March 29, 2023 Wednesday

നിഷ്‌കളങ്കതയുടേയും തുളുമ്പാത്ത ജ്ഞാനത്തിന്റെയും പച്ചമനുഷ്യൻ

സുരേഷ് എടപ്പാള്‍
October 15, 2020 9:21 pm

നിരുപാധിക സ്‌നേഹത്തിന്റെ വറ്റാത്ത കുളിരരുവിയെ മാനവഹൃദയങ്ങളിലേക്കൊഴുക്കിയ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ ഓര്‍മ്മയാകുമ്പോള്‍ നഷ്ടമായത് നിഷ്‌കളങ്കതയുടേയും നിത്യസ്‌നേഹത്തിന്റെയും തുളുമ്പാത്ത ജ്ഞാനത്തിന്റെയും പച്ചമനുഷ്യനെ. 1926ല്‍ അന്ധവിശ്വാസങ്ങള്‍ നിറഞ്ഞു നിന്ന ഒരു ജീവിതസാഹചര്യത്തിലാണ് ജന്മമെങ്കിലും മാനവികതയുടെ ഉണര്‍ത്തുപാട്ടുമായി ജനഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ മഹാകവി അക്കിത്തം അച്യുതന്‍ സമ്പൂതിരിക്ക് സാധിച്ചത് അദ്ദേഹത്തിന്റെ വിശാലമായ ജീവിത വീക്ഷണം ഒന്നുകൊണ്ടുമാത്രമായിരുന്നു.

പൊന്നാനി സാഹിത്യകളരിയുടെ ഭാഗമാകുമ്പോഴും അദ്ദേഹത്തിന്റെ മനുഷ്യ സങ്കല്പം അന്നത്തെ പൊതുസങ്കല്പങ്ങളില്‍ നിന്നു മാറി പുതിയ തലത്തിലേക്കുയര്‍ന്നു. സംഘടിത ശക്തിയില്‍ ഊറ്റംകൊള്ളുന്ന മനുഷ്യന്റെ വിജയഗാഥകള്‍ അലയടിച്ചുയര്‍ന്നപ്പോള്‍ ഒറ്റപ്പെട്ട മനുഷ്യന്റെ വിങ്ങലും കണ്ണീരും അക്കിത്തത്തിന്റെ രചനകളില്‍ നിറഞ്ഞു. പൊന്നാനി കളരിയുടെ സാമാന്യ സ്വഭാവം ആ വരികളിലെല്ലാം നിറഞ്ഞു നിന്നു. മാനവികതാവാദവും അഹിംസയും താന്‍ ഗുരുതുല്ല്യനായി കണ്ട ഇടശ്ശേരിയില്‍ നിന്ന് പകര്‍ത്താന്‍ അക്കിത്തത്തിന് തെല്ലും മടിയുണ്ടായിരുന്നില്ല.

മാനവികതയുടെ അടിത്തറയില്‍ പ്രവര്‍ത്തിച്ച ‘പൊന്നാനിക്കളരി‘യിലൂടെ വളര്‍ന്നതു തന്നെയാണ് അദ്ദേഹത്തെ മനുഷ്യന്റെ കേവലതയെയോര്‍ത്ത് വീണ്ടും വീണ്ടും ഖിന്നനാക്കിയത്. മറ്റുള്ളവരെയോര്‍ത്ത് ഇത്രമാത്രം ഉത്ക്കണ്ഠ സൂക്ഷിച്ച മറ്റൊരു സാഹിത്യകാരന്‍ ലോകസാഹിത്യത്തില്‍ തന്നെ അപൂര്‍വ്വമാണ്. മറ്റുള്ളവര്‍ക്കുവേണ്ടി കണ്ണീര്‍ക്കണം പൊഴിക്കാന്‍ മനസ്സുരുകി കരയുന്ന മനുഷ്യനാണ് ബലവാനെന്നും ആ കണ്ണീരിന്റെ കരുത്താണ് മാനവികതയുടെ പ്രതീക്ഷയെന്നും ലോകത്തോട് ഉദ്ഘോഷിച്ച മഹാകവി അക്കിത്തം മലയാള കവിതയില്‍ വേറിട്ട വഴിവെട്ടിയ ദാര്‍ശനികനാണ്.

അക്കിത്തത്തിന്റെ കവിതയിലെ മനുഷ്യന്‍ വേദനിക്കുന്നവനും തെറ്റുകളെ ചൊല്ലി പശ്ചാത്തപിക്കുന്നവനുമായിരുന്നു. സ്വന്തം ശരികളില്‍ അഹങ്കരിക്കാതെ നിസ്സഹായാവസ്ഥയില്‍ വേദനിക്കുന്ന മനുഷ്യന്‍ അക്കിത്തത്തെ മറ്റുകവികളില്‍ നിന്നും മാറ്റി നിര്‍ത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും നേതാക്കളോടും അക്കിത്തം പുലര്‍ത്തിയ അടുപ്പം അദ്ദേഹത്തിന്റെ കൃതികളിലെ മനുഷ്യനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി. പാവപ്പെട്ടവന്റെ ഒടുങ്ങാത്ത ജീവിതദുരിതം കണ്ട് വിതുമ്പുന്ന കവിയെ മിക്ക കൃതികളിലും കാണാം. അക്കിത്തത്തിന്റെ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും പുരോഗമന ചിന്താഗതിക്കാരുമായി അദ്ദേഹം പുലര്‍ത്തിയ ആത്മബന്ധത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ആ രചനകളിലെല്ലാം മലയാളം കണ്ടത്.

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിലും അക്കിത്തത്തിന്റെ വിലപ്പെട്ട സംഭാവനയുണ്ടായിരുന്നു. ഒരു കണ്ണീര്‍ കണം മറ്റുള്ളവര്‍ക്കായ് പൊഴിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദലബ്ധിയില്‍ കവി ആറാടുമ്പോള്‍ തകര്‍ന്നു വീണത് സ്വാര്‍ത്ഥതയും അഹങ്കാരവും അലങ്കാരമെന്നോണം കൊണ്ടു നടന്നിരുന്ന അക്കാലഘട്ടത്തിലെ ആഢ്യത്വമായിരുന്നു. നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണ ശ്രമങ്ങളില്‍ ഇംഎംഎസ് നമ്പൂതിരിപ്പാടിനും വി ടി ഭട്ടതിരിപ്പാടിനുമൊപ്പം അക്കിത്തവും മുന്‍ നിരയില്‍തന്നെയുണ്ടായിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിലും അക്കിത്തത്തിന്റെ വിലപ്പെട്ട സംഭാവനയുണ്ടായിരുന്നു.

മാനവികതയുടേയും മനുഷ്യസ്‌നേഹത്തിന്റെയും ഒരിക്കലും വറ്റാത്ത നീരുറവയായി മാറി ആ സര്‍ഗ്ഗവൈഭവം. മറ്റുള്ളവരെക്കുറിച്ചുള്ള ഉത്ക്കണ്ഠ കവിയെ മറ്റൊരു ദാര്‍ശനിക തലത്തിലേക്ക് ഉയര്‍ത്തി. ജീവിത വേദനകളുടെ നേര്‍ക്കാഴ്ചകള്‍ക്കു മുന്നില്‍ ഉള്ളുരുകി കരഞ്ഞ സ്‌നേഹഗായകനായിരുന്നു അക്കിത്തം. ഒരാത്മാവിനേയും നോവിക്കാന്‍ പാടില്ലെന്ന് ഒരായിരം വട്ടം പാടിയ മഹാനുഭാവന്‍.…

ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകൾ

ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് അക്കിത്തത്തിന്റെ കവിതകളില്‍ തുളുമ്പിയത്. അപരനുവേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നത്. വാര്‍ദ്ധക്യദശയിലും നിരവധി വര്‍ഷം പണിപ്പെട്ട് ഭാഗവതം അദ്ദേഹം സമ്പൂര്‍ണ്ണമായി തര്‍ജ്ജമ ചെയ്തു. ജീവിതത്തിലനുഭവിച്ച കണ്ണീരിന്റെ പുളിപ്പ് ‘കലോപാസകന്‍ ‘എന്ന കവിതയില്‍ കാണാം. സ്‌നേഹത്തിന്റെ വശ്യത ‘വെണ്ണക്കല്ലിന്റെ കഥ’ എന്ന കവിതയിലുണ്ട്. എന്നാല്‍ അനുഗൃഹീത കവിത ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ‘തന്നെയാണ്. വടക്കേ ഇന്ത്യയിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ട ഒരു കാഴ്ചയാണ് സത്യത്തില്‍ വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ക്കു നിദാനം.

തെരുവില്‍ കലാപത്തില്‍ പെട്ട ഒരു സ്ത്രീ മരിച്ചു കിടക്കുന്നു. അവളുടെ മൃതദേഹം നായ്ക്കള്‍ കടിച്ചെടുക്കുന്നു. ഒരു കാക്ക വന്ന് അവളുടെ കണ്ണുകള്‍ കൊത്തിവലിയ്ക്കുകയാണ്. ഈ ഘട്ടത്തിലാണ് മുലകുടി മാറാത്ത അവളുടെ കൊച്ചുകുട്ടി പാലു കുടിയ്ക്കാന്‍ മാറിലേയ്ക്കു വലിഞ്ഞുകയറുന്നത്. ‘നിരത്തില്‍ കാക്ക കൊത്തുന്നു ചത്ത പെണ്ണിന്റെ കണ്ണുകള്‍ മുല ചപ്പി വലിയ്ക്കുന്നു നരവര്‍ഗ്ഗ നവാതിഥി’ ഇത്തരം കാഴ്ചയേക്കാള്‍ നല്ലത് ഇരുട്ടാണെന്ന് കവി പറയുന്നു. ഇത്തരം ആശയസ്പഷ്ടതയുള്ള വരികള്‍ മലയാളത്തില്‍ കുറവാണ്.

ENGLISH SUMMARY:akkitham man of inno­cence and unbri­dled wisdom
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.