August 11, 2022 Thursday

രാഹുൽ എന്നുവരും? … കണ്ണീരുണങ്ങാതെ രാജുവും മിനിയും

ടി കെ അനിൽകുമാർ
ആലപ്പുഴ
March 1, 2020 7:01 pm

കൊല്ലം നെടുമൻകാവ് ഇളവൂർതടത്തിൽ മുക്കിൽ ദേവനന്ദയെന്ന ഏഴുവയസുകാരിയെ കാണാതാകുകയും ഒടുവിൽ വിറങ്ങലിച്ച ശരീരമായി പുഴയിൽ കണ്ടെത്തുകയും ചെയ്തപ്പോൾ കേരളം മുഴുവൻ തേങ്ങി. ദേവനന്ദയ്ക്കായി പ്രാർത്ഥിച്ച് രാവ് വെളുപ്പിച്ച ഒരു അച്ഛനും അമ്മയും ആലപ്പുഴയിലുമുണ്ടായിരുന്നു. ആലപ്പുഴ രാഹുൽ നിവാസിൽ രാജു-മിനി ദമ്പതികൾ. ഇവരുടെ പ്രിയ പുത്രൻ രാഹുലിനെ 15 വർഷം മുൻപ് കാണാതായപ്പോൾ അവന് പ്രായം ആറ് വയസ്സ്. ഇന്നല്ലെങ്കിൽ നാളെ രാഹുൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും അവർ.

2005 മെയ് 18നാണ് രാഹുലിനെ കാണാതായത്. വീടിനോട് ചേർന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു. ലോക്കൽ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റും ക്രൈംബ്രാഞ്ചും സിബിഐയുമെല്ലാം മാറിമാറി കേസ് അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. രാഹുലിനെ ഇനി കണ്ടാൽ തിരിച്ചറിയുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. ‘രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴും സ്കൂളിൽ പോയി ഞാൻ ചോറുവാരി കൊടുത്താലേ അവൻ കഴിക്കൂ. ഇപ്പോൾ അവന് പ്രായം 22 വയസ്സ് വരും’- മിനിയുടെ കണ്ണ് ഈറനണിഞ്ഞു.

മൂന്ന് വർഷം മുൻപ് തിരുനൽവേലി സ്വദേശിയായ യുവാവ് രാഹുൽ നിവാസിലെത്തിയിരുന്നു. രാഹുലിനോട് സാമ്യമുള്ള ഒരാൾ അവിടെ ഒരു ചായക്കടയിൽ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിച്ചു. രാഹുലിന്റെ അടയാളങ്ങൾ ചോദിച്ചറി‍ഞ്ഞ് ഫോൺ നമ്പരും നൽകിയാണ് ഇദ്ദേഹം മടങ്ങിയത്. വിടർന്ന ചെവിയായിരുന്നു രാഹുലിന്റെ ഒരു പ്രത്യേകത. തിരുനെൽവേലിയിലേയ്ക്ക് പോകാനായി അയാളുടെ ഫോൺ നമ്പരിൽ പലതവണ ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിച്ചില്ലെന്ന് മിനി പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതോ കൊലപ്പെടുത്തിയതോ ആകാമെന്ന നിഗമനത്തിലായിരുന്നു കേസ് അന്വേഷിച്ച വിവിധ ഏജൻസികളെത്തിയത്.

ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഭിക്ഷാടന സംഘത്തോടൊപ്പം രാഹുലിനോട് സാമ്യമുള്ള കുട്ടികളെ കണ്ട് പലരും ഇവരെ വിവരം അറിയിച്ചിരുന്നു. രാജുവും ബന്ധുക്കളും ഇന്ത്യയിലെ ഒട്ടുമിക്ക റയിൽവേ സ്റ്റേഷനുകളിലും രാഹുലിനെ തേടി അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. നാടോടി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൃഷ്ണപിള്ളയെന്നയാൾ രാഹുലിനെ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെടുത്തിരുന്നു. വീടിന് സമീപമുളള പ്രദേശത്ത് മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അവിടെയെല്ലാം പരതി. പിന്നീട് മാനസികാസ്വാസ്ഥ്യമുള്ള ഇയാൾ നുണപറഞ്ഞതാണെന്ന് ബോധ്യമായി.

രാഹുലിന് ക്രിക്കറ്റ് കളിക്കാനായി പന്ത് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത സമീപവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇതിൽ പങ്കില്ലെന്ന് തെളിഞ്ഞതോടെ വിട്ടയച്ചു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ യ്ക്ക് കൈമാറി. കുട്ടിയെ പറ്റി വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ പ്രതിഫലവും പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്ന് 2012 ഫെബ്രുവരിയിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. പിന്നീട് രാജു, കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

കോടതി ഉത്തരവിനെ തുടർന്ന് 2013 ഒക്ടോബറിൽ കേസ് പുനരന്വേഷിക്കാൻ സിബിഐ തീരുമാനിച്ചെങ്കിലും നടപടികൾ കടലാസിലൊതുങ്ങി. ദുരൂഹത അവസാനിക്കാതെ നിൽക്കുമ്പോഴും രാഹുൽ എന്നെങ്കിലും വീട്ടിലേയ്ക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ആലപ്പുഴ എസ്ഡിവി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ശിവാനിയും സഹോദരനെ ഒരുനോക്ക് കാണാനായുള്ള വെമ്പലിലാണ്.

Eng­lish Sum­ma­ry; Alap­puzha Rahul Missing

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.