ഇറാനില്‍ കനത്ത ആഘാതം സൃഷ്ടിച്ച ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഖമേനി പറഞ്ഞു.വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി അടക്കം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്ത്‌നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതികരണംവരുന്നത്.
ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം കടുത്ത ശിക്ഷ കാത്തിരിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കി. മഹത്തായ ഇറാനിയന്‍ ജനതയ്ക്ക് എന്ന് പറഞ്ഞുകൊണ്ടാണ് ഖമേനിയുടെ സന്ദേശം ആരംഭിക്കുന്നത്. സയണിസ്റ്റ് ഭരണകൂടം അതിന്റെ ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാല്‍ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ഒരു കുറ്റകൃത്യം നടത്തി. താമസസ്ഥലങ്ങളടക്കം ആക്രമിച്ചതിലൂടെ അതിന്റെ ദുഷ്ട സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇതിനുള്ള കടുത്ത പ്രതികരണം ഇസ്രയേല്‍ ഭരണകൂടം കാത്തിരിക്കണം ഖമേനി പറഞ്ഞു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും ആയത്തൊള്ള ഖമേനി സ്ഥിരീകരിച്ചു.ആക്രമണങ്ങളില്‍ നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ പിന്‍ഗാമികളും സഹപ്രവര്‍ത്തകരും ഉടന്‍ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുംഖമേനി പറഞ്ഞു. ഈ കുറ്റകൃത്യത്തിലൂടെ, സയണിസ്റ്റ് ഭരണകൂടം ഒരു കയ്‌പേറിയതും വേദന നിറഞ്ഞതുമായ വിധി സ്വയം രചിച്ചിട്ടുണ്ട്. ആ വിധി അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഖമേനി വ്യക്തമാക്കി. അതേസമയം യുഎസിന്റെ പിന്തുണയോടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈനിക വാക്താവ് ആരോപിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് യുഎസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.