കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം; പ്രതി റിമാന്റില്‍

Web Desk
Posted on February 05, 2018, 9:42 pm
പൂച്ചാക്കല്‍: ഭിക്ഷാടനത്തിനെത്തി നാലു വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസ്സില്‍ പൂച്ചാക്കല്‍ പോലീസിന്റെ പിടിയിലായ പ്രതി റിമാന്റില്‍. പ്രതി ആന്ധ്രാപ്രദേശ് അനന്തപുരം വീരബലിക്കോട്ട സ്വദേശി ചിന്നപ്പ (71) യെയാണ് ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തത്. ഞായര്‍ ഉച്ചയോടെ പാണാവള്ളി അരയങ്കാവിലെ വീട്ടില്‍ ഭിക്ഷയ്‌ക്കെത്തിയ ചിന്നപ്പ നാലു വയസുകാരനെ 10 രൂപയുടെ നോട്ട് കാണിച്ചു വിളിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട്  മാതാപിതാക്കള്‍ എത്തി. ഈ സമയം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചിന്നപ്പയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രൊബേഷന്‍ എസ്‌ഐ ജിന്‍സണ്‍ ഡൊമിനികിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം ഇന്ന് ആന്ധ്രയിലേക്കു തിരിക്കും. അതോടൊപ്പം അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പിടിയിലായ ആള്‍ പറഞ്ഞത് അനുസരിച്ചു മാത്രമാണ് ചിന്നപ്പ എന്ന പേരും വിലാസവും പൂച്ചാക്കല്‍ പൊലീസിനു ലഭിച്ചത്. എന്നാല്‍ ഇത് യഥാര്‍ഥ പേരും വിവരങ്ങളുമാണോ എന്നതില്‍ പൊലീസിന് വ്യക്തതയില്ല. ആന്ധ്ര അനന്തപുരം ജില്ലയിലെ പട്ടണം പൊലീസുമായി പൂച്ചാക്കല്‍ പൊലീസ് ബന്ധപ്പെട്ടിട്ടുവെങ്കിലും വിവരങ്ങള്‍ ലഭിച്ചതായി അറിവില്ല. പിടിയിലായ ആളെ കാണാന്‍ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി വൈകിയും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് മൂന്ന് തവണ ലാത്തി വിശിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി സ്ഥലം സ്റ്റേഷന് മുന്നിലെ റോഡില്‍ വലയം തീര്‍ത്താണ് രംഗം ശാന്തമാക്കിയത്.