Sunday
21 Jul 2019

പൊതിച്ചോറും വസ്ത്രങ്ങളും സംഭാവന ചെയ്യാനും എടുക്കാനുമുള്ള അക്ഷയപാത്ര പദ്ധതിക്ക് തുടക്കം

By: Web Desk | Monday 13 May 2019 2:35 PM IST


സെര്‍വ് പീപ്പ്ള്‍ ഫൗണ്ടേഷന്‍ കടവന്ത്ര സെന്റ് ജോസഫ് പള്ളിയിലാരംഭിച്ച അക്ഷയപാത്ര പദ്ധതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെവലിയര്‍ ഡോ. മോഹന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. ബെന്നി മാരാംപറമ്പില്‍, അസി. വികാരി ഫാ. സണ്ണി കളപ്പുരയ്ക്കല്‍, ഫൗണ്ടേഷന്‍ ട്രസ്റ്റി അജിത് മാത്യു എന്നിവര്‍ സമീപം.

കൊച്ചി: ആവശ്യക്കാര്‍ക്ക് പൊതിച്ചോറും വസ്ത്രങ്ങളും നല്‍കാനും എടുക്കാനും സൗകര്യമൊരുക്കുന്ന അക്ഷയപാത്ര പദ്ധതിക്ക് കടവന്ത്ര സെന്റ് ജോസഫ് പള്ളിയില്‍ തുടക്കമായി. ഖത്തര്‍ മലയാളിയും സീറോ മലബാര്‍ ചര്‍ച്ചസ് ഗള്‍ഫ് കോഓര്‍ഡിനേറ്ററുമായ ഷെവലിയര്‍ ഡോ. മോഹന്‍ തോമസിന്റെ നേതൃത്വത്തിലുള്ള സെര്‍വ് പീപ്പ്ള്‍ ഫൗണ്ടേഷനാണ് പള്ളിയങ്കണത്തില്‍ 275 ലിറ്റര്‍ ശേഷിയുള്ള ഫുഡ് കൂളറും അലമാരയും സ്ഥാപിച്ചു നല്‍കിയത്. പൊതിച്ചോര്‍ സംഭാവന ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വൃത്തിയായി പാചകം ചെയ്ത് പാക്കു ചെയ്ത പൊതിച്ചോര്‍ ഫുഡ് കൂളറില്‍ കൊണ്ടുവന്നു വെച്ചാല്‍ മതിയാകും.

അധികം പഴക്കമില്ലാത്തതും ഉപയോഗിക്കാവുന്നതുമായ നല്ല വസ്ത്രങ്ങള്‍ െ്രെഡ ക്ലീനിംഗ് ചെയ്ത ശേഷം നല്ല പാക്കറ്റുകളില്‍ അലമാരയിലും നിക്ഷേപിക്കാം. ആവശ്യക്കാര്‍ക്ക് ഇവ സൗജന്യമായി എടുത്തുകൊണ്ടുപോകാവുന്നതാണ്. വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പു ചുമതല പള്ളിയിലെ യുവജനവിഭാഗത്തിനാണ് ഏറ്റെടുത്തിരിക്കുന്നത്. ഇടവക വികാരി ഫാ. ബെന്നി മാരാംപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെര്‍വ് പീപ്പ്ള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെവലിയര്‍ ഡോ. മോഹന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് വര്‍ഗീസ് സെബാസ്റ്റിയന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ആന്റണി പൈനുത്തറ, ജോണ്‍സണ്‍ പട്ടത്തില്‍, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പെരുമാനൂര്‍ ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് സോമന്‍ വി ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി ജെ എന്നിവര്‍ പ്രസംഗിച്ചു.

Related News