ക്വിറ്റിന്ത്യാ സമരം

Web Desk
Posted on August 08, 2019, 7:38 am

വി ദത്തന്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ബഹുജന പ്രക്ഷോഭമാണ് ക്വിറ്റിന്ത്യാ സമരം. ഓഗസ്റ്റ് വിപ്ലവം എന്നും ഇതിനു പേരുണ്ട്. 1942 മാര്‍ച്ച് ആദ്യം ഗാന്ധിജി ‘ഹരിജന്‍’ വാരികയിലെഴുതിയ ലേഖനത്തില്‍ ബ്രിട്ടനോട് ഇന്ത്യ വിടാനാഹ്വാനം ചെയ്തതോടെ ‘ക്വിറ്റ് ഇന്ത്യാ’ സമരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി എന്ന് പറയാം. 1942 ജൂലൈ 6 മുതല്‍ 14 വരെ വാര്‍ധയില്‍ യോഗം ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകസമിതി ബഹുജനപ്രക്ഷോഭം ആരംഭിക്കേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഒരു പ്രമേയം അംഗീകരിച്ചു. അതനുസരിച്ച് 1942 ഓഗസ്റ്റ് 7, 8 തീയതികളില്‍ ബോംബെയിലെ മലബാര്‍ ഹില്ലില്‍ ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നു. മൗലാനാ ആസാദിന്റെ അധ്യക്ഷതയില്‍ നടന്ന ഈ യോഗത്തില്‍ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാനാവശ്യപ്പെടുന്ന ‘ക്വിറ്റ് ഇന്ത്യാ’ പ്രമേയം ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിക്കുകയും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പിന്താങ്ങുകയും ചെയ്തു.
ഇത്തരം ഒരു കടുത്ത പ്രക്ഷോഭത്തിലേക്ക് നയിക്കുന്നതിന് ഒരു പശ്ചാത്തലമുണ്ട്. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ക്ക് ക്ഷീണം സംഭവിക്കുന്നെന്ന് ഒരു ഘട്ടത്തില്‍ തോന്നിത്തുടങ്ങി. ആ സാഹചര്യത്തില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ ജനതയുടെ പൂര്‍ണ പിന്തുണ തേടാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമായി. അതിനുവേണ്ടി അന്നത്തെ ബ്രിട്ടീഷ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ സര്‍ സ്റ്റാഫോഡ് ക്രിപ്‌സിന്റെ നേതൃത്വത്തില്‍ ഉള്ള ഒരു ദൗത്യ സംഘം 1942 ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനൊപ്പം നില്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു പൂര്‍ണ സ്വയംഭരണാധികാര പദവി (ഡൊമിനിയന്‍ പദവി) നല്‍കാമെന്നതായിരുന്നു ക്രിപ്‌സ് മിഷന്റെ വാഗ്ദാനം.അതും യുദ്ധത്തിനു ശേഷം മാത്രം. ഇത് ഗാന്ധിജിയ്ക്കും കൂട്ടര്‍ക്കും സ്വീകാര്യമായിരുന്നില്ല. ക്രിപ്‌സ് മിഷന്‍ നിര്‍ദ്ദേശത്തെ, ‘തകര്‍ന്നുകൊണ്ടിരിക്കുന്ന ബാങ്കില്‍ മാറാവുന്ന കാലഹരണപ്പെട്ട ചെക്ക്’ എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്.
തുടര്‍ന്ന് ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’ എന്ന അര്‍ഥത്തില്‍ ‘ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യവുമായി സമരത്തിനു ഗാന്ധിജി ആഹ്വാനം നല്‍കി. സമര പ്രഖ്യാപനം വന്ന ഓഗസ്റ്റ് 8 അര്‍ധരാത്രിയ്ക്ക് മുമ്പ് തന്നെ ഗാന്ധിജി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെയെല്ലാം ബ്രിട്ടീഷ് ഗവണ്മെന്റ് അറസ്റ്റുചെയ്തു തുറുങ്കിലടച്ചു. 1942 ഓഗസ്റ്റ് 9 മുതല്‍ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി. ജനങ്ങള്‍ സമരം ഏറ്റെടുത്തു.”പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക (ഡു ഓര്‍ ഡൈ) എന്ന ഗാന്ധിജിയുടെ ആഹ്വാനം ജനകോടികളെ ആവേശം കൊള്ളിച്ചു. പൊലീസും പട്ടാളവും രാജ്യത്താകെ ഭീകരമര്‍ദ്ദനം അഴിച്ചുവിട്ടു. വെടിവയ്പും കണ്ണീര്‍വാതക പ്രയോഗവും മിക്കയിടത്തും നടത്തി. വിമാനത്തില്‍ നിന്നുള്ള വെടിവയ്പുകളുമുണ്ടായി. പത്രങ്ങള്‍ കണ്ടുകെട്ടി. ഒളിവില്‍ നിന്ന് വിപ്ലവകാരികള്‍ കല്ലച്ചിലും മറ്റും ബുള്ളറ്റിനിറക്കി ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സഹികെട്ട ജനങ്ങള്‍ റയില്‍വേകള്‍ നശിപ്പിച്ചു, വണ്ടികള്‍ ആക്രമിച്ചു, സര്‍ക്കാര്‍ ഓഫീസുകള്‍ കത്തിച്ചു, ഗവണ്‍മെന്റ് സ്വത്തുക്കള്‍ നശിപ്പിച്ചു, ടെലിഫോണ്‍ കമ്പികള്‍ മുറിച്ചു, പാലങ്ങള്‍ പൊളിച്ചു, ഹര്‍ത്താലുകളും പ്രകടനങ്ങളും പൊതുയോഗങ്ങളും സാധാരണമായി. ജനങ്ങള്‍ എല്ലാ സമരമാര്‍ഗങ്ങളും ഉപയോഗിച്ചു. ബ്രിട്ടനെ പിന്തുണച്ച മുസ്‌ലിംലീഗും ഹിന്ദു മഹാസഭയും ചില പ്രാദേശിക പാര്‍ട്ടികളും ഒഴികെയുള്ള ഇന്ത്യാക്കാര്‍ ഒന്നടങ്കം സമരത്തില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളും യുവജനങ്ങളും തൊഴിലാളികളും തെരുവിലിറങ്ങി. പല സ്ഥലങ്ങളിലായി പൊലീസും പട്ടാളവും ചേര്‍ന്നു 538 പ്രാവശ്യം വെടിവച്ചു. വെടിവയ്പില്‍ മാത്രം 940 പേര്‍ മരിച്ചു. രാജ്യത്തൊട്ടാകെ ഏകദേശം 25000 ല്‍ അധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 60,000 ലേറെ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അക്രമത്തെക്കുറിച്ചു വൈസ്രോയി ജയിലില്‍ കഴിയുന്ന ഗാന്ധിജിക്കെഴുതിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘സ്വാതന്ത്ര്യസമര ഭടന്‍മാര്‍ നടത്തുന്നതായി പറയപ്പെടുന്ന ഹിംസയെപ്പറ്റി സംസാരിക്കും മുമ്പ്, പ്രസ്ഥാനത്തെയാകെ ചോരയും ഇരുമ്പുമുപയോഗിച്ച് അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ഭരണാധികാരികള്‍ അവരുടെ മൃഗീയ ഹിംസ ആദ്യം നിര്‍ത്തട്ടെ’ എന്നാണ്.അഹിംസയുടെ പ്രചാരകനായ ഗാന്ധിജിക്കുപോലും സഹിക്കാനോ പൊറുക്കാനോ വയ്യാത്തത്ര ക്രൂരതകളാണ് സമരക്കാര്‍ക്ക് നേരെ ഭരണകൂടം കാട്ടിയത്.
1944 ആദ്യം ഗാന്ധിജിയെ ജയില്‍ മോചിതനാക്കിയെങ്കിലും.മറ്റുള്ളവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നിരാഹാരം ആരംഭിച്ചതിനാല്‍ താമസിയാതെ അവരെയും സ്വതന്ത്രരാക്കി. പക്ഷേ സമരത്തില്‍ ആവശ്യപ്പെട്ടപോലെ ബ്രിട്ടീഷുകാര്‍ ഉടനെ ഇന്ത്യ വിട്ടുപോയില്ല. അതിന്റെ പേരില്‍ ഗാന്ധിജിക്കും കോണ്‍ഗ്രസിനും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഇന്ത്യാക്കാരുടെ ഐക്യവും പോരാട്ടവീര്യവും ബ്രിട്ടീഷ് ഭരണകൂടത്തിനെ ബോധ്യപ്പെടുത്താന്‍ ഈ സമരം ഉപകരിച്ചു എന്നത് സത്യമാണ്. മൂന്നു വര്‍ഷത്തിനകം ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിക്കപ്പെട്ടതും ക്വിറ്റിന്ത്യാ സമരത്തിന്റെ ഫലമായിട്ടായിരുന്നു.