മദ്യപാനം തടയാന്‍ ശ്രമിച്ച മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

Web Desk
Posted on October 27, 2019, 4:13 pm

ലക്നൗ: മദ്യപിക്കാൻ സമ്മതിക്കാതിരുന്ന മകളെ പിതാവ് നിഷ്കരുണം വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പിതാവ് നെം സിങിനെ (52) പോലീസ് അറസ്റ്റ് ചെയ്തു.

17 കാരിയായ തിതേഷ് പിതാവിനും ഇളയ സഹോദരന്‍ സൗരഭിനോടൊപ്പമാണ് താമസിച്ചിരുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് നെം സിങിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്നാണ് നെം സിങ് അമിതമായി മദ്യപാനം തുടങ്ങിയത്. ഭൂസ്വത്തുകൾ വിറ്റ് മദ്യപാനം തുടങ്ങിയ പിതാവിനെ ഇതിൽ നിന്ന് പിൻന്തിരിപ്പിക്കാൻ മകൾ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്ന് ഇയാളുടെ മകന്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ സംഭവദിവസം വീട്ടിലിരുന്ന് അമിതമായി മദ്യപിച്ച പിതാവിനെ മകൾ തടയാൻ ശ്രമിച്ചിരുന്നു. ഇതിൻറെ വൈരാഗ്യത്തിലാണ് പിതാവ് മകളെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ശബ്ദം കേട്ട് അയല്‍ക്കാര്‍ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്.