അക്രമസാധ്യത: രാജ്യത്ത് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

Web Desk
Posted on May 22, 2019, 8:47 pm

ന്യൂഡല്‍ഹി: വോട്ടെടുപ്പിനോട് അനുബന്ധിച്ച് രാജ്യത്ത് പരക്കെ അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും മന്ത്രാലയം പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിക്കണമെന്നും പരമാവധി അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കണമെന്നും കേന്ദ്രഭരണപ്രദേശങ്ങളോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സേനകള്‍ ഒരുക്കണമെന്നും ക്രമസമാധാന പാലനത്തില്‍ വീഴ്ചവരാതെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നത് വരെ കരുതല്‍ വേണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കേരളത്തില്‍ മാത്രം 22,640 ലേറെ പൊലീസുകാരെയാണ് ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമേ സായുധ സേനയില്‍ നിന്ന് 1344 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

കാസര്‍കോട് പെരിയ‑കല്യോട്ട് നഗരങ്ങളില്‍ ഇന്ന് രാവിലെ എട്ട് മുതല്‍ നാളെ രാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രണ്ട് നഗരങ്ങളുടെയും അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് വോട്ടെടുപ്പ് ദിവസം നിരോധനാജ്ഞയും പൊലീസ് സുരക്ഷയും. വോട്ടെണ്ണലിന് ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ചശേഷമായിരിക്കും നിരോധനാജ്ഞ പിന്‍വലിക്കൂവെന്ന് കളക്ടര്‍ അറിയിച്ചു.

സുരക്ഷയുടെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വരണാധികാരിയായ ജില്ലാ കളക്ടര്‍മാരുടെ മൊബൈല്‍ ഫോണിനുപോലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വിലക്കുണ്ട്. വരണാധികാരികള്‍ക്ക് ലാന്‍ഡ് ഫോണ്‍ സൗകര്യം അതത് കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തി. കേന്ദ്ര നിരീക്ഷകര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കി. മീഡിയാ സെന്ററുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.