ടി കെ അനിൽകുമാർ

 ആലപ്പുഴ

November 13, 2020, 8:00 am

ചുവന്ന് തുടുത്ത് പുന്നപ്ര‑വയലാറിന്റെ മണ്ണ്

Janayugom Online

പുന്നപ്ര‑വയലാറിന്റെ കടുംചോപ്പില്‍ അനശ്വരമായ ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്തിലെ മുഴുവൻ സ്ഥാനാർത്ഥിളെയും പ്രഖ്യാപിച്ച് എൽഡിഎഫ് ബഹുദൂരം മുന്നിലാണ്. മറ്റ് തലങ്ങളില്‍ സ്ഥാനാർത്ഥി ചർച്ചകൾ അവസാനഘട്ടത്തിലാണ്. എന്നാൽ യുഡിഎഫിലാകട്ടെ ഗ്രൂപ്പ് പോരും തമ്മിലടിയും രൂക്ഷം. കഴിഞ്ഞദിവസം ചേർന്ന ജില്ലാതല യുഡിഎഫ് യോഗത്തിൽ ഘടകകക്ഷികളുടെ സീറ്റുകളിൽ റിബൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന കോൺഗ്രസിന്റെ പതിവ് ശൈലിക്കെതിരെ ഘടകകക്ഷികൾ കടുത്ത വിമർശനം ഉയർത്തി. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

മുൻപ് എ, ഐ ഗ്രൂപ്പുകൾ മാത്രമാണ് കോൺഗ്രസിലെ സീറ്റുകൾ വീതംവെച്ച് എടുത്തിരുന്നതെങ്കിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ ഉള്ള പുതിയ ഗ്രൂപ്പും സ്ഥാനാർത്ഥി നിർണ്ണയത്തിന് തടസ്സമാകുന്നു. ജില്ലയിൽ സംസ്ഥാന സർക്കാരും എൽഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ പ‍­ഞ്ചായത്തും വിവി­ധ തദ്ദേശ സ്ഥാപനങ്ങ­ളും നടപ്പാ­ക്കിയ വികസന പ്രവ­ർത്തനങ്ങളും ഇടതുപക്ഷത്തിന് കരുത്തുപകരുന്നു. പതിറ്റാണ്ടുകളായി ആലപ്പുഴയുടെ സ്വപ്ന പദ്ധതിയായ ആലപ്പുഴ ബൈപ്പാസ് ഉൾപ്പെടെ ഒട്ടേറെ സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാകുകയാണ്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി തിലോത്തമൻ, ജി സുധാകരൻ, തോമസ് ഐസക് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ വികസന മുന്നേറ്റമാണ് നടപ്പാക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഒമ്പത് നിയമസഭാ സീറ്റുകളിൽ ഏഴിടങ്ങളിലും എൽഡിഎഫ് എംഎൽഎമാരാണ്.

കൂടാതെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 19 മണ്ഡലങ്ങളിലും എൽഡിഎഫ് പരാജയപ്പെട്ടപ്പോൾ ആലപ്പുഴയുടെ ചുവന്ന ഭൂമിയിൽ ചെങ്കൊടിയാണ് പാറിയത്. എ എം ആരിഫ് എംപിയുടെ നേതൃത്വത്തിലും ഒട്ടേറെ പദ്ധതികൾ ജില്ലയിൽ നടപ്പാക്കുന്നു. ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 1565 ജനപ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്. 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും 158 ബ്ലോക്ക് പ‍ഞ്ചായത്ത് സീറ്റുകളും 1169 ഗ്രാമപഞ്ചായത്ത് സീറ്റുകളും 215 നഗരസഭാ സീറ്റുകളുമാണ് ജില്ലയിലുള്ളത്. 12 ബ്ലോക്ക് പഞ്ചായത്തുകളും ആറ് നഗരസഭകളും 72 ഗ്രാമപഞ്ചായത്തുകളുമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയമാണ് എൽഡിഎഫ് നേടിയത്. ജില്ലാ പഞ്ചായത്തിലെ 23 ൽ 16 സീറ്റിൽ വിജയിച്ചാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിൽ നാലിടങ്ങളിലും ഭരണം നേടി. 72 ഗ്രാമപഞ്ചായത്തുകളിൽ 45 ഇടങ്ങളിലും ഇടതുപക്ഷം ആധിപത്യം നേടി. ജില്ലയിലെ നഗരസഭകളിലും കഴിഞ്ഞതവണ ഇടതുപക്ഷം മിന്നുന്ന വിജയം നേടി. 345 സീറ്റുകളിൽ മത്സരിച്ച സിപിഐ 134 സീറ്റുകളിലും മികച്ച വിജയം നേടി. ജില്ലാ പഞ്ചായത്തിൽ രണ്ടും 15 നഗരസഭാ വാർഡുകളിലും 15 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും 92 ഗ്രാമപഞ്ചായത്ത് വാർഡുകളിലും സിപിഐ വിജയിച്ചിരുന്നു.