Thursday
27 Jun 2019

അലിഗഡ് സര്‍വകലാശാലക്ക് കൈമാറിയ ഭൂമി; തിരിച്ചെടുക്കുന്ന കാര്യം കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം പരിഗണിക്കും

By: Web Desk | Wednesday 12 June 2019 5:44 PM IST


തിരുവനന്തപുരം: അലിഗഡ് സര്‍വകലാശാലക്ക് കൈമാറിയ 385 ഏക്കര്‍ ഭൂമി, കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം തിരിച്ചെടുക്കണമോന്ന് ആലോചിക്കുമെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട് പോകാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ സംസ്ഥാനതലത്തില്‍ വിദ്യാഭ്യാസ പദ്ധതികള്‍ ഈ സ്ഥലത്ത് നടപ്പാക്കുന്നത് പരിഗണിക്കും. ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്ത് നല്‍കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായത്. നിലവില്‍ മൂന്ന് കോഴ്‌സുകള്‍ മാത്രമാണ് ഇവിടെയുള്ളത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തും. എന്നാല്‍ യൂണിവേഴ്‌സിറ്റിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെങ്കില്‍ ഈ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.

സംസ്ഥാനത്ത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അടുത്ത അധ്യായന വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള എല്ലാ സര്‍വകലാശാലകളുടെയും വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളെ ഓപ്പണ്‍ സര്‍വകലാശാലകളുടെ മേഖലാ കേന്ദ്രങ്ങളാക്കും. ഇതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ഥികളായി മാറും.

സര്‍വകലാശാലകളുടെ ഏകീകൃത കലണ്ടര്‍ 75 ശതമാനം പൂര്‍ത്തിയായി.ഇതിന്റെ ഭാഗമായി ജൂണ്‍ 24ന് ഡിഗ്രി വിദ്യാര്‍ഥികളുടെയും ജൂണ്‍ 30ന് പിജി വിദ്യാര്‍ഥികളുടെയും ക്ലാസുകള്‍ ആരംഭിക്കും. അടുത്ത അധ്യായന വര്‍ഷം ഒന്നു മുതല്‍ പിജി തലം വരെ ഒറ്റ ദിവസം ക്ലാസുകള്‍ ആരംഭിക്കും. മുഹമ്മദ് മുഹ്‌സിന്‍, എഎന്‍ ഷംസീര്‍, കെഎസ് ശബരീനാഥ്, മഞ്ഞളാംകുഴി അലി, എംകെ മുനീര്‍, ടിവി ഇബ്രാഹിം, സി മമ്മൂട്ടി, പിടിഎ റഹീം, റോഷി അഗസ്റ്റിന്‍, എം ഉമ്മര്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യങ്ങളുള്ള സര്‍ക്കാര്‍ എയിഡഡ് കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും. എഞ്ചിനിയറിങ് കോളജുകളില്‍ ഈ വര്‍ഷം ആരംഭിച്ച ന്യൂജന്‍ കോഴ്‌സുകളായ ഫുഡ് ടെക്‌നോളജി, ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിസൈന്‍ എഞ്ചിനിയറിംഗ്, റോബോട്ടിക് ഓട്ടേമേഷന്‍ എന്നിവ അടുത്ത അധ്യായന വര്‍ഷം വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.