Tuesday
19 Mar 2019

എകെഎസ്ടിയു പുരസ്‌കാരം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്

By: Web Desk | Friday 11 January 2019 2:52 PM IST


C Raveendranath

തിരുവനന്തപുരം: അധ്യാപക പ്രസ്ഥാനങ്ങളുടെ സ്ഥാപകനും ചിന്തകനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി ആര്‍ നമ്പ്യാരുടെ സ്മരണക്കായി എകെഎസ്ടിയു സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌ക്കാരം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി നല്‍കുന്ന നേതൃപരമായ പങ്കിനുള്ള ബഹുമതിയായാണ് അവാര്‍ഡ്. അര നൂറ്റാണ്ടിനിപ്പുറം പൊതു വിദ്യാലയങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയത് രവീന്ദ്രനാഥിന്റെ നേതൃത്വത്തിന്‍ കീഴിലാണ്. പൊതു വിദ്യാഭ്യാസ മേഖലയുടെ ജനകീയ അടിത്തറ വ്യാപിപ്പിക്കുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തിലേറെയായി മന്ത്രിയെന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമാണദ്ദേഹം നിര്‍വ്വഹിക്കുന്നത്.

നൂതന സാങ്കേതിക വിദ്യ വ്യാപിപ്പിച്ചും സ്‌കൂളുകള്‍ ആകര്‍ഷകമാക്കി ഗുണമേന്മ വര്‍ധിപ്പിച്ചും, പരിസ്ഥിതി ചിന്ത വളര്‍ത്തിയും പൊതുവിദ്യാഭ്യാസത്തിന്റെ അഭ്യുന്നതിക്കു വേണ്ടി അദ്ദേഹം ഭരണപരമായ നടപടികളി ലൂടെയും തന്റെ പ്രഭാഷണങ്ങളിലൂടെയും നിരന്തരം പരിശ്രമിക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനും പുരോഗതിക്കും കൂടുതല്‍ പ്രചോദനം നല്‍കുന്ന മാതൃകാപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരിലാണ് അദ്ദേഹത്തെ ഈ അവാര്‍ഡിലൂടെ ആദരിക്കാന്‍ എകെഎസ്ടിയു തീരുമാനിച്ചത്.
25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. സത്യന്‍ മൊകേരി, എം എം സജീന്ദ്രന്‍, പി കെ കൃഷ്ണദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി 18ന് മലപ്പുറത്ത് നടക്കുന്ന എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തോടു അനുബന്ധിച്ച് പുരസ്‌ക്കാരം സമര്‍പ്പിക്കും.

Related News