോ വലിയ എഴുത്തുകാർ മലയാളത്തിലുണ്ടെന്നും ആയുസ്സിന്റെ ഔദാര്യംകൊണ്ടു മാത്രമാണ് തനിക്ക് ഈ പുരസ്കാരം ലഭിച്ചതെന്നും വിനയാന്വിതനായി പുരസ്കാരലബ്ധിയെക്കുറിച്ച് അക്കിത്തം തന്നെ പറഞ്ഞിരുന്നു. പക്ഷേ ജ്ഞാനപീഠ പുരസ്കാര സമർപ്പണം കഴിഞ്ഞ് അധികനാൾ അദ്ദേഹം ജീവിച്ചിരുന്നില്ല എന്നത് നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും നാടിനും തീരാനഷ്ടം തന്നെ.

പഴയ മലബാറിലെ പൊന്നാനിക്കടുത്ത് കുമരനല്ലൂർ ഗ്രാമത്തിൽ അക്കിത്തത്തില്ലത്തു ജനിച്ചു വളർന്ന അച്യുതൻ നമ്പൂതിരിയെ മഹാകവി അക്കിത്തത്തിലേക്ക് ഉയർത്തിയത് സാഹിത്യത്തിലെ പൊന്നാനി കളരിയാണ്. അക്കിത്തം തകർത്താടിയ പൊന്നാനിക്കളരി എന്ന സാഹിത്യ പ്രസ്ഥാനം ആരും ബോധപൂർവ്വമായി പടച്ചുണ്ടാക്കിയ ഒന്നല്ല. സഹജമായി രൂപപ്പെട്ടുവന്നതാണത്. നവോത്ഥാന സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങളും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും ആ കളരിയെ രൂപപ്പെടുത്തുകയായിരുന്നു. പഴയ മലബാറിലെ ഒറ്റപ്പാലം താലൂക്കിൽ ഭാരതപ്പുഴയുടെ ഇരുകരകളിൽ പരന്നൊഴുകിയ മതേതര മാനവികതയിലൂന്നിയ ദേശാഭിമാന പുരോഗമന ചേരുവയാണ് പൊന്നാനിക്കളരി.

ഇടശ്ശേരി ഗോവിന്ദൻ നായരെന്ന മഹാകവിയുടെ തലപ്പൊക്കംതന്നെയായിരുന്നു പൊന്നാനിക്കളരിയുടെ പ്രകാശഗോപുരം. അവിടെനിന്ന് വെളിച്ചം ആവാഹിച്ചു ഭാരതമാകെ പടർന്നു പന്തലിച്ച സാഹിത്യ മഹാമേരുവാണ് അക്കിത്തം. സാഹിത്യത്തിലും കലയിലും രാഷ്ട്രീയത്തിലുമൊക്കെയായി പൊന്നാനിയെ വളക്കൂറുള്ള മണ്ണാക്കി മാറ്റിയ മഹാരഥന്മാരുടെ ഒരു നീണ്ടനിരതന്നെയുണ്ട് പൊന്നാനിക്കളരിയിൽ. ദേശസംസ്കൃതിയിലൂന്നിനിന്ന് നിസ്വജനവർഗ്ഗങ്ങൾക്ക് മണ്ണിൽ മനുഷ്യരായി ജീവിക്കാൻ അധികാരം കൊയ്യണമാദ്യം നാം എന്നു പഠിപ്പിച്ചത് ഇടശ്ശേരിയാണ്. ദേശാഭിമാന സ്വാതന്ത്ര്യ ബോധമുയർത്തി കൂട്ടുകൃഷിയുടെ പാഠങ്ങൾ പരിശീലിപ്പിച്ച ഇടശ്ശേരിയാണ് അയൽഗ്രാമക്കാരനായ അക്കിത്തത്തിന്റെ ജീവിത മാർഗ്ഗദർശി. പിൽക്കാല കേരളം നെഞ്ചോടു ചേർത്തുപിടിക്കുകയും സാംസ്കാരിക രാഷ്ട്രീയ ദേശഭൂമിക ഉഴുതുമറിക്കുകയും ചെയ്ത എണ്ണമറ്റ മഹാമനീഷികൾ ആ കളരിയിൽ പരിശീലനം സിദ്ധിച്ച് അക്കിത്തത്തെപോലെ ജ്വലിച്ചുയർന്നു.

ദേശീയ സ്വാതന്ത്ര്യത്തെ പ്രോജ്വലിപ്പിച്ച മഹാകവി വള്ളത്തോൾ ഈ കളരിയിലെ അഗ്രഗാമിയാണ്. സ്വന്തം ജീവിതനുഭവവും നാരായണഗുരുവിന്റെ സ്വാധീനവും ഉൾക്കൊണ്ട് നമ്പൂതിരിയെ മനുഷ്യനാക്കാൻ ഇറങ്ങിത്തിരിച്ച വി ടി ഭട്ടതിരിപ്പാടിന്റെ പ്രേരണ അസാധാരണമായിരുന്നു. നാലപ്പാടന്റെ നവീനമാനവദർശനം കണ്ണുനീർതുള്ളികളായി പൊന്നാനിക്കളരിയിൽ വാർന്നൊഴുകി. അക്കിത്തത്തിൽ അതു ചോർന്നൊലിച്ചു. സാംസ്കാരിക സർഗാത്മക ചിന്തകളെ രാഷ്ട്രീയവും ദാർശനികവുമായി സ്വാധീനിക്കുന്നതിൽ കെ ദാമോദരൻ എന്ന മഹാവിപ്ലവകാരി വലിയ പങ്കുവഹിച്ചു. കുറ്റിപ്പുഴയുടെ യുക്തിചിന്തയും എം ഗോവിന്ദന്റെ മാനവദർശനവും ഒക്കെ പൊന്നാനി കളരിയെ ചലനാത്മകമാക്കി. അങ്ങനെ ഒഴുകിവന്ന വിശുദ്ധചിന്തയുടെ മഹാമാരിയിൽ ആപാദചൂഡം മുങ്ങിനിവർന്ന എത്ര എത്ര മനുഷ്യമഹാ മനീഷികൾ.. കുട്ടികൃഷ്ണമാരാർ, എംആർബി, പ്രേംജി, പി സി കുട്ടികൃഷ്ണൻ, സി രാധാകൃഷ്ണൻ, ശൂലപാണിവാര്യർ, പി ചിത്രൻ നമ്പുതിരിപ്പാട്, കൊളാടി ഗോവിന്ദൻകുട്ടി, പി എം പള്ളിപ്പാട് തുടങ്ങി ഇങ്ങേയറ്റത്ത് ആലങ്കോട് ലീലാകൃഷ്ണനും പി പി രാമചന്ദ്രനും വരെയുള്ള തലമുറകളുടെ ആ നിര ഇന്നും നിർവിഘ്നം തുടരുകയാണ്. പൊന്നാനി കളരിയെക്കുറിച്ച് ഇപ്പോഴും “അക്കിത്തം മുതൽ അഭിരാമിവരെ” എന്ന ഒരു ചൊല്ല് നിലനിൽക്കുന്നുണ്ട്. ആ കളരിയുടെ ജീവിച്ചിരുന്ന വടവൃക്ഷമാണ് മഹാകവിയുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്.

യൗവ്വനാരംഭത്തിൽ നമ്പൂതിരി പരിഷ്കരണപ്രസ്ഥാനത്തിൽ അക്കിത്തവും ആകൃഷ്ടനായിരുന്നു. വി ടി ഭട്ടതിരിപ്പാട്, ഇഎംഎസ്, എംആർബി, പ്രേംജി, ഐസിപി തുടങ്ങിയവരൊക്കെ അതിന് അക്കിത്തത്തിനു പ്രേരണയായിരുന്നു. അതുവഴി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോട് അക്കിത്തം മനപ്പൊരുത്തം കാത്തുസൂക്ഷിച്ചു. എഴുത്തുകാരനെന്ന നിലയിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തോടും അടുപ്പം പുലർത്തി. കെ ദാമോദരനും ഇഎംഎസുമൊക്കെയായി ഉണ്ടായ സമ്പർക്കവും ആശയസംവേദനങ്ങളും അക്കിത്തത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനാക്കി. അക്കാലത്തെ കമ്മ്യൂണിസ്റ്റ് പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങളിലൊക്കെ അക്കിത്തം സജീവമായി പങ്കെടുത്തു.

സ്വാതന്ത്ര്യ സമ്പാദനാനന്തരം അക്കിത്തത്തിന്റെ ചിന്തയിൽ വലിയ മാറ്റങ്ങളുണ്ടായി. കമ്മ്യൂണിസ്റ്റുകാരോട് കാത്തുസൂക്ഷിച്ചിരുന്ന പ്രതിപത്തി കുറയാൻ തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കട്ട തീസിസ് അതിനു കാരണമായി. സ്വാതന്ത്ര്യ സമ്പാദനത്തെ തള്ളിപ്പറഞ്ഞത് അദ്ദേഹത്തിനു ഉൾക്കൊള്ളാനായില്ല. അതിനുമുമ്പുതന്നെ റഷ്യയിലെ സ്റ്റാലിന്റെ സ്വേഛാധിപത്യത്തെക്കുറിച്ചു സംശയങ്ങളും വിരോധങ്ങളും രൂപപ്പെട്ടിരുന്നു. അതു ക്രമേണ വളർന്നുവന്ന് കമ്മ്യൂണിസ്റ്റ് വിഛേദത്തിലെത്തി. കെ ദാമോദരന്റെ ആശയഗതികളോടായിരുന്നു അക്കിത്തത്തിനു കൂടുതൽ പ്രതിപത്തിയുണ്ടായിരുന്നത്.

ഭാരതത്തിന്റെ ദർശനങ്ങളിലും സംസ്കൃതിയിലും ഊന്നുന്ന ഒരു മാർക്സിയൻ പ്രയോഗപദ്ധതി അക്കിത്തത്തിനും സ്വീകാര്യമായിരുന്നു. പക്ഷേ ആ വഴിയിലല്ല കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്ന് മനസിലാക്കി പിന്തിരിയുകയാണ് അക്കിത്തം ചെയ്തത്.

ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചതോടെ പുതിയ കൂട്ടുകെട്ടുകളായി. കോഴിക്കോട് ആകാശവാണിയിൽ പി ഭാസ്കരൻ, തിക്കോടിയൻ, കെ എ കൊടുങ്ങല്ലൂർ തുടങ്ങി എണ്ണമറ്റ സുഹൃത്തുകളും സാഹിത്യ ചർച്ചകളുമൊക്കെയായി ജീവിതം ജോലിയിലേക്കും എഴുത്തിലേക്കും വഴിമാറി. ബാല്യ‑കൗമാര‑യൗവ്വന കാലങ്ങളിൽ തന്നെ ആർജ്ജിച്ച വേദ ഇതിഹാസ ഉപനിഷദ് ജ്ഞാനങ്ങൾ അദ്ദേഹത്തിന്റെ കാവ്യോപാസനയെ ജ്വലിപ്പിച്ചു. നിഷ്കാമ കർമ്മയോഗി ആയിരിക്കുക എന്ന മനുഷ്യഗുണം പ്രസരിപ്പിക്കുന്ന ലളിതസുന്ദരവും അതേസമയം അഗാധമായ ദാർശനികാഴങ്ങൾ നിറഞ്ഞ കവിതകളുമുണ്ടായി. “എന്റെയല്ലെന്റെയല്ലീകൊമ്പനാനകൾ, എന്റെയല്ലീമഹാക്ഷേത്രവും മക്കളേ, ഗർഭഗൃഹത്തിലുണ്ടാശ്രിത വാൽസല്ല്യ നിർഭരനായൊരാളെന്റെ യായെന്റെയായ്” തുടങ്ങിയ മനുഷ്യനെ നിർവ്വചിക്കുന്ന കവിതകളുണ്ടായി വന്നു. “സത്യമല്ലാതെ യാതൊന്നും പറയാൻ ശക്തിയില്ല മേ” എന്നു പറഞ്ഞുകൊണ്ട് സത്യത്തെ നിരുപാധികം പുല്കുന്ന മഹാകവി സാഹിത്യമെന്നാൽ ജീവിതത്തിലെ കണ്ണീരിന്റെ അന്വേഷണമാണെന്ന് പഠിപ്പിച്ചു.

പ്രകൃതിയോടും പ്രപഞ്ചത്തിന്റെ നിഗൂഢതകളോടും നിരന്തര സംവാദം നടത്തി ഏതു കൂരിരുട്ടിലും പ്രത്യാശയോടെ മുന്നേറാൻ കവി നമ്മെ പ്രേരിപ്പിക്കുന്നു. മഹാനുഭാവനായ അക്കിത്തത്തെ ആദരിക്കാൻ അദ്ദേഹത്തിന്റെ നവതി ആഘോഷവേളയിൽ യുവകലാസാഹിതി കുമരനല്ലൂരിലെ വസതിയിൽ പോയിരുന്നു. നിഷ്കളങ്കമായ ചിരിയോടെ അദ്ദേഹം ഞങ്ങളെ എല്ലാവരെയും സ്നേഹപൂർവ്വം എതിരേറ്റ ചിത്രങ്ങൾ കണ്മുന്നിൽ തിളങ്ങുന്നു. ഇതെഴുന്ന നിമിഷത്തിൽ ആ മഹാകവി നമ്മോടൊപ്പമില്ല. നിത്യനിർമ്മല പൗർണ്ണമിപോലെ മലയാളഭാഷയും സാഹിത്യവുമുള്ള കാലമത്രയും മാനവികതയുടെ മഹാപ്രകാശമായി അക്കിത്തം ജ്വലിച്ചു നിൽക്കുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.