Monday
18 Feb 2019

ആലപ്പാട്ടമ്മ

By: Web Desk | Sunday 20 January 2019 9:00 AM IST

(ആലപ്പാട്ടെ മണ്ണമ്മയ്ക്കും മക്കള്‍ക്കും)

ചവറ കെ എസ് പിള്ള

വരികയായ്… വരികയായ്… വരികയായ്
കടലുപെറ്റ മക്കള്‍ ഞങ്ങള്‍
കരിമണ്ണിന്‍ മക്കള്‍ ഞങ്ങള്‍
അലകടലായാര്‍ത്തലച്ചുവരികയായ് (വരികയായ്……)
ഇത് ഞങ്ങളുടെ ജന്മഭൂമി
ഇത് ഞങ്ങളുടെ കര്‍മ്മഭൂമി
ഇത് ഞങ്ങളുടെ സ്വപ്നഭൂമി
ഇത് ഞങ്ങളുടെ അമ്മഭൂമി (വരികയായ്…..)
അമ്മേ നിന്‍നെഞ്ചുകീറി
കരിമുത്ത് വാരിയിതാ
പൊന്മേട പൊങ്ങിടുന്നു
ചെങ്കോലുയര്‍ന്നിടുന്നു
കൊതിമൂത്ത കഴുകന്മാര്‍
വട്ടമിട്ട് കൊത്തിടുന്നു (വരികയായ്……..)
അംഗഭംഗം വന്നൊരസ്ഥി
പഞ്ജരമീയമ്മയിനി
എങ്ങനെയീ കഴുകരെ ചെറുത്തുനില്‍ക്കും
പെറ്റമണ്ണു വിട്ടു ഞങ്ങളെങ്ങുപോകുവാന്‍
ചത്തടിഞ്ഞ തലമുറകളിവിടെയല്ലേ
മൃത്യുഗീതം പാടിയിതാ കാറ്റുതേങ്ങിടുന്നു
ഈ നല്ല മണ്ണിതിന്നു തീക്കടലായ് തിളയ്ക്കുന്നു
കടലലയതുകണ്ടു മുടിതുള്ളിയലറുന്നു
കരള്‍പൊട്ടി കായലോളം വീണമീട്ടി വിതുമ്പുന്നു (വരികയായ്…….)
കയരുതമ്മേ ഞങ്ങള്‍
കരവാളുയര്‍ത്തിയിതാ
അലമാലത്തിരകളായുയര്‍ന്നിടുന്നു
പ്രതിരോധനിരകളായണഞ്ഞിടുന്നു (വരികയായ്)