മാവേലി മെഡിക്കല്‍ സ്റ്റോറുകളിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും: മന്ത്രി പി തിലോത്തമന്‍

Web Desk
Posted on April 18, 2018, 8:42 pm
ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ആലപ്പുഴ ജില്ലാ കോടതിക്ക് സമീപമുള്ള മാവേലി മെഡിക്കല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നു.
ആലപ്പുഴ: സംസ്ഥാനത്തെ മാവേലി മെഡിക്കല്‍ സ്റ്റോറുകളിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഉന്നതതല യോഗം വിളിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഇന്ന് ആലപ്പുഴ ജില്ലാ കോടതിക്ക് സമീപമുള്ള മാവേലി മെഡിക്കല്‍ സ്റ്റോറില്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് നിയമസഭ സബ്ജറ്റ് കമ്മിറ്റി പ്രകടിപ്പിച്ച അഭിപ്രായം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. മരുന്നുകള്‍ക്ക് കൊള്ളവില ഈടാക്കുന്ന രീതിക്ക് ബദലായി ആവിഷ്‌ക്കരിച്ച മാവേലി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് മാവേലി മെഡിക്കല്‍ സ്റ്റോറില്‍ വെച്ച് പരാതികളും അദ്ദേഹം സ്വീകരിച്ചു. മന്ത്രിയോടൊപ്പം സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് സന്തോഷ്‌കുമാര്‍, സി പി ഐ മണ്ഡലം സെക്രട്ടറി വി എം ഹരിഹരന്‍, എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എസ് എം ഹുസൈന്‍ എന്നിവരും ഉണ്ടായിരുന്നു.