Wednesday
20 Mar 2019

നിപാ; ആശ്വാസം എങ്കിലും ജാഗ്രത തുടരണം

By: Web Desk | Monday 4 June 2018 10:17 PM IST


എല്ലാവരെയും ഭീതിതമാക്കിയ നിപാ വൈറസ് ബാധയെ നിയന്ത്രണ വിധേയമാക്കിയെന്ന വാര്‍ത്ത എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്നതാണ്. കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ കേരളീയരെയാകെ ആശങ്കപ്പെടുത്തിയാണ് നിപാ വൈറസ് പടര്‍ന്നു തുടങ്ങിയത്.
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയില്‍ കഴിഞ്ഞ മാസമുണ്ടായ ചില പനിമരണങ്ങളാണ് ആശങ്ക സൃഷ്ടിച്ചത്. പനി പടരുകയും മരണനിരക്ക് നേരിയ തോതിലാണെങ്കിലും ഉയരുന്നുവെന്ന വന്ന ഘട്ടത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മരിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധന നടത്തിയപ്പോഴാണ് നിപാ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. പൂണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കിയതിനാലാണ് രോഗം പടരുന്നതും മരണ നിരക്ക് കൂടുന്നതും തടയാന്‍ സാധിച്ചത്.

സംസ്ഥാന ആരോഗ്യ വകുപ്പും അതിനൊപ്പം ചേര്‍ന്ന് പ്രദേശവാസികളും നടത്തിയ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ രോഗം പടരുന്നത് തടഞ്ഞത്. നേരത്തേ ഈ വൈറസിന്റെ സാന്നിധ്യമുണ്ടായ വിവിധ രാജ്യങ്ങളില്‍ മരണനിരക്ക് ഭയാനകമായിരുന്നുവെന്നതാണ് അനുഭവം. നൂറുകണക്കിന് മരണങ്ങള്‍ നടന്നുവെന്ന പൂര്‍വകാലാനുഭവമുള്ളതുകൊണ്ട് ആശങ്ക വളരെയധികമായിരുന്നു. നേരത്തേ ഇന്ത്യയില്‍ ഈ വൈറസ് ബാധയുണ്ടായപ്പോഴും മരണനിരക്ക് കൂടുതലായിരുന്നു.
ഇപ്പോള്‍ കോഴിക്കോട് ഈ വൈറസ് ബാധയുണ്ടായപ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്തുന്നതിന് നമുക്ക് സാധ്യമായി. രണ്ടാംഘട്ടമുണ്ടായപ്പോള്‍ ആശങ്ക പിന്നെയും വര്‍ധിച്ചു. മരണനിരക്ക് ഉയര്‍ന്നേക്കുമെന്നും ഭീതിയുണ്ടായി. എന്നാല്‍ നിയന്ത്രണ വിധേയമായിരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്.

വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌തോഭജനകമായ അന്തരീക്ഷമായിരുന്നു കോഴിക്കോട് ജില്ലയിലും മലപ്പുറത്തിന്റെ പല ഭാഗങ്ങളിലും നിലനിന്നിരുന്നത്. അറിഞ്ഞിടത്തോളം ഭയാനകമായിരുന്നു ഈ വൈറസ് ബാധയുണ്ടായാലുള്ള അവസ്ഥ. അന്തിമകര്‍മങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്കുപോലും നടത്താന്‍ പാടില്ലെന്ന അവസ്ഥ. രോഗാവസ്ഥയില്‍ ചെന്ന് ആശ്വസിപ്പിക്കാനാകാത്ത ദൈന്യത. ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നു. ഉറ്റവരെ കാണാനാകാതെ മരണത്തിന് മുന്നില്‍ നില്‍ക്കേണ്ടി വന്നവരായിരുന്നു മരിച്ചവര്‍.

അങ്ങനെയൊരു ഘട്ടത്തിലും രോഗികളെ പരിചരിക്കാനും ശുശ്രൂഷിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ സന്നദ്ധമായി. സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവച്ചും ആശുപത്രികളില്‍ സകല സജ്ജീകരണങ്ങളൊരുക്കിയും സര്‍ക്കാര്‍ ജനകീയത പ്രകടിപ്പിച്ചു. അത് മഹത്തായൊരു മാതൃകയാണ്. കേരളത്തിന്റെ ആരോഗ്യപരിപാലന രംഗത്തിന്റെ വേറിട്ട അനുഭവമാണ് അതിന് പിന്‍ബലമായത്. ആരോഗ്യവകുപ്പിന്റെ ഓരോ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചുകൊണ്ട് ജനം കൂടെനിന്നുവെന്നതും എടുത്തു പറയേണ്ടതാണ്.

എന്നാല്‍ രോഗത്തെ ഭീകരമായി ചിത്രീകരിക്കുകയും ഭീതി പരത്തുകയും ചെയ്യുന്ന ദുഷ്ടബുദ്ധികള്‍ ഈ ഘട്ടത്തിലും വെറുതെയിരുന്നില്ല. പുതിയ കാലത്ത് സോഷ്യല്‍മീഡിയയെ ഉപയോഗിച്ചും അവര്‍ കൊണ്ടുപിടിച്ച് ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞാണ് ഭയാനകമായിരിക്കുമെന്ന് കരുതിയിരുന്ന രണ്ടാം ഘട്ടം നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചിരിക്കുന്നത്.

എങ്കിലും നിതാന്തജാഗ്രത തുടരേണ്ടതുണ്ട്. രോഗം പടരാതിരിക്കാനും ഇനിയും ഈ രോഗം വരാതിരിക്കാനുമുള്ള ജാഗ്രത. കാരണം ഉറവിടം കണ്ടെത്താന്‍ പോലും ഇനിയുമായിട്ടില്ല. അതൊരുപക്ഷേ നമ്മുടെയാരുടെയും കുറ്റമല്ല. വവ്വാലില്‍ നിന്നാണെന്നായിരുന്നു ആദ്യ നിഗമനം. അതല്ലെന്ന് ഒടുവില്‍ കണ്ടെത്തി. പിന്നീട് മറ്റുവിധത്തിലുള്ള അന്വേഷണങ്ങളും പരിശോധനകളും തുടരുകയാണ്.

1998ലാണ് മലേഷ്യയിലെ കാംപുങ് സുംഗായ് നിപാ മേഖലയില്‍ പടര്‍ന്നു പിടിച്ച മാരക മസ്തിഷ്‌ക ജ്വരത്തിന് കാരണമായ നിപാ വൈറസ് ആദ്യം കണ്ടെത്തിയത്. പിന്നീട് ലോകത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും ഈ വൈറസ് ബാധ കണ്ടെത്തുകയും മരണമുണ്ടാകുകയും ചെയ്തിട്ടുണ്ട്. ആദ്യ വൈറസ് ബാധ കണ്ടെത്തിയിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നിട്ടും അതിന് പ്രതിരോധമാര്‍ഗം കണ്ടെത്താനായില്ലെന്നത് നമ്മുടെ ആരോഗ്യശാസ്ത്ര മേഖലയുടെ പോരായ്മയാണ്.

ആരോഗ്യ പരിപാലന രംഗത്ത് മികച്ച നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. ഇക്കാര്യത്തില്‍ ലോക നിലവാരത്തിലാണ് കേരളം. അതുകൊണ്ടുതന്നെയാണ് മുന്‍കരുതലെടുത്തുകൊണ്ട് ഈ വൈറസിനെ പ്രതിരോധിക്കാന്‍ നമുക്കായത്. അവിടെ അവസാനിപ്പിച്ചുകൂടാ. ഇനിയത്തെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം രോഗം പടരാതിരിക്കാന്‍ മാത്രമുള്ളതാവരുത്, പ്രതിരോധമാര്‍ഗം കണ്ടെത്താനാകുമോ എന്ന അന്വേഷണം കൂടിയാവണം. ഇവിടെ വൈറസ് എത്തിയത് എങ്ങനെയാണെന്ന് കണ്ടുപിടിക്കാനുള്ള പരിശോധനകളും പരീക്ഷണങ്ങളും തുടരേണ്ടതുമുണ്ട്.