Tuesday
26 Mar 2019

ബിന്ദുവിന്‍റെ തിരോധാനം: കേസിലെ പ്രതി സെബാസ്റ്റ്യന്‍ പിടിയിലായി

By: Web Desk | Saturday 7 July 2018 9:54 PM IST


കൊച്ചി/ ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ വ്യാജ പ്രമാണമുണ്ടാക്കി കോടികള്‍ വിലയുള്ള ഭൂമി തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി സെബാസ്റ്റ്യന്‍ കൊച്ചിയില്‍ പൊലീസ് പിടിയിലായി. പ്രമാദമായ ബിന്ദു തിരോധാനക്കേസിലെ മുഖ്യപ്രതിയായ ഇയാള്‍ നാളുകളായി പൊലീസിനെ വെട്ടിച്ചു കഴിയുകയായിരുന്നു. സെബാസ്റ്റ്യന്‍ ജാമ്യം തേടിയാണ് കൊച്ചിയിലെത്തിയത്. സെബാസ്റ്റ്യന് വേണ്ടി കേരളമാകെ പൊലീസ് വലവീശിയിരിക്കുമ്പോഴാണ് ഇയാള്‍ കൊച്ചി (തോപ്പുംപടി) ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യം തേടിയെത്തിയത്. എന്നാല്‍ സെബാസ്റ്റ്യാന്റെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് പരിഗണിച്ചില്ല. ഇതേതുടര്‍ന്ന് എറണാകുളത്ത് കമ്മിഷണര്‍ ഓഫിസില്‍ കീഴടങ്ങാനെത്തിയ സെബാസ്റ്റ്യനെ ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴയ്ക്കു കൊണ്ടുപോയ സെബാസ്റ്റ്യനെ ജില്ലാ പൊലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍. ബിന്ദു ജീവിച്ചിരിപ്പുണ്ടോ എന്നാണ് പൊലീസ് ആദ്യം തന്നെ സെബാസ്റ്റ്യനില്‍ നിന്ന് അറിയാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ഒന്നുമറിയില്ലെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. ആദ്യത്തെ രണ്ടരമണിക്കൂര്‍ നേരം ചോദ്യം ചെയ്തതില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്നാണ് സൂചന.

പൊലീസിനെ വെട്ടിച്ച് നടന്ന സെബാസ്റ്റ്യന്‍ നേരത്തെ പറഞ്ഞ കള്ളക്കഥകള്‍ എല്ലാം വീണ്ടും ആവര്‍ത്തിക്കുകയാണ്. വ്യാജമുക്ത്യാര്‍ ചമച്ച് ബിന്ദുവിന്റെ സ്വത്ത് വിറ്റഴിച്ച കേസിന്റെ അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇയാള്‍ ഒളിവിലായത്. ഒടുവില്‍ പൊലീസ് വിരിച്ച വലയില്‍ കുടുങ്ങിയത് 25 ദിവസങ്ങള്‍ക്ക് ശേഷം. ബിന്ദുവിന്റെ ദുരൂഹ തിരോധാനമാണ് ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷിച്ചത്. അവരുമായി ദീര്‍ഘനാള്‍ അടുപ്പത്തിലായിരുന്ന വ്യക്തിയെന്ന നിലയിലാണ് കുത്തിയതോട് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ സെബാസ്റ്റ്യന്റെ സഹായം തേടിയത്. ബിന്ദുവുമായുള്ള അടുപ്പം സമ്മതിച്ച സെബാസ്റ്റ്യന്‍ പറഞ്ഞത് ബാക്കിയെല്ലാം കള്ളക്കഥയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ഇതര സംസ്ഥാനങ്ങളില്‍ ബിന്ദു പഠിച്ചതായും ജോലിചെയ്തതായും ധരിപ്പിച്ച് പൊലീസിനെ വട്ടംകറക്കി. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം പൊലീസ് സംഘം ചെന്നൈയിലും ബംഗളൂരുവിലും മറ്റും പോയി അന്വേഷിച്ചുവെങ്കിലും പഠിച്ചതും ജോലിചെയ്തതുമായ സ്ഥലങ്ങള്‍ കണ്ടെത്താനായില്ല. ബിന്ദു താമസിച്ച സ്ഥലങ്ങളെന്ന പേരില്‍ ഇയാള്‍ ചിലയിടങ്ങള്‍ പൊലീസിനെ കാണിച്ചു. അതെല്ലാം സെബാസ്റ്റ്യന്റെ തട്ടിപ്പായിരുന്നു. ഇതിനിടെ സെബാസ്റ്റ്യന്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങി. ബിന്ദുവിന്റെ പേരില്‍ വ്യജമുക്ത്യാര്‍ രജിസ്റ്റര്‍ ചെയ്ത് അവരുടെ ഭൂമിവിറ്റ കേസില്‍ പൊലീസ് അന്വേഷണം ഇതിനകം ശക്തമാക്കിയിരുന്നു. ഇതോടെ സെബാസ്റ്റ്യന്റെ കൂട്ടാളി മിനിയും മുങ്ങി. ഇവരാണ് ബിന്ദുവെന്ന വ്യാജേന പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായി മുക്ത്യാറില്‍ ഒപ്പിട്ടത്. രണ്ടാളെയും പൊലീസ് വ്യാപകമായി തെരഞ്ഞുവെങ്കിലും ഫലം ഉണ്ടായില്ല.

മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാക്കോടതി നിരസിച്ചതോടെ മിനി രണ്ടിന് ചേര്‍ത്തല കോടതിയില്‍ കീഴടങ്ങി. അപ്പോഴും സെബാസ്റ്റ്യന്‍ ഒളിവില്‍ തുടര്‍ന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാക്കോടതി തള്ളിയതോടെ കീഴടങ്ങല്‍ സാധ്യത കണക്കിലെടുത്ത് പൊലീസ് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ വലവിരിച്ചു. അങ്ങനെയാണ് ഇന്നലെ ഉച്ചയോടെ കൊച്ചിയില്‍ പൊലീസ് വലയില്‍ ഇയാള്‍ കുടുങ്ങിയത്. ഇതോടെ ബിന്ദുവിന്റെ തിരോധാനത്തിന്റെ ചുരുളഴിയുന്നതിന് വഴിതുറന്നു. ബിന്ദു കൊല്ലപ്പെട്ടുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘങ്ങള്‍. രണ്ട് കേസുകള്‍ രണ്ട് സംഘങ്ങള്‍ അന്വേഷിക്കുന്നതിനിടെ അനുബന്ധമായി മൂന്ന് കേസുകള്‍ കൂടി വന്നു. ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി ബുക്ക് എന്നിവ വ്യാജമായി നിര്‍മിച്ചതിന് പുറമെ അനധികൃത പണമിടപാടിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും സെബാസ്റ്റ്യന്‍ പ്രതിയാണ്. മിനിയെയും സെബാസ്റ്റ്യനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യല്‍ ഉണ്ടായേക്കും. രണ്ടാളും നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

Related News