കശ്മീരില്‍ അല്‍ ഖ്വയ്ദ ഭീകരന്‍ സാക്കിര്‍ മൂസ കൊല്ലപ്പെട്ടു

Web Desk
Posted on May 24, 2019, 11:21 am

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ അല്‍ ഖ്വയ്ദ ഭീകരന്‍ സാക്കിര്‍ മൂസ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ഏറ്റമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ഒരു എകെ47 തോക്കും റോക്കറ്റ് ലോഞ്ചറും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. തെക്കന്‍ കശ്മീരിലെ ത്രാലിലാണ് സുരക്ഷാസേനയുമായി കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്.

ഏറ്റമുട്ടലില്‍ സാക്കിര്‍ മൂസ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനാണ് സാക്കിര്‍ മൂസ. 2013ലാണ് ഇയാള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2016ല്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതിന് ശേഷം മൂസ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാക്കിര്‍ മൂസ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജമ്മു കശ്മീരിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും അധികൃതര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റ് ബന്ധം താത്കാലികമായി നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.

You May Also Like This: