വൈറല്‍പ്പനി ആലപ്പുഴയിൽ വൈറലായി

Web Desk
Posted on April 18, 2018, 9:53 pm

ആലപ്പുഴ: വൈറല്‍പ്പനി ജില്ലയില്‍ വൈറലാകുന്നു. വേനല്‍ച്ചൂടില്‍ പൊരിയുന്നജില്ലയില്‍ പനിക്കാരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണ്. മെഡിക്കല്‍ കോളജില്‍മാത്രം ഈ മാസം ഇതുവരെ ആയിരത്തിലധികം പേര്‍ ചികിത്സ തേടി. പല പ്രദേശങ്ങളിലും കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെയാണ് പനി പടര്‍ന്നു പിടിക്കുന്നത്. പകലും രാത്രിയും ഒരേ പോലെ ചൂടുകൂടുന്നതുമൂലം കുട്ടികളില്‍ മുഖത്തും ശരീരഭാഗങ്ങളിലും കുരുക്കള്‍ പോലെ ചൂടുപൊങ്ങുന്ന രോഗങ്ങളും വ്യപകമാകുന്നുണ്ട്. ഇതോടൊപ്പം കുട്ടികളില്‍ ശക്തമായ പനിയും അനുഭവപ്പെടുന്നുണ്ട്. ശരീരത്തില്‍ കുരുക്കള്‍ പൊങ്ങുന്നതുമൂലം ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ അമ്മമാര്‍ കുട്ടികളെ തണുത്തവെള്ളത്തില്‍ കുളിപ്പിക്കുന്നത് മറ്റ് അസുഖങ്ങള്‍ക്ക് കാരണമാകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. വേനല്‍മഴയുടെ ആരംഭത്തില്‍ത്തന്നെ പനി വ്യപകമായത് ആരോഗ്യവകുപ്പിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രോഗവാഹിയായ കൊതുകിന്റെ സാന്നിധ്യവും കാലാവസ്ഥാവ്യതിയാനവുമാണ് പനി പടരുവാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നുഏഴുദിവസമെങ്കിലും വിശ്രമിച്ചാല്‍ മാത്രമേ വൈറല്‍പനി പൂര്‍ണ്ണമായി മാറുകയുള്ളു. ചൂടുകാലത്ത് നന്നായി വെള്ളം കുടിക്കുക, ശുദ്ധജലം മാത്രം കുടിക്കുക എന്നീ രണ്ടു നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്നത്. പുറത്തുനിന്നും തണുത്തപാനീയങ്ങള്‍ വാങ്ങിച്ച് കുടിക്കുമ്പോള്‍ വളരെ അധികംശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ഉചിതം.വേനല്‍ ചിക്കന്‍പോക്‌സ്‌പോലെയുള്ള വിവിധപനിബാധയുടെ കാലമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരേപോലെ പടര്‍ന്നുപിടിക്കുന്ന ചിക്കന്‍പോക്‌സ് കൂടുതല്‍ അപകടകാരിയല്ലങ്കിലും വളരെയധികം ശ്രദ്ധനല്‍കേണ്ടുന്നരോഗമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.വേനലും പിന്നാലെയെത്തുന്ന കനത്തമഴയും മുന്നില്‍ക്കണ്ട് പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ‚ബോധവല്‍ക്കരണങ്ങള്‍ എന്നിവ ശക്തമാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.