Thursday
21 Mar 2019

ആലപ്പാട് ഖനനമേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി: ആര്‍ രാമചന്ദ്രന്‍

By: Web Desk | Thursday 10 January 2019 9:59 PM IST


കരുനാഗപ്പള്ളി: ആലപ്പാട് ഖനനമേഖലയിലെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ഖനനമേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയേയും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെയും എംഎല്‍എ നേരില്‍ കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഉറപ്പ് ലഭിച്ചത്.

ഖനനം മൂലം ആലപ്പാട് പ്രദേശത്ത് ആപല്‍ക്കരമായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നത് വസ്തുതയാണ്. അശാസ്ത്രീയമായ ഖനനം മൂലം ഇവിടുത്തെ 81.5 ഏക്കര്‍ സ്ഥലം കടലെടുത്തുകഴിഞ്ഞു. ഖനനത്തെ തുടര്‍ന്നുണ്ടായ പാരിസ്ഥിതിക പ്രശ്‌നം മൂലം മത്സ്യസമ്പത്തിനും ഗണ്യമായി കുറവുണ്ടായി. ഇതൂമൂലം അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്നു. ഈ പ്രദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളിന്മേല്‍ ഐആര്‍ഇ മാനേജ്‌മെന്റും ജനപ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ അഞ്ച് പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പാക്കേജ് തീരുമാനിച്ചു. എന്നാല്‍ നാളിതുവരെ ഈ വിഷയത്തില്‍ നടപടിയുണ്ടായില്ല. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ തീരഭൂമി മുഴുവന്‍ നഷ്ടപ്പെടും.

തീരസംരക്ഷണ പദ്ധതിയൊന്നും കാര്യമായി നടക്കുന്നില്ല. ഐആര്‍ഇ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ധാതുമണല്‍ ഖനനം ചെയ്യുമ്പോള്‍ തീരദേശത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന ശക്തമായ പരാതിയുണ്ട്. അതിനാല്‍ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് രാമചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. അശാസ്ത്രീയമായ ഖനനരീതി അവസാനിപ്പിക്കണം. സി വാഷിംഗ് പൂര്‍ണമായി നിര്‍ത്തലാക്കണം. ഡ്രജിംഗിലൂടെ ഖനനം നടത്തിയശേഷം നിശ്ചിത സമയത്തിനുള്ളില്‍ ആ പ്രദേശം മണ്ണിട്ട് നികത്തി പൂര്‍വസ്ഥിതിയിലാക്കി ഉടമകള്‍ക്ക് തിരികെ നല്‍കുന്ന സാഹചര്യമുണ്ടാകണം. അങ്ങനെ വന്നാല്‍ കുടിയൊഴിഞ്ഞുപോകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്ന ഭീതിക്ക് പരിഹാരമുണ്ടാകും. ഖനനം മൂലം ആലപ്പാടിന്റെ ഭൂപ്രദേശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതെ കുറിച്ച് ശാസ്ത്രീയമായ പഠനം നടത്താന്‍ നടപടിയുണ്ടാകണം.

ആലപ്പാട് ഗ്രാമത്തില്‍ നടക്കുന്ന ഖനനം മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകളുടെ പശ്ചാത്തലത്തില്‍ ‘സേവ് ആലപ്പാട്’ എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ച് 2018 നവംബര്‍ ഒന്ന് മുതല്‍ ഒരു വിഭാഗം തുടര്‍ച്ചയായി സമരം ആരംഭിച്ചിരിക്കുകയാണ്. സമരത്തിലൂടെ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുവേ സ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആ നാട് നേരിടുന്ന പ്രശ്‌നങ്ങളാണ് സമരത്തില്‍ ഉന്നയിച്ചിട്ടുള്ളത്. തീരദേശവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി സമരം നടക്കുന്നു. കരിമണല്‍ ഖനനം മൂലം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ആദ്യമായി പൊതുജനമദ്ധ്യത്തില്‍ ഉന്നയിക്കുകയും തീരസംരക്ഷണസമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തത് ഡോ. വേലുക്കുട്ടി അരയനായിരുന്നു. ഇതിനകം നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാരാണെന്നുള്ളതും ചരിത്രം പരിശോധിച്ചാല്‍ ബോദ്ധ്യമാകും. ആലപ്പാട് ഭൂപ്രദേശം സംരക്ഷിക്കുക എന്നത് പൊതു ആവശ്യമാണ്. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അതീതമായ സാമൂഹ്യപ്രശ്‌നംകൂടിയാണിത്. ആ വിധത്തില്‍ പ്രശ്‌നത്തെ സര്‍ക്കാരും ബന്ധപ്പെട്ടവരും സമീപിക്കണമെന്നും രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.