ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) 28-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. എടത്താട്ടിൽ മാധവൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനത്തില്‍ സംഘാടക സമിതി ചെയർമാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മോഡി ഭരണത്തിൽ വിദ്യാഭ്യാസം ആശപരമായും സാമൂഹികമായും മലിനപ്പെടുകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
അധ്യാപനത്തിന്റെ എല്ലാ ഘടനകളിലേക്കും സിലബസിലേക്കും ഇരുട്ടിനെ കൊടിയേറ്റുവാനാണ് അവർ ശ്രമിക്കുന്നത്.
അറിവിന്റെ എല്ലാ വെളിച്ചവും ഊതിക്കെടുത്തുകയാണ് മോഡി സർക്കാർ. ആർഎസ്എസും ബിജെപിയും നയിക്കുന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അന്ധവിശ്വാസങ്ങളെ പ്രതിഷ്ഠിക്കുകയാണ്. മോഡിവാഴ്ചയുടെ കീഴിൽ നമ്മുടെ വിദ്യാഭ്യാസം പിറകോട്ട് പോവുകയാണ്. ആ ചുറ്റുപാടിൽ അധ്യാപക പ്രസ്ഥാനത്തിന്റെ കടമ വലുതാണ്. ശാസ്ത്രബോധത്തിന്റെ അർത്ഥം ഉൾക്കൊള്ളുവാനും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചെറുക്കുവാനും പുത്തൻ തലമുറയിലേക്ക് അതിന്റെ സത്യം എത്തിക്കുവാനു കടമ നിറവേറ്റാനും അധ്യാപകർക്ക് അത് പകർന്നുകൊടുക്കാനും എകെഎസ്ടിയുവിന് കഴിയണം.
ആർഎസ്എസ്, ബിജെപി കാഴ്ചപ്പാടിനെ പിൻപറ്റിക്കൊണ്ടുള്ള നിലപാടല്ല എൽഡിഎഫിന്റേത്. നമ്മളും അവരും ഒന്നല്ല, ഒന്നാകാൻ പാടില്ല. അന്ധകാരത്തിലേക്ക് വീണ്ടും ആട്ടിപ്പായിക്കാൻ ശ്രമിക്കുന്നവരുടെ വഴിയാണ് മോഡിയുടേതെങ്കിൽ അതല്ല നമ്മുടെ വഴി. എൽഡിഎഫ് തീർച്ചയായും പ്രതീക്ഷയാണ്. സ്വകാര്യ സർവകലാശാലാ വിദ്യാഭ്യാസ ബില്ല് നടപ്പാക്കുന്നതിന് സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. അതിൽ കുറേ മാറ്റമുണ്ടായത് എകെഎസ്ടിയു ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളുമായി ബന്ധമുള്ളവർ നടത്തിയ ശ്രമഫലമായാണ്. സ്വകാര്യ സർവകലാശാല വരുമ്പോൾ വിദ്യാഭ്യാസ രംഗത്ത് ഇന്ന് കാണുന്നതിനപ്പുറത്തുള്ള വിജ്ഞാന സീമകളിലേക്ക് പോകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.