സംഘശക്തി തെളിയിച്ച് എകെഎസ്‌ടിയു റാലി

Web Desk

ആലപ്പുഴ

Posted on February 06, 2020, 11:08 pm

സംഘശക്തിയുടെ കരുത്തും ആശയത്തെളിമയും വിളംബരം ചെയ്ത് എകെഎസ്‌ടിയു റാലി. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയിൽ ആയിരക്കണക്കിന് അധ്യാപകർ അണിനിരന്നു. ആലപ്പുഴ നഗരചത്വരത്തിൽ നിന്നാണ് റാലി ആരംഭിച്ചത്. റാലി കാണുവാനും അഭിവാദ്യം ചെയ്യുവാനും ആയിരങ്ങൾ റോഡിന് ഇരുവശവും തടിച്ചുകൂടി. സംസ്ഥാന പ്രസിഡന്റ് ഒ കെ ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ കെ സി സ്നേഹശ്രീ, ജില്ലാ പ്രസിഡന്റ് വി ആർ ബീന, ജില്ലാ സെക്രട്ടറി ഉണ്ണി ശിവരാജൻ, നേതാക്കളായ കെ ബുഹാരി, പി കെ മാത്യു, കെ കെ സുധാകരൻ, കെ എസ് ഭരത് രാജ്, എസ് ഹാരിസ്, എം വിനോദ്, ജോർജ്ജ് രത്നം, എൻ ഗോപാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ആലപ്പുഴ ടി വി തോമസ് സ്മാരക ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

നെഹ്റുവിന്റെ കാലം കഴിഞ്ഞതോടെ ഇന്ത്യയുടെ മതേതര മൂല്യങ്ങൾ അധ:പതിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ തിരിച്ച് കൊണ്ടുവരണമെങ്കിൽ മത രാഷ്ട്രീയത്തിൽ നിന്ന് മതേതര രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയെടുക്കണം. വിദ്യാഭ്യാസ മേഖലയിലൂടെ മാത്രമേ ഈ പ്രവർത്തനം പൂർത്തിയാക്കാൻ പറ്റു. രാജ്യത്ത് നടക്കുന്ന അരാജകത്വത്തിനും സ്വേച്ഛാധിപധ്യത്യത്തിനും എതിരെ ശക്തമായി പോരാടേണ്ട സമയമാണിതെന്നും മുല്ലക്കര കൂട്ടിച്ചേർത്തു. സ്വാഗത സംഘം ചെയർമാൻ ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എൻ ശ്രീകുമാർ, എ ശിവരാജൻ, കിസാൻ സഭ സംസ്ഥാന സെക്രട്ടറി എൻ രവീന്ദ്രൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ഇന്ദുമതി അന്തർജ്ജനം, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി എസ് സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ജി പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

ജനറൽ കൺവീനർ കെ സി സ്നേഹശ്രീ സ്വാഗതവും വി ആർ ബീന നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 9.30ന് ടി വി തോമസ് സ്മാരക ടൗൺഹാളിൽ (ഗുരുദാസ് ദാസ് ഗുപ്ത നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 700 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ കെ എസ് ഭരത് രാജ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് കലാസന്ധ്യ. 6ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.

you may also like this video;