24 April 2024, Wednesday

എകെഎസ്ടിയു “ഒപ്പം” പദ്ധതിക്ക് തുടക്കമായി

വയനാട് ബ്യൂറോ
കല്‍പറ്റ
September 19, 2021 5:30 pm

എകെഎസ്ടിയു സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന “ഒപ്പം” പദ്ധതിക്ക് തുടക്കമായി. (ഒപ്ടിമൈസിംഗ് പ്യൂപ്പിൾസ് പേഴ്സണാലിറ്റി ആൻഡ് അക്കാദമിക് ഡവലപ്മെന്റ് മിഷൻ) എന്ന പേരിൽ പങ്കാളിത്ത ഗ്രാമം പദ്ധതി (അധ്യാപകർ സമൂഹത്തോടൊപ്പം) നടപ്പിലാക്കുന്നത്. വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിലെ കല്ലൂർക്കുന്ന് വാർഡാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഗവൺമെന്റ് ഹൈസ്‌കൂൾ വാളവയലിൽ കേരള റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിച്ചു. ‘ഡിജിലി’ പദ്ധതിയിൽ വാളവയൽ നെഹ്‌റു മെമ്മോറിയൽ വായനശാലക്ക്  ലാപ്ടോപ്പ്, സ്പീക്കർ എന്നിവയടങ്ങിയ ഡിജിറ്റൽ ലൈബ്രറി, ‘നൈപുണ്യം’ പദ്ധതി പ്രകാരം പങ്കാളിത്ത ഗ്രാമത്തിലെ 25  വനിതകൾക്ക് കുട നിർമാണത്തിൽ പരിശീലനം,  ‘ഗ്രാമപ്രിയ’ പദ്ധതിയിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വി.വി.3–80 ഇനത്തിൽ പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ, ‘കാരുണ്യം’ പദ്ധതിയിൽ വാളവയൽ  സ്‌കൂളിൽ ഔഷധ ഉദ്യാനം, ‘കാർഷികം’ പദ്ധതി പ്രകാരം ഗ്രാമത്തിലെ കുടുംബങ്ങൾക്ക് പൂവൻ വാഴക്കുഞ്ഞുങ്ങൾ എന്നിവയുടെ ഉദ്‌ഘാടനം പരിപാടിയുടെ ഭാഗമായി നിർവഹിച്ചു. സാധാരണക്കാർക്ക് അക്ഷരാഭ്യാസം വിലക്കപ്പെട്ടിരുന്ന ഇരുണ്ട കാലത്തിൽ നിന്നും വെളിച്ചത്തിലേക്കുള്ള ഉയർച്ചയിൽ അധ്യാപക സമൂഹം വഹിച്ച പങ്ക് വലുതാണെന്നും കേവലം ക്ലാസ് മുറികൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തിന്റെ സർവോന്മുഖമായ വളർച്ചയിൽ അധ്യാപകർക്ക് ഇടപെടാൻ കഴിയുന്നതിന്റെ ഉദാത്ത മാതൃകയാണിതെന്നും അദ്ദേഹം പറഞ്ഞു. എകെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ഭാരതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു ഒപ്പം ലോഗോ പ്രകാശന നിർവഹിച്ചു. കെഎസ്എഫ്ഇ സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം വിജയൻ ചെറുകര, ഇ.കെ. ബാലകൃഷ്ണൻ, കലേഷ് സത്യാലയം, ശ്രീകല ശ്യാം, വി.ദിനേശ്കുമാർ, ടി.ഡി.സുനിൽകുമാർ, ടി.ബി.സുരേഷ്, ഇ.വി.ശശിധരൻ, ടി.ജി.അനീഷ്, സ്റ്റാൻലി ജേക്കബ്, രാജീവൻ പുതിയേടത്ത് എന്നിവർ സംസാരിച്ചു. ശ്രീജിത്ത് വാകേരി സ്വാഗതവും, കെ.സജിത്ത് കുമാർ നന്ദിയും പറഞ്ഞു.

എകെഎസ്ടിയു “ഒപ്പം” പദ്ധതി ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ വയനാട് ജില്ലയിലെ വാളവയൽ ഗവൺമെന്റ് ഹൈസ്‌കൂളില്‍ നിര്‍വ്വഹിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.