കോതമംഗലം: സംസ്ഥാനത്തെ മുഴുവൻ സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളെയും ഉന്നത നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പ്രസ്താവിച്ചു. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ഫെസ്റ്റിന്റെയും നാടൻ ഭക്ഷണ വിപണന മേളയുടെയുടെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 63 സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളും നവീകരണത്തിന്റെ പാതയിലാണ്.ഇതിൽ തന്നെ മുൻ പന്തിയിൽ നിൽക്കുന്നത് നേര്യമംഗലം ഫാമാണ്. മൂന്നാറിന്റെ ഇടത്താവളമെന്ന നിലയിൽ ജില്ലാ ഫാമിനെ മാറ്റിയെടുക്കും. ഒരു വർഷം ചുരുങ്ങിയത് 3 ലക്ഷം സഞ്ചാരികളെയെങ്കിലും ഇവിടെ എത്തിക്കുകയാണ് ലക്ഷ്യം. സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് തന്നെ ഈ പദ്ധതികൾ പൂർണമായും നടപ്പാക്കും. ഇതിനായി 50 കോടിയുടെ വിവിധ പദ്ധതികളാണ് ഫാമിൽ സർക്കാർ നടപ്പാക്കുന്നത്. ഇതിൽ 20 കോടി അനുവദിച്ചു കഴിഞ്ഞു.
കൃഷിത്തോട്ടങ്ങള്‍ മെച്ചപ്പെടണമെങ്കില്‍ അതിലെ തൊഴിലാളികൾ സംതൃപ്തരാകണം. ഈ ലക്ഷ്യത്തോടെയാണ് ഫാമുകളിലെ തൊഴിലാളികളുടെ ശമ്പളവർധനവ് അടക്കമുള്ള കാര്യങ്ങൾ സർക്കാർ നടപ്പാക്കിയത്. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 320 രൂപയായിരുന്ന കൂലി ഇപ്പോൾ 850 രൂപയാണ്. കൂടാതെ കൂടുതൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി പ്രവർത്തിച്ചാൽ ഒരു ഫാം എങ്ങനെ മികച രീതിയിലാക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടമെന്നും മന്ത്രി കൂട്ടി ചേർത്തു.
ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആർ.കെ.വി.വൈ പദ്ധതികളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പിയും ഐ.എഫ്.എസ് പദ്ധതികളുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സരളാമോഹൻ, അംഗം കെ.റ്റി.അബ്രഹാം, ഗ്രാമപഞ്ചായത്തംഗം ഉലഹന്നാൻ ജോസ്, യൂണിയൻ ഭാരവാഹികളായ പി.എം.ശിവൻ, എം.വി.യാക്കോബ്, സിറിൽ ദാസ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കൃഷി ഓഫീസർ സിബി ജോസഫ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി സ്വാഗതവും ഫാം സൂപ്രണ്ട് തോമസ് സാമുവൽ നന്ദിയും പറഞ്ഞു. 43 വർഷമായി തരിശായി കിടന്ന ഫാമിലെ ഭൂമിയിൽ കൃഷിയിറക്കിയ രക്തശാലി നെല്ലിന്റെ വിളവെടുപ്പും മന്ത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഫാമിൽ നിന്ന് വിളവെടുത്ത സാമഗ്രികൾ ചേർത്തുണ്ടാക്കിയ നാടൻ ഫുഡ് ഫെസ്റ്റും ശ്രദ്ധേയമായി.
English Summary: VS Sunil kumar says that all farms in the state will be upgraded.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.