ആ സഹായ കരങ്ങൾക്ക് തൊഴുകൈകളോടെ നന്ദി പ്രകടിപ്പിച്ച് ആലപ്പുഴ

ആർ ബാലചന്ദ്രൻ

ആലപ്പുഴ

Posted on August 13, 2020, 9:06 pm

പ്രളയ സാഹചര്യത്തിൽ വീണ്ടും നീട്ടിയ ആ സഹായ കരങ്ങൾക്ക് തൊഴുകൈകളോടെ നന്ദി പ്രകടിപ്പിച്ച് ആലപ്പുഴ. പ്രളയവും കോവിഡും ഒരുപോലെ ഗ്രസിച്ച കുട്ടനാടിനെ രക്ഷിക്കാൻ ഒരിക്കൽ കൂടി കേരളത്തിന്റെ സൈനികരായ മത്സ്യത്തൊഴിലാളികളുടെ യഥാർത്ഥ ശക്തി വീണ്ടും കേരളം തിരിച്ചറിഞ്ഞു.

കോവിഡ് പ്രോട്ടോക്കോളും മറ്റ് മാനദണ്ഡങ്ങളും പാലിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടം 100 ലധികം മത്സ്യത്തൊഴിലാളികളെ മുൻകൂറായി നിയോഗിച്ചിരുന്നു. ആലപ്പുഴ കളക്ടറേറ്റ് കേന്ദ്രീകരിച്ചായിരുന്നു എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിച്ചത്. ഏത് അടിയന്തര സാഹചര്യത്തിലും ഇവരുടെ സേവനം ഉറപ്പാക്കുകയും ചെയ്തു. സമീപ ജില്ലകളായ കൊല്ലം, തിരുവനന്തപുരം കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുമായിരുന്നു കൂടുതലാളുകളും. സമീപ ജില്ലയായ പത്തനംതിട്ടയിൽ സ്ഥിതി അതീവ ഗുരുതരമാകയും തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന ഘട്ടത്തിലായിരുന്നു ഇവർ കർമ്മനിരതരായി ജനങ്ങളുടെ ജീവന് കാവലാളായത്.
പിപിഇ കിറ്റുകൾ അണിഞ്ഞ് കോവിഡ് ബാധിത മേഖലകളടക്കം നിർഭയമായി കടന്ന് ചെന്ന് വെള്ളപ്പൊക്ക ബാധിതരെ ക്യാമ്പുകളിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. കനത്ത മഴയെ അവഗണിച്ച് കണ്ടെയിൻമെന്റ് സോണുകളിലൂടെയും വള്ളങ്ങളിലെത്തി വയോജനങ്ങളടക്കമുള്ളവരെ വേഗത്തിൽ ക്യാമ്പുകളിലെത്തിക്കാൻ കഴിഞ്ഞു. ദേശീയ ദുരന്തനിവാരണ സേന ഇവർക്കൊപ്പം അണിചേർന്നതോടെ കാര്യങ്ങൾ കൂടുതൽ വേഗത കൈവന്നു.

കോവിഡ് സൃഷ്ടിച്ച അന്തരീക്ഷം അനുകൂലമാകാത്തത് കാരണം കൂടുതൽ പേർക്ക് ഈ ദൗത്യത്തിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയവർക്ക് ഗംഭീര സ്വീകരണമാണ് ജില്ലാ ഭരണകൂടം നൽകിയത്. കളക്ടർ എ അലക്സാണ്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും എത്തിയിരുന്നു.
2018 ൽ ഉണ്ടായ മഹാപ്രളയത്തിൽ കുട്ടനാടിനെ രക്ഷിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലുള്ള മത്സ്യത്തൊഴിലാളികളാണ് ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയത്. അന്നത്തെ റിയൽ ഹീറോസായി മത്സ്യത്തൊഴിലാളികൾ മാറിയതോടെ ഇവരെ പ്രത്യേക പരിശീലനം നൽകി കേരളത്തിന്റെ സൈനികരാക്കി ഫിഷറീസ് വകുപ്പ് വാർത്തെടുത്തത്.

you may also like this video