5 October 2024, Saturday
KSFE Galaxy Chits Banner 2

എല്ലാം ഒരേയൊരു അഡാനിക്കു വേണ്ടി

Janayugom Webdesk
September 6, 2024 5:00 am

രേന്ദ്രമോഡി 2002ൽ ഗുജറാത്തിൽ മുഖ്യമന്ത്രിയായതിനു ശേഷം കേട്ടുതുടങ്ങുകയും 2014ൽ പ്രധാനമന്ത്രിയായതിനു ശേഷം അതിസമ്പന്നരുടെ പട്ടികയിലേയ്ക്ക് അതിവേഗം കയറിക്കൂടുകയും ചെയ്ത പേരാണ് ഗൗതം അഡാനിയുടേത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പേരിൽ അഡാനി അനർഹമായി കൈക്കലാക്കുന്ന ആനുകൂല്യങ്ങളും നടത്തുന്ന ക്രമക്കേടുകളും ആവർത്തിച്ചുള്ള വാർത്തകളാണ്. പാപ്പരത്ത നടപടി പ്രകാരം (ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്റ്റ്സി കോഡ് — ഐബിസി) വായ്പാ കുടിശികയായി കിട്ടേണ്ട പതിനായിരക്കണക്കിന് കോടി രൂപ അഡാനിക്കു വേണ്ടി രാജ്യത്തെ പ്രമുഖ ബാങ്കുകൾ വെട്ടിക്കുറവ് വരുത്തിയെന്ന വെളിപ്പെടുത്തൽ അതിൽ അവസാനത്തേതാണ്. ബാങ്ക് ജീവനക്കാരുടെ പ്രമുഖ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷ (എഐബിഇഎ) നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. 2016ൽ മോഡി സർക്കാർ കൊണ്ടുവന്ന ഐബിസി, അഡാനിയെ സഹായിക്കാനാണെന്ന് തോന്നുന്ന വിധത്തിലാണ് കാര്യങ്ങൾ. വിവിധ കമ്പനികളിൽ നിന്ന് ലഭിക്കേണ്ട തുകയ്ക്കുവേണ്ടി ബാങ്കുകൾ നടപടി തുടങ്ങുമ്പോൾ രക്ഷപ്പെടുന്നതിന് പ്രസ്തുത സ്ഥാപനങ്ങൾ പാപ്പരത്ത നടപടികൾക്കായി അവകാശമുന്നയിക്കുന്നു. ഈ ഘട്ടത്തിൽ സ്ഥാപനം അഡാനി സ്വന്തമാക്കുകയും ബാങ്കുകൾ കിട്ടേണ്ട തുകയിൽ വൻ വെട്ടിക്കുറവ് നൽകുകയും ചെയ്യുന്നു. ഫലത്തിൽ പാപ്പരത്ത കോഡ്, കൈ നനയാതെയും വായ്പാ കുടിശികയോ ബാധ്യതകളോ ഇല്ലാതെയും അഡാനിക്ക് സംരംഭങ്ങൾ സ്വന്തമാക്കുന്നതിനുള്ള സാഹചര്യമൊരുക്കാൻ രൂപപ്പെടുത്തിയതാണെന്നാണ് വിവരങ്ങളി‍ൽ നിന്ന് വ്യക്തമാകുന്നത്.


നിലവാരം കുറഞ്ഞ കല്‍ക്കരി; അഡാനി കുംഭകോണം


2016ൽ പാപ്പരത്ത നിയമത്തിനുശേഷം 2018 മുതലുള്ള ആറുവർഷത്തിനിടെ പത്തിലധികം കമ്പനികളെ അഡാനി തങ്ങളുടെ ഭാഗമാക്കി. കിട്ടാനുള്ള തുകയിൽ ശരാശരി 70 ശതമാനം ഇളവ് നൽകിയാണ് ബാങ്കുകൾ അഡാനിയെ സഹായിച്ചത്. ഹൗസിങ് ഡെവലപ്മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (എച്ച്ഡിഐഎൽ), റേഡിയസ് എസ്റ്റേറ്റ്സ് ആന്റ് ഡെവലപ്പേഴ്സ്, നാഷണൽ റയോൺ കോർപറേഷൻ, എസ്സാർ പവർ, ദിഗി പോർട്ട്, ലാൻകോ പവർ, കോസ്റ്റൽ എനർജെൻ, ആദിത്യ എസ്റ്റേറ്റ്, കാരയ്ക്കൽ തുറമുഖം, കോർബ വെസ്റ്റ് പവർ എന്നീ സംരംഭങ്ങളെയാണ് കേന്ദ്ര സർക്കാർ, ബാങ്കുകൾ എന്നിവയുടെ ഒത്താശയോടെ ചുളുവിലയ്ക്ക് അഡാനിക്ക് കൈക്കലാക്കാനായത്. ഇതിൽ വായ്പ തിരിച്ചടയ്ക്കുന്നതിൽ ബോധപൂർവം വീഴ്ച വരുത്തിയവരെന്ന് ചില ബാങ്കുകൾ പ്രഖ്യാപിച്ച വ്യക്തികൾ ഉടമകളായ സ്ഥാപനങ്ങളുമുണ്ട്. എച്ച്ഡിഐഎല്ലിന്റെ നടത്തിപ്പുകാരിൽ ചിലർ അങ്ങനെ പ്രഖ്യാപിക്കപ്പെട്ടവരായിരുന്നു. പാപ്പരത്ത നിയമപ്രകാരമുള്ള നടപടി പ്രകാരം അവരെല്ലാം വരുത്തിവച്ച വായ്പകളിലും ഇളവ് നൽകി. ഓരോ കമ്പനികളും ഏർപ്പെട്ടിരിക്കുന്ന വ്യാപാര മേഖലയ്ക്ക് സമാനമായ പേരിൽ കെട്ടിപ്പൊക്കിയ അഡാനി കമ്പനികൾക്കാണ് ഇളവുകൾ ലഭ്യമായതെന്ന പ്രത്യേകതയുമുണ്ട്. പാപ്പരത്ത നടപടികൾക്ക് വിധേയമായ കമ്പനികൾ 61,832 കോടി രൂപയാണ് ബാങ്കുകൾക്ക് നൽകേണ്ടിയിരുന്നത്. ഈ കമ്പനികളെ അഡാനി ഏറ്റെടുത്തപ്പോൾ 15,977 കോടി രൂപയ്ക്ക് തീർപ്പാക്കുകയാണ് ചെയ്തത്. 46 മുതൽ 96 ശതമാനം വരെ ഇളവുകൾ നൽകി. എച്ച്ഡിഐഎൽ, റേഡിയസ് എസ്റ്റേറ്റ്സ് ആന്റ് ഡെവലപ്പേഴ്സ് എന്നിവയുടെ പേരിലാണ് 96 ശതമാനത്തിന്റെ നേട്ടമുണ്ടായത്. മോഡിച്ചങ്ങാതിമാർക്കും ഇതര കോർപറേറ്റുകൾക്കും വൻ തോതിലുള്ള ഇളവുകൾ നൽകുന്ന ഇതേ ബാങ്കുകളാണ് വയനാട്ടിൽ വായ്പയുള്ള ദുരിതബാധിതന്റെ അക്കൗണ്ടിലേയ്ക്ക് സർക്കാർ സഹായധനമായി നൽകിയ പണം പോലും ഈടാക്കിയതെന്നും കൂട്ടിവായിക്കണം.


ഇലക്ടറല്‍ ബോണ്ട്: ബിജെപിക്കായി അഡാനിയും പണമൊഴുക്കി


അഡാനിയുടെ അസാധാരണമായ വളർച്ചയ്ക്ക് വളം നൽകിയത് ഗുജറാത്ത് മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമെന്ന നിലയിൽ മോഡിയുമായുള്ള ചങ്ങാത്തമാണെന്ന് വിവിധ കോണുകളിൽ നിന്നുള്ള വെളിപ്പെടുത്തലുകൾ നേരത്തെതന്നെ ഉള്ളതാണ്. രാജ്യം അതുവരെ കേട്ടിരുന്ന അതിസമ്പന്നർക്ക് സാമ്പത്തികമായ കുടുംബ പശ്ചാത്തലമുണ്ടായിരുന്നുവെങ്കിൽ അതൊന്നുമില്ലാതെയായിരുന്നു വ്യവസായ — വാണിജ്യ രംഗത്തേയ്ക്കുള്ള അഡാനിയുടെ കടന്നുവരവ്. മോഡിയുടെ അധികാരാരോഹണത്തോടെ വളരെ പെട്ടെന്ന് വളരുകയും സാമ്രാജ്യമായി പടരുകയും, അതുവരെ കേട്ടിരുന്ന അതിസമ്പന്നരെ മുഴുവൻ പിന്നിലാക്കി കുതിക്കുകയുമായിരുന്നു. ആദ്യകാലത്ത് ഗുജറാത്തിൽ കോൺഗ്രസിന്റെ ചെറിയ സഹായങ്ങൾ ലഭിച്ചിരുന്നുവെങ്കിലും നരേന്ദ്ര മോഡി മുഖ്യമന്ത്രിയായതോടെ സഹായങ്ങൾക്ക് പരിധിയില്ലാതായി. വിദേശത്തേയ്ക്കും വഴിതുറന്ന ബന്ധമായിരുന്നു അത്. മോഡി പ്രധാനമന്ത്രി ആയതോടെ പൊതുമേഖലാ സ്വകാര്യവൽക്കരണമെന്നത് അഡാനിക്കു വേണ്ടി എന്ന നിലയിലായി. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കൽക്കരി ഇറക്കുമതി, ഖനനം, ഭൂമി കച്ചവടം എന്നിങ്ങനെ അഡാനിയില്ലാത്ത മേഖലകൾ ഇല്ലാതായി. അഡാനിക്കെതിരെ ഏത് രീതിയിലുള്ള ആരോപണങ്ങൾ പുറത്തുവരുമ്പോഴും അതിന്റെയൊരു കണ്ണി നരേന്ദ്ര മോഡിയുമായി (കേന്ദ്ര സർക്കാരുമായി) ബന്ധപ്പെട്ട് നിൽക്കുന്ന സാഹചര്യമുണ്ടായി. പക്ഷേ മോഡിക്കോ ബിജെപിക്കോ മാത്രം കുലുക്കമുണ്ടായില്ല. എന്നുമാത്രമല്ല അഡാനിയെ കുറിച്ചോ അദ്ദേഹത്തിനെതിരായ ആരോപണങ്ങളെ കുറിച്ചോ ജനപ്രതിനിധിസഭകളിൽ പോലും പറയാൻ പാടില്ലെന്ന തിട്ടൂരം, അധികാരദുര മൂത്ത ബിജെപി മൃഗീയ ഭൂരിപക്ഷത്തിൽ ഭരിച്ച കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാം കേട്ടതുമാണ്. ഒരേയൊരു അഡാനിക്കു വേണ്ടി മോഡിയുടെ ഒത്താശയോടെ ബാങ്കുകൾ നടത്തുന്ന ഇത്തരം വഴിവിട്ട നീക്കങ്ങൾ കുറ്റകൃത്യമായി പരിഗണിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.