Web Desk

തിരുവനന്തപുരം

March 05, 2021, 10:29 pm

ആർജിസിബി ആക്കുളം ക്യാമ്പസ് അർബുദ പ്രതിരോധ ചികിത്സയ്ക്കുള്ള ഗവേഷണ കേന്ദ്രമാക്കും: കേന്ദ്ര ആരോഗ്യമന്ത്രി

Janayugom Online

രാജീവ് ഗാന്ധി ജൈവസാങ്കേതിക കേന്ദ്രത്തിന്റെ (ആർജിസിബി) നിർദ്ദിഷ്ട ആക്കുളം ക്യാമ്പസ് അർബുദ പ്രതിരോധ ചികിത്സ പ്രായോഗികമാക്കുന്നതിനും രോഗശമനം ലക്ഷ്യമാക്കി ശരീരത്തിൽ പ്രതിരോധ വസ്തുക്കൾ സൃഷ്ടിക്കുന്നതിനുമുള്ള ഗവേഷണ കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ. ആർജിസിബിയുടെ പതിമൂന്നാമത് വാർഷിക പൊതുയോഗത്തെ ഓൺലൈനിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധി സെന്റർ കേരളത്തിലെ വിവിധ കാൻസർ ആശുപത്രികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് നല്ല മാതൃകയാണ്. കാൻസർ ഭേദമാക്കുന്നതിന് ജീവ കോശങ്ങളെ അടിസ്ഥാനപ്പെടുത്തി നൽകുന്ന ചികിത്സ കുറഞ്ഞ ചെലവിൽ രോഗികൾക്ക് ലഭ്യമാക്കാൻ ഈ സഹകരണത്തിലൂടെ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

രോഗവ്യാപന ശേഷിയുള്ള സജീവമായ വൈറസുകളെ ഉപയോഗിച്ചുകൊണ്ട് അങ്ങേയറ്റം നിയന്ത്രിതമായ സാഹചര്യങ്ങളിൽ സുരക്ഷിതമായി ഗവേഷണം നടത്തി മരുന്നുല്പാദനം നടത്താനുള്ള ബിഎസ്എൽ‑3 (ബയോ സേഫ്റ്റി ലെവൽ 3) സൗകര്യം ആർജിസിബിയുടെ രണ്ടാമത്തെ കേന്ദ്രമായ ആക്കുളം ക്യാമ്പസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സൗകര്യം നിലവിൽ വരുന്നത്. ഇതിലൂടെ സാംക്രമിക സൂക്ഷ്മാണുക്കൾ പരത്തുന്ന രോഗങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. പുത്തൻ തലമുറയിൽപെട്ട പ്രോട്ടീനുകളും ന്യൂക്ലിക് ആസിഡുകളും ഉപയോഗിച്ചുകൊണ്ടുള്ള വാക്സിനുകൾ വികസിപ്പിക്കാനുള്ള ഗവേഷണവും ആക്കുളത്ത് സാധ്യമാകും. 

ഇന്ത്യയുടെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം വിജയകരമായി പൂർത്തിയാക്കാൻ ഗവേഷണ‑വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഗൗരവമേറിയ ശാസ്ത്ര ഗവേഷണം ഏറ്റെടുക്കാൻ രാജ്യത്തിന് ശേഷിയുണ്ടെന്ന് ഈ ഭഗീരഥ പ്രയത്നത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. സമർപ്പണ ബോധമുള്ള ശാസ്ത്രസമൂഹമാണ് ഇതിന് സഹായിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് രോഗവ്യാപനം കുറയുന്നതിന്റെ പേരിൽ ഇപ്പോൾ ഉദാസീനരാകാൻ പാടില്ല. വൈറസ് പുത്തൻ വകഭേദങ്ങളിലൂടെ കൂടുതൽ അപകടകാരിയായി മാറിയേക്കാം. അതുകൊണ്ടുതന്നെ രോഗം പകരാതിരിക്കാൻ മാസ്ക് ധരിക്കുകയും വൃത്തി കാത്തുസൂക്ഷിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
eng­lish summary;Akkulam Cam­pus Can­cer Pre­ven­tion Cen­ter will be devel­oped as a research cen­ter said byU­nion Health Minister
you may also like this video;