Tuesday
19 Mar 2019

സൂര്യാഘാതത്തെ കരുതിയിരിക്കുക

By: Web Desk | Friday 9 March 2018 7:13 PM IST


sun

കണ്ണൂര്‍: ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ത്തന്നെ അന്തരീക്ഷ താപം ക്രമാതീതമായി ഉയരുകയും കേരളത്തിലെ പല ജില്ലകളിലും സൂര്യതാപമേറ്റുള്ള പൊള്ളലുകളും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ധിക്കാനാണ് സാധ്യത. അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്.

സൂര്യാഘാതം
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാഘാതം അല്ലെങ്കില്‍ ഹീറ്റ് സ്‌ട്രോക്ക് എന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ ഇത്തരമൊരവസ്ഥ സാധാരണയായി ഉണ്ടാകാറില്ലെങ്കിലും ഇതേക്കുറിച്ചും ഇത്തരമൊരവസ്ഥ വരാതെ നോക്കാനുള്ള കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്.
വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍), വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേത്തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാതം മാരകമായേക്കാം. ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടേണ്ടതുമാണ്.

സൂര്യതാപമേറ്റുള്ള താപശരീര ശോഷണം
സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീരശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും, ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ചൂടുകാലാവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്തസമ്മര്‍ദ്ദം മുതലായ മറ്റു രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് അധികമായി കണ്ടുവരുന്നത്.
താപശരീരശോഷണത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും, ഛര്‍ദ്ദിയും, ബോധംകെട്ടു വീഴുക തുടങ്ങിയവയാണ്. ശരീരം തണുത്ത അവസ്ഥയിലും നാഡീമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുള്ളതും ശ്വസന നിരക്ക് വര്‍ധിച്ച തോതിലുമായിരിക്കാം. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീരശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതമേറ്റാല്‍ ഉടനടി ചെയ്യേണ്ടത്
സൂര്യാഘാതത്തിന്റെയും, താപശരീര ശോഷണത്തിന്റെയും സംശയം തോന്നിയാല്‍ ഉടന്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വെയിലുള്ള സ്ഥലത്തു നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുകയോ മാറ്റുകയോ ചെയ്യുക. വിശ്രമമെടുക്കുക. ശരീരതാപം 101 – 102 ഡിഗ്രി ഫാരന്‍ഹീറ്റില്‍ താഴെയാകുന്നതു വരെ തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുകയോ വീശുകയോ ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുകയോ ചെയ്യുക. ധാരാളം വെള്ളം കുടിക്കണം. കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റണം. കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്തോ ആശുപത്രിയിലോ എത്തിക്കുക.
സൂര്യതാപം കൊണ്ടുള്ള മറ്റ് ചെറു പ്രശ്‌നങ്ങള്‍ ഇവയാണ്.

സൂര്യതാപത്താല്‍ പൊള്ളലേക്കല്‍
നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറം ഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീര ഭാഗങ്ങളില്‍ സൂര്യതാപമേറ്റ് ചുവന്ന് തടിയ്ക്കുകയും, വേദനയും പൊള്ളലുമാണ് സാധാരണ ഉണ്ടാകുന്നത്. ചിലര്‍ക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റ് ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. ഇതിന് ഡോക്ടറെ കണ്ട് ചികിത്സയെടുക്കേണ്ടതാണ്.
ചൂടുകൊണ്ടുള്ള പേശീവലിവ്
അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലമാണ് പേശീവലിവുണ്ടാകുന്നത്. കൈകാലുകളിലും, ഉദരപേശികളിലുമാണ് കൂടുതലായി പേശീവലിവ് അനുഭവപ്പെടുന്നത്. പേശീവലിവ് അനുഭവപ്പെടുകയാണെങ്കില്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് വെയിലേല്‍ക്കാത്ത തണുപ്പുള്ള സ്ഥലത്തേക്ക് മാറുക. ധാരാളമായി വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കൂടുതല്‍ ഫലപ്രദമാണ്. ഏതാനും മണിക്കൂര്‍ നേരത്തേക്ക് ജോലി തുടരാതിരിക്കുക. ഉടനെ ജോലി തുടര്‍ന്നാല്‍ താപശരീര ശോഷണാവസ്ഥയിലേക്ക് പോയേക്കാം. കുറച്ച് സമയത്തിന് ശേഷവും ആശ്വാസം തോന്നുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കുക.

ചൂടുകൊണ്ടുള്ള ശരീര തിണര്‍പ്പ്
ചൂടുകാലത്ത് കൂടുതലായുണ്ടാകുന്ന വിയര്‍പ്പിനെത്തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ്‌റാഷ് എന്നു പറയുന്നത്. കുട്ടികളെ ഇത് കൂടുതലായി ബാധിക്കാറുണ്ട്. കഴുത്തിലും നെഞ്ചിന്റെ മുകള്‍ഭാഗങ്ങളി ലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ചിലര്‍ക്ക് കാലിന്റെ ഒടിയിലും കക്ഷത്തിലും സ്ത്രീകളിലും മാറിടത്തിന് താഴെയും ഇതുണ്ടാകാറുണ്ട്.

മുന്‍കരുതലുകള്‍ എന്തൊക്കെ

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2 – 4 ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരാങ്ങാവെള്ളവും കുടിക്കുക.
വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകിട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക.
കട്ടി കുറഞ്ഞ വെളുത്തതോ, ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറിനില്‍ക്കുകയും, വെള്ളം കുടിക്കുകയും ചെയ്യുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക
ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
പ്രായാധിക്യമുള്ളവരുടെയും (65 വയസ്സിന് മുകളില്‍) കുഞ്ഞുങ്ങളുടെയും (നാല് വയസ്സിന് താഴെയുള്ളവര്‍) മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്ന് ഇടുക.
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നത്/ചെലവഴിക്കുന്നത് ഒഴി വാക്കുക.
ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനെ വെയിലത്ത് നിന്ന് മാറി നില്‍ക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക.
അധികം വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എല്ലായ്‌പ്പോഴും ഉണങ്ങിയ അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക.
ധാരാളം വെള്ളം കുടിക്കുക.
പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.
ഡോക്ടറെക്കണ്ട് ചികിത്സയെടുക്കുക.