Web Desk

കൊല്ലം

January 09, 2021, 10:06 pm

എകെഎസ്‌ടിയു — ജനയുഗം സഹപാഠി അറിവുത്സവം; ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂൾ വിഭാഗത്തിൽ അരവിന്ദും ഷിബിനും ഒന്നാം സ്ഥാനത്ത്

Janayugom Online

എകെഎസ്‌ടിയു — ജനയുഗം സഹപാഠി അറിവുത്സവം സംസ്ഥാനതല മത്സരം ഹയർ സെക്കൻഡറി വിഭാഗത്തില്‍ അരവിന്ദ് വിയും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഷിബിന്‍ സുരേഷും ഒന്നാംസ്ഥാനം കരസ്ഥമാക്കി. കൊല്ലം സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന അറിവിന്റെ ജനകീയാഘോഷത്തില്‍ 14 ജില്ലകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ 56 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

എച്ച്എസ്എസ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ അരവിന്ദ് വി തിരുവല്ല കുന്നന്താനം എന്‍എസ്എസ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. പാലക്കാട് കുമാരനല്ലൂര്‍ ജിഎച്ച്എസ്എസിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥി അമല്‍ദേവ് എ രണ്ടാംസ്ഥാനവും മലപ്പുറം മക്കരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അസ്‌ലഹ് വി മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

എച്ച്എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷിബിന്‍ സുരേഷ് പാലക്കാട് കുറ്റനാട് വട്ടേനാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എറണാകുളം തൃക്കാക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി അനുഗ്രഹ് വി കെയ്ക്കാണ് രണ്ടാംസ്ഥാനം. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി അനൂപ് രാജേഷ് മൂന്നാം സ്ഥാനത്തിന് അര്‍ഹനായി.

എല്‍പി, യുപി വിഭാഗം കുട്ടികള്‍ക്ക് ഓണ്‍ലൈനിലൂടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. എല്‍പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ഇടുക്കി സെന്റ് തോമസ് ഇഎംഎച്ച്എസ്എസിലെ മഹാലക്ഷ്മി ജി, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ പത്തനംതിട്ട ചൂരക്കോട് ജിഎല്‍പിഎസിലെ ഗുരുനിശ്ചിത, എറണാകുളം അഞ്ചല്‍വെട്ടി സെന്റ് മേരീസ് യുപിഎസിലെ രോഹിത് സോണി എന്നിവരും യുപി വിഭാഗത്തില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കൊല്ലം നെടിയവിള വിജിഎഎച്ച്എസ്എസിലെ ഗായത്രി ആര്‍, കോഴിക്കോട് ഇളേറ്റില്‍ ജിഎം യുപിഎസിലെ മുഹമ്മദ് ഫിദാല്‍, തിരുവനന്തപുരം ഇളമ്പ ജിഎച്ച്എസ്എസിലെ സാദിഖ ഡിഎസ് എന്നിവര്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി. ഒന്നാംസ്ഥാനം നേടിയവര്‍ക്ക് 10,000 രൂപ, രണ്ടാംസ്ഥാനം നേടിയവര്‍ക്ക് 7500 രൂപ, മൂന്നാംസ്ഥാനം നേടിയവര്‍ക്ക് 5000 രൂപ ക്യാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും മെമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരുമല ദേവസ്വംബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ അജിത് ആര്‍ പിള്ള എച്ച്എസ്എസ് വിഭാഗത്തിലെയും ചെങ്ങന്നൂര്‍ ‘‍ഡയറ്റി‘ലെ സീനിയര്‍ ലക്‌ചറര്‍ എം അജയകുമാര്‍ എച്ച്എസ് വിഭാഗത്തിലേയും മത്സരത്തിന് നേതൃത്വം നല്‍കി.

കോവിഡ് കാലത്ത് പങ്കാളിത്തത്തിൽ വർധന

കോവിഡിന്റെ നിയന്ത്രണങ്ങൾക്കിടയിൽ നടത്തിയ എകെഎസ്‌ടിയു — ജനയുഗം സഹപാഠി അറിവുത്സവം മൂന്നാം സീസൺ വിജ്ഞാന പരീക്ഷയുടെ ആദ്യ ഘട്ടത്തിൽ പങ്കെടുത്തത് അര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍. സബ്‌ജില്ലാതല മത്സരങ്ങള്‍ ഓണ്‍ലൈനിലാണ് സംഘടിപ്പിച്ചത്. എൽപി, യുപി വിഭാഗക്കാര്‍ക്കുള്ള സംസ്ഥാനതല മത്സരവും ഓണ്‍ലൈനിലാണ് പൂര്‍ത്തിയാക്കിയത്.

കെ ആർ വിക്രമരാജ് മെമ്മോറിയൽ എൻഡോവ്മെന്റ്, പി എം വാസുദേവൻ സ്മാരക എൻഡോവ്മെന്റ്, എം സുകുമാരപിള്ള ഫൗണ്ടേഷൻ എൻഡോവ്മെന്റ്, ആർ ചാമുണ്ണി മാഷ് സ്മാരക എൻഡോവ്മെന്റ്, പരുത്തിവിള എ മുഹമ്മദാബീവി സ്മാരക എൻഡോവ്മെന്റ്, ഓയൂർ കെഎംകെ എം അബൂബക്കർ സ്മാരക എൻഡോവ്മെന്റ്, കൊച്ചുമുക്കട രാഘവൻപിള്ള സ്മാരക എൻഡോവ്മെന്റ് (മുരുന്തൽ സർവീസ് സഹകരണബാങ്ക്), ചാമോലിൽ ഗോപിനാഥൻപിള്ള എൻഡോവ്മെന്റ്, പേരൂർ ക്രസന്റ് ഹോം എ ഷാഹുൽ ഹമീദ് സ്മാരക എൻഡോവ്മെന്റ്, മുഖത്തല എൻ ചെല്ലപ്പൻ പിള്ള സ്മാരക എൻഡോവ്മെന്റ്, പേരൂർ പരുത്തി വിള എം ഷെരീഫ് സ്മാരക എൻഡോവ്മെന്റ്, എസ്ബിഐ സിവിൽ സ്റ്റേഷൻ എൻഡോവ്മെന്റ് എന്നീ വ്യക്തികളും സംഘടനകളുമാണ് ക്യാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

Eng­lish sum­ma­ry: AKSTU- Janayu­gom Saha­paa­di Arivulsavam

You may also like this video: