സത്യഗ്രഹം, നിയമയുദ്ധം

Web Desk
Posted on February 04, 2019, 10:49 pm

കൊല്‍ക്കത്ത: കേന്ദ്രവുമായുള്ള ഉരസലിനെത്തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സത്യഗ്രഹ സമരം തുടരുന്നു. മമതയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം നിരവധി പ്രതിപക്ഷനേതാക്കളും രംഗത്തെത്തി. അതേസമയം വിഷയം നിയമയുദ്ധത്തിലേക്കും നീങ്ങി.
ഭരണഘടനയെ സംരക്ഷിക്കുക എന്ന ആവശ്യവുമായി കൊല്‍ക്കത്ത മെട്രോ ചാനലിലാണ് മമത ബാനര്‍ജി സത്യാഗ്രഹമിരിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ മെരുക്കാന്‍ ബിജെപി സര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ആരോപണം. നരേന്ദ്ര മോഡി ബംഗാളില്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. ബംഗാളിലെ സംഭവങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ്, എം കെ സ്റ്റാലിന്‍, ശരത് പവാര്‍, ചന്ദ്രബാബുനായിഡു തുടങ്ങിയ നേതാക്കളും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വി യാദവ്, കനിമൊഴി എന്നിവര്‍ കൊല്‍ക്കത്തയിലെത്തി നേരിട്ടുകണ്ട് പിന്തുണ അറിയിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള തൃണമൂല്‍ പ്രവര്‍ത്തകര്‍ ധര്‍ണ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ ്.
അതേസമയം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിജിപിയില്‍ നിന്നും ഗവര്‍ണര്‍ വിവരങ്ങള്‍ തേടിയിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ ഗവര്‍ണ്ണറെ നേരില്‍ കണ്ട് വിവരങ്ങള്‍ അറിയിച്ചു. ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടറുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഗവര്‍ണറെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അന്വേഷിച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.
ചിട്ടി തട്ടിപ്പ് കേസില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മിഷണറെ സിബിഐ അറസ്റ്റ് ചെയ്യാനെത്തിയതോടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. കമ്മിഷണര്‍ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് സിബിഐ ഓഫിസ് വളയുകയും ചെയ്തതോടെ സിആര്‍പിഎഫിനെ കേന്ദ്രം വിന്യസിക്കുകയും ചെയ്തു. തുടര്‍ന്നാണ് വിഷയം നിയമയുദ്ധത്തിലേക്ക് നീങ്ങിയത്.
സംസ്ഥാനത്ത് സിബിഐ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധമാണ് നടത്തുന്നത്. പലയിടത്തും ബിജെപി ഓഫിസുകള്‍ അടിച്ചുതകര്‍ത്തു. മമതയുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച ഡാര്‍ജിലിങ്ങില്‍ കൂറ്റന്‍ റാലി നടത്തി.

തെളിവ് എവിടെയെന്ന് സുപ്രീംകോടതി

കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ക്കെതിരെ തെളിവ് ഹാജരാക്കണമെന്ന് സിബിഐയോട് സുപ്രീം കോടതി. ബംഗാള്‍ സര്‍ക്കാരിനെതിരായി സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം.
സിബിഐ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്നാണ് ചീഫ് ജസ്റ്റിസ് പരോക്ഷമായി സൂചിപ്പിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് രണ്ട് അപേക്ഷയാണ് സിബിഐ സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് സഹകരിക്കണമെന്ന് നിര്‍ദ്ദേശിക്കണം, ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനുമെതിരെയുള്ള കോടതിയലക്ഷ്യ അപേക്ഷ പരിഗണിക്കണം എന്നിവയായിരുന്നു സിബിഐയുടെ ആവശ്യം.
എന്തിനാണ് ഇത്ര തിടുക്കമെന്ന് ചീഫ് ജസ്റ്റിസ് സിബിഐയോട് ആരാഞ്ഞു. നിങ്ങളുടെ അപേക്ഷ വായിച്ചതുകൊണ്ടാണ് ഞങ്ങള്‍ കോടതിയിലെത്താന്‍ കുറച്ചു സമയം വൈകിയത്. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് അതില്‍ യാതൊരു തെളിവുമില്ല. ചീഫ് ജസ്റ്റിസ് പറഞ്ഞു. തെളിവ് നശിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കണം. വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറാകാത്തത് സിബിഐക്ക് തിരിച്ചടിയായി. ബംഗാളില്‍ അസാധാരണ സാഹചര്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു സിബിഐ നടപടി എന്നായിരുന്നു ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്. കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ 2014 മേയ് 9 ന് സുപ്രീംകോടതി ഉത്തരവിട്ടതാണ്. എന്നാല്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലല്ല. അതിനാല്‍ സംസ്ഥാനത്തെ നടപടികള്‍ക്ക് മുന്‍പ് സിബിഐ തങ്ങളോട് ചോദിക്കണമായിരുന്നു എന്നും സര്‍ക്കാര്‍ വാദിച്ചു.
മനു അഭിഷേക് സിങ്‌വിയാണ് ബംഗാളിനുവേണ്ടി ഹാജരായത്.