19 April 2024, Friday

ഇനി വനമില്ലാ ജില്ലയല്ല ആലപ്പുഴ

സ്വന്തം ലേഖിക
ആലപ്പുഴ
September 28, 2021 9:36 pm

വനമില്ലാ ജില്ലയെന്ന പേര് മാറ്റാനൊരുങ്ങി ആലപ്പുഴ. ആലപ്പുഴ പോർട്ട് മ്യൂസിയത്തിനും ഉപ്പൂറ്റി കനാലിനുമിടയിൽ പത്ത് ഏക്കറിലെ 20 സെന്റിലാണ് കാടൊരുങ്ങുന്നത്. ചെടികളുടെ പരിചരണം പുരോഗമിക്കുകയാണ്. മൂന്ന് വർഷം കൊണ്ട് ഇവ വളർന്ന് പന്തലിക്കും. 100 ഇനങ്ങളിൽപ്പെട്ട 3,200 വൃക്ഷത്തൈകളാണ് നട്ടത്. പൂവരശ്, പുന്ന, കുടംപുളി, മാവ്, അശോകം, പ്ലാവ്, ആൽ, പേര, മഹാഗണി, ജാതി തുടങ്ങിയവയാണ് പ്രധാനമായും വനത്തിലെ വൃക്ഷങ്ങൾ. പക്ഷികൾക്കായി പഴവർഗത്തിൽപ്പെട്ട വൃക്ഷങ്ങളുമുണ്ട്.

കേരള ഡെവലപ്പ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ നേതൃത്വത്തിൽ നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷനും ഇൻവിസ് മൾട്ടിമീഡിയ കൾച്ചർ ഷോപ്പിയും ചേർന്നാണ് മിയാവാക്കി വനമൊരുക്കുന്നത്. കേരള സർവകലാശാല സസ്യശാസ്ത്രവിഭാഗം, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദഗ്ധരാണ് മേൽനോട്ടം വഹിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പല ചെടികൾക്കും 15 വർഷത്തെ വളർച്ചാഫലം ഉണ്ടാകും. നഗരങ്ങളിലും സ്വാഭാവിക വനമാതൃകകൾ തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിയാവാക്കി വനം സൃഷ്ടിച്ചത്. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിറ മിയാവാക്കി വിഭാവനം ചെയ്ത പദ്ധതിയായതിനാലാണ് മിയോവാക്കി വനം എന്ന പേര് വന്നത്. ഉപയോഗശൂന്യവും തരിശുമായി കടക്കുന്ന പ്രദേശങ്ങളെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. കേരളത്തിൽ ഇത്തരം പത്ത് പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിലൊന്നാണ് ആലപ്പുഴയിലേത്.

ഒരു ചതുരശ്ര മീറ്ററിൽ അഞ്ച് മരങ്ങളാണ് നട്ടിരിക്കുന്നത്. തികച്ചും ജൈവപരിപാലനമാണ്. ദിവസത്തിൽ ഒരു തവണ ചെറുവനത്തിൽ ജലസേചനം നടത്തും. ആദ്യത്തെ രണ്ട് വർഷം കളകൾ ഇല്ലാതെ ചെടികൾ സംരക്ഷിക്കും. മാസത്തിൽ ഒരു തവണ പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുന്നുണ്ട്. മികച്ച ഫലം ലഭിക്കാൻ മരച്ചില്ലകൾ മുറിക്കുകയോ വെട്ടിമാറ്റുകയോ ചെയ്യില്ല എന്നതും പ്രത്യേകതയാണ്.

 

Eng­lish Sum­ma­ry: Alap­puzha is no longer a no for­est district

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.