Saturday
16 Feb 2019

ജാഗ്രതാ നിര്‍ദ്ദേശം പ്രഹസനം; ക്വാറി തുടരാന്‍ കളക്ടറുടെ മൗനാനുവാദം

By: Web Desk | Tuesday 10 July 2018 9:24 PM IST

കെ കെ ജയേഷ്

കോഴിക്കോട്: കനത്ത മഴയില്‍ അപകടസാധ്യതയെത്തുടര്‍ന്ന് നിര്‍ത്തിയ  ക്വാറികള്‍ പുനരാരംഭിക്കാന്‍ ഉത്തരവിറക്കിയ ജില്ലാ കലക്ടര്‍,  ജനങ്ങള്‍ക്ക് ഉരുള്‍പൊട്ടല്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി രംഗത്ത്. ക്വാറികള്‍ തുറക്കാനുള്ള ഉത്തരവ് രഹസ്യമായിട്ടായിരുന്നെങ്കില്‍ ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പരസ്യമായിട്ടാണെന്ന് മാത്രം.
ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ ഇന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ കോഴിക്കോട് ജില്ലാ കലക്ടര്‍ യു വി ജോസ് തന്നെയാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചുകൊണ്ട് രഹസ്യമായി ഉത്തരവിറക്കിയത്. ജില്ലയില്‍ കട്ടിപ്പാറ കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലുണ്ടായി നിരവധി പേര്‍ മരിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ ഈ ഉത്തരവ് എട്ടിന് പിന്‍വലിച്ച കലക്ടര്‍ ഈ വിവരം മാധ്യമങ്ങളെ പോലും അറിയിച്ചില്ല. ഇതിന് ശേഷം ഇന്നലെ അപകട സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പറഞ്ഞുകൊണ്ട് കലക്ടര്‍ വീണ്ടും രംഗത്ത് വരികയായിരുന്നു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകാം എന്ന് ജനങ്ങളോട് വ്യക്തമാക്കിയ കലക്ടര്‍ ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്ന ക്വാറികള്‍ തുറന്നു കൊടുത്ത കാര്യത്തെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്തു.
ജില്ലാ ക്വാറി അസോസിയേഷന്‍ സമര്‍പ്പിച്ച അപേക്ഷപ്രകാരമാണ് കലക്ടറുടെ നടപടി. ജില്ലാ ജിയോളജിസ്റ്റ് ക്വാറികള്‍ തുറക്കാന്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നുമുണ്ട്. ജില്ലയില്‍ ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ ക്വാറി അസോസിയേഷന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. മേല്‍ വിഷയം സംബന്ധിച്ച് ജില്ലാ ജിയോളജിസ്റ്റില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുകയുണ്ടായി. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഒന്നും തന്നെ ദുരന്ത സാധ്യതാ മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ലെന്നും നിലവില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് പരിസ്ഥിതി പ്രശ്‌നങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്ന തരത്തില്‍ മൈനിംഗ് പ്ലാനിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടാണെന്നും ജില്ലാ ജിയോളജിസ്റ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴയുടെ ശക്തികുറഞ്ഞ സാഹചര്യത്തിലും സംസ്ഥാനനത്തൊട്ടാകെ നിര്‍മ്മാണ സാമഗ്രികളുടെ കുറവ് അനുഭവപ്പെടുന്നതായുള്ള പരാതികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും 9 മുതല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നുവെന്നാണ് കലക്ടറുടെ ഉത്തരവിലുള്ളത്.
എന്നാല്‍ ശക്തമായ മഴ അനുഭവപ്പെട്ട ദിവസം തന്നെയാണ് കലക്ടര്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളുവെന്നതാണ് വിരോധാഭാസം. ഇതേ കലക്ടറാണ് ഇന്നലെ 13 വരെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി രംഗത്ത് വന്നത്. തുടര്‍ച്ചയായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുളളതിനാല്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കുന്നു.
ഉരുള്‍പൊട്ടല്‍ സാധ്യത ഉളളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുളള യാത്ര പരിമിതപ്പെടുത്തണം, ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം, പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്, പുഴകളിലും ചാലുകളിലും വെളളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണമെന്നും കലക്ടര്‍ അറിയിച്ചു. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉളള ചെറിയ ചാലുകളിലൂടെ മലവെളള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യയുണ്ട് ഇതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്നും കലക്ടറുടെ അറിയിപ്പിലുണ്ട്. ക്വാറികളും മറ്റ് ഖനനങ്ങളും താത്ക്കാലികമായി നിരോധിച്ചുകൊണ്ട് ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ പറ്റുന്ന സാഹചര്യം ജില്ലയില്‍ ഇപ്പോഴില്ലെന്ന് കലക്ടറുടെ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മലകളിലും കാലവര്‍ഷത്തെ തുടര്‍നന് ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടുണ്ട്. കുറ്റിയാടി പ്രദേശത്തും ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായി. കുത്തനെയുള്ള മലകളിലെ മണ്‍പാളികള്‍ വെള്ളത്തില്‍ കുതിര്‍ന്ന് നില്‍ക്കുകയാണ് പലയിടത്തും. ചെറിയ പ്രകമ്പനം ഉണ്ടായാല്‍ പോലും ഇത് ഇടിഞ്ഞുവീഴും. ഇത്തരമൊരു സാഹചര്യത്തില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ജിയോളജിസ്റ്റ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കുകയും കലക്ടര്‍ അതിനനുസരിച്ച് ഖനനം പുനരാംരംഭിക്കാന്‍ ഉത്തരവിട്ടതെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യം. ജനങ്ങള്‍ക്ക് മേല്‍ വലിയൊരു അപകട സാധ്യത തുറന്നിട്ട ശേഷം മുന്നറിയിപ്പ് നിര്‍ദ്ദേശവുമായി രംഗത്ത് വന്ന കലക്ടറുടെ നടപടി നീതീകരിക്കത്തക്കതല്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അധികൃതരോട് അന്വേഷിച്ചപ്പോള്‍ മഴയില്ലാത്ത സമയത്ത് മാത്രം ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയാണ് നല്‍കിയതെന്നും മഴയുള്ളപ്പോള്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

Related News